യു.എ.ഇ-കൊച്ചി യാത്രക്കാര്‍ കുടുങ്ങി; വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക്

ദുബായ്- ഈദ് അവധിക്ക് നാട്ടിലെത്താനുളള പ്രവാസികളുടെ മോഹത്തിന് തടയിട്ട് കനത്ത മഴ. നൂറുകണക്കിന് യാത്രക്കാര്‍ ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങി. ഇന്നും നാളെയുമായി യാത്ര ചെയ്യാനിരുന്നവര്‍ കൊച്ചി വിമാനത്താവളം അടച്ചതോടെ ഇനി എപ്പോള്‍ പോകാനാവുമെന്ന ആശങ്കയിലാണ്. കരിപ്പൂര്‍ വിമാനത്താവളത്തിലും മഴ വിമാന സര്‍വീസുകളെ ബാധിച്ചു.
ഞായറാഴ്ച ഉച്ചക്ക് മൂന്നു വരെയാണ് കൊച്ചി വിമാനത്താവളം അടച്ചത്. ടാക്‌സിവേയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്നാണിത്. ഇവിടേക്കുള്ള ചില വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചുവിടും.
യു.എ.ഇയില്‍നിന്ന് കൊച്ചിയിലേക്കുള്ള വിമാനങ്ങളില്‍ പലതും റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിരിക്കുകയാണ്. ടിക്കറ്റുകള്‍ റീബുക്ക് ചെയ്യുന്നതിന് അധിക വില ഈടാക്കില്ലെന്ന് ഇത്തിഹാദും എയര്‍ ഇന്ത്യയും അറിയിച്ചിട്ടുണ്ട്. 11 ാം തീയതി വരെയാണ് ഈ ആനുകൂല്യം.
യു.എ.ഇ-കൊച്ചി റൂട്ടിലുള്ള എല്ലാ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്കും ഇത് ബാധകമായിരിക്കും. അബുദാബിയില്‍നിന്നും ദുബായില്‍നിന്നുമുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ തിരുവനന്തപുരത്തും ഷാര്‍ജയില്‍നിന്നുള്ളവ കോഴിക്കോട്ടുമിറക്കാനാണ് ഇപ്പോള്‍ തീരുമാനമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
കോഴിക്കോട് എയര്‍പോര്‍ട്ടില്‍ വിമാനങ്ങള്‍ ഇറക്കാനുള്ള സാധ്യത എന്തുമാത്രമാണെന്നത് വ്യക്തമല്ലെന്നും അധികൃതര്‍ പറഞ്ഞു. അവിടെ വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനാവുന്നില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. എമിറേറ്റ്‌സ്, ഇത്തിഹാദ് വിമാനങ്ങള്‍ തിരുവനന്തപുരത്ത് ഇറങ്ങും. യു.എ.ഇയില്‍നിന്ന് പുറപ്പെടുന്ന സമയങ്ങളില്‍ മാറ്റമുണ്ട്. പുതിയ സമയത്തിന് ബന്ധപ്പെട്ട എയര്‍ലൈന്‍ വെബ്‌സൈറ്റുകള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

 

 

Latest News