Sorry, you need to enable JavaScript to visit this website.

കൺട്രോൾ റൂമിലെ സാങ്കേതിക വിദ്യകൾ വിസ്മയകരമെന്ന് നൈല ഹസൻ 

നയ്‌ലാ ഹസന് സുരക്ഷാവകുപ്പിന്റെ ഉപഹാരം സമ്മാനിക്കുന്നു.

മക്ക - മക്കയിൽ ഏകീകൃത സുരക്ഷാ കൺട്രോൾ റൂം 911 ലെ അത്യാധുനിക സാങ്കേതിക വിദ്യകൾ വിസ്മയകരവും കണ്ണഞ്ചിപ്പിക്കുന്നതുമാണെന്ന് ന്യൂസിലാന്റ് പോലീസിലെ ഏറ്റവും മുതിർന്ന മുസ്‌ലിം പോലീസ് ഓഫീസറായ നൈല ഹസൻ പറഞ്ഞു. മക്ക സുരക്ഷാ കൺട്രോൾ റൂമിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ പ്രശംസിക്കപ്പെടേണ്ടതും പിൻപറ്റപ്പെടേണ്ടതുമാണ്. അത്യാധുനിക രീതിയിൽ സജ്ജീകരിച്ച സുരക്ഷാ കൺട്രോൾ റൂം മുസ്‌ലിംകൾ എന്നോണം എല്ലാവർക്കും അഭിമാനിക്കാവുന്നതാണ്. 
സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവർത്തനവും അഭിമാനത്തിന് വക നൽകുന്നു. 
വിലമതിക്കാനാകാത്ത സേവനങ്ങളാണ് ഹജ് തീർഥാടകർക്ക് സൗദി ഭരണകൂടം നൽകുന്നത്. ഹജ് തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിന് അത്യാധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി സജ്ജീകരിച്ച ഏകീകൃത സുരക്ഷാ കൺട്രോൾ റൂമിന്റെ പ്രവർത്തനം, ഉയർന്ന ഗുണമേന്മയിലും വേഗത്തിലും പരാതികൾ സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുന്നതിനും സഹായകമാകുന്നു. പരാതികളിൽ വേഗത്തിൽ നടപടികളെടുക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു. 
പുരോഗതികളും നവീന സാങ്കേതിക വിദ്യകളും ഏറ്റവുമാദ്യം പ്രയോജനപ്പെടുത്തുന്നതിനുള്ള സൗദി അധികൃതരുടെ നിതാന്ത ജാഗ്രതയും താൽപര്യവുമാണ് ഇത് വ്യക്തമാക്കുന്നത്. തീർഥാടകർക്ക് ഏറ്റവും മികച്ച മാനുഷിക, സുരക്ഷാ സേവനങ്ങൾ നൽകുന്ന സൗദി അധികൃതരുടെ പ്രവർത്തനങ്ങൾ വിശേഷിപ്പിക്കുന്നതിന് വാക്കുകളില്ലെന്നും നൈല ഹസൻ പറഞ്ഞു. 
ന്യൂസിലാന്റ് ക്രൈസ്റ്റ് ചർച്ചിലെ മസ്ജിദുകളിലുണ്ടായ ഭീകരാക്രമണം രാജ്യത്തെ ഞെട്ടിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിച്ച താൻ പ്രസംഗത്തിനിടെ നിയന്ത്രണം വിട്ട് കരഞ്ഞത് അറിയാതെയാണ്. സമാനമായൊരു ഭീകരാക്രമണത്തിൽ പാക്കിസ്ഥാനിൽ വെച്ച് കൊല്ലപ്പെട്ട പിതാവിന്റെ ഓർമയിൽ വികാരങ്ങൾ കൂടിക്കലർന്നതും ഇതിന് ഇടയാക്കി. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെയും പരിക്കേറ്റ് കഴിയുന്നവരെയും സന്ദർശിക്കുന്നതിന് താൻ ആശുപത്രികളിൽ പോയിരുന്നു. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടതിലും പരിക്കേറ്റതിലുമുള്ള വേദന സഹിക്കാതെ സ്ത്രീകളും പുരുഷന്മാരും ആശുപത്രികളിൽ വാവിട്ടുകരയുന്നതിന്റെ ദൃശ്യങ്ങൾ ഇന്നും മനസ്സിലുണ്ട്. ആക്രമണത്തിൽ പരിക്കേറ്റവരുടെ ദൃശ്യങ്ങളും വേദനയാലുള്ള അവരുടെ കരച്ചിലുകളും ഒരിക്കലും മറക്കുന്നതിന് കഴിയില്ല. 
ആദ്യമായാണ് താൻ ഹജ് കർമം നിർവഹിക്കുന്നത്. സൽമാൻ രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ് നിർവഹിക്കുന്നതിന് അവസരം ലഭിച്ച വിവരമറിഞ്ഞ് ഏറെ സന്തോഷിച്ചു. കുടുംബത്തെയും സുഹൃത്തുക്കളെയും ഉടൻ തന്നെ ഫോണിൽ ബന്ധപ്പെട്ട് വിവരമറിയിച്ചു. വിശുദ്ധ കഅ്ബാലയം നേരിട്ട് കാണാൻ കഴിയുമെന്ന് ഒരിക്കലും സ്വപ്‌നത്തിൽ പോലും കരുതിയതല്ല. പുണ്യഭൂമിയിലെ സാന്നിധ്യം നൽകുന്ന വികാരങ്ങൾ വിശേഷിപ്പിക്കാനോ പ്രകടിപ്പിക്കാനോ കഴിയില്ല. സങ്കൽപങ്ങളെ കവച്ചുവെക്കുന്ന വികസനങ്ങളാണ് മക്കയിലും സൗദി അറേബ്യയിലും തനിക്ക് കാണാൻ കഴിഞ്ഞത്. ആധുനികതയും വികസനവും  ഇന്നാട്ടുകാരുടെ ആതിഥ്യ മര്യാദകളും സങ്കൽപങ്ങൾക്കും അപ്പുറമാണെന്നും നൈല ഹസൻ പറഞ്ഞു. 
കൺട്രോൾ സെന്റർ കമാണ്ടർ മേജർ ജനറൽ അബ്ദുറഹ്മാൻ അൽസ്വാലിഹും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് ന്യൂസിലാന്റ് പോലീസ് സൂപ്രണ്ട് നൈല ഹസനെ സ്വീകരിച്ചു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അതിഥികളായി എത്തിയ മറ്റേതാനും വിശിഷ്ട വ്യക്തികളും നൈല ഹസനൊപ്പം ഏകീകൃത സുരക്ഷാ കൺട്രോൾ റൂം സന്ദർശിച്ചു. ന്യൂസിലാന്റ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചവരുടെ ബന്ധുക്കളും പരിക്കേറ്റവരും അടക്കം ആകെ 200 പേർക്കാണ് ന്യൂസിലാന്റിൽ നിന്ന് ഈ വർഷം സൽമാൻ രാജാവിന്റെ അതിഥികളായി ഹജ് നിർവഹിക്കുന്നതിന് അവസരം ലഭിച്ചിരിക്കുന്നത്.

 

Latest News