തീര്‍ഥാടക ലക്ഷങ്ങള്‍ മിനായില്‍; ഹജ് കര്‍മങ്ങള്‍ക്ക് തുടക്കം

മക്ക- ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ഇരുപത് ലക്ഷത്തിലേറെ തീര്‍ഥാടകര്‍ ഹജ് കര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ചു. അല്ലാഹുവിന്റെ അതിഥികളായി എത്തിയ തീര്‍ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയതായും പഴുതുകളില്ലാത്ത സുരക്ഷ ഉറപ്പാക്കിയതായും സുരക്ഷാ സേനാ വക്താവ് ബസ്സാം അതിയ പറഞ്ഞു.
സൗദിക്കകത്തുനിന്നുള്ള ഹാജിമാരടക്കം 25 ലക്ഷം തീര്‍ഥാടകരാണ് വിശുദ്ധ കര്‍മം നിര്‍വഹിക്കുന്നത്. ഇക്കുറി 18 ലക്ഷം ഹജ് വിസകള്‍ ഓണ്‍ലൈനായാണ് നല്‍കിയതെന്ന് ഹജ് മന്ത്രാലയ വക്താവ് ഹാതിം ബിന്‍ ഹസ്സാന്‍ ഖാദി പറഞ്ഞു.
ഹാജിമാര്‍ എത്തിച്ചേര്‍ന്ന മിനാ താഴ്‌വാരത്ത് മൂന്നരലക്ഷത്തോളം എയര്‍കണ്ടീഷന്‍ഡ് തമ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
മിനായിലേക്ക് തീര്‍ഥാടക പ്രവാഹം വ്യാഴാഴ്ച രാത്രി തന്നെ ആരംഭിച്ചിരുന്നു. തീര്‍ഥാടകര്‍ ഇന്ന് അര്‍ധരാത്രിയോടെ അറഫയിലേക്ക് നീങ്ങിത്തുടങ്ങും. ശനിയാഴ്ച  അറഫയില്‍ ഒരു പകല്‍ നീളുന്ന പ്രാര്‍ഥനയില്‍ പങ്കുചേരുന്നതോടെ പ്രധാന ചടങ്ങ് പൂര്‍ത്തിയാവും.
ഇന്ത്യയില്‍നിന്ന് രണ്ടു ലക്ഷം ഹാജിമാരാണ് എത്തിച്ചേര്‍ന്നത്. കാല്‍ലക്ഷത്തോളം പേര്‍ മലയാളികളാണ്.

 

Latest News