ന്യൂദല്‍ഹി- ജമ്മു കശ്മീരില്‍ ബലിപെരുന്നാള്‍ ആഘോഷം സമാധാനപരമായി നടക്കുമെന്നും ഇക്കാര്യം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസ്താവിച്ചു. എത്രയും വേഗം സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് നടത്തി ജനങ്ങള്‍ക്ക് അധികാരം കൈമാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുവജനങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കുമെന്നും സംശുദ്ധ ഭരണം കാഴ്ച വെക്കുമെന്നും രാജ്യത്തോട് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ഉറപ്പുനല്‍കി.
ജമ്മു കശ്മീരിനെ അനന്തകാലത്തേക്ക് കേന്ദ്ര ഭരണ പ്രദേശമാക്കി നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ലഡാക്ക് കേന്ദ്ര ഭരണ പ്രദേശമായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരില്‍ പുതുയുഗം ആരംഭിക്കുകയാണെന്ന് മോഡി അവകാശപ്പെട്ടു. ജനാധിപത്യത്തിനായിരിക്കും ആത്യന്തിക വിജയം. കേന്ദ്രത്തെ വിമര്‍ശിക്കുന്നവര്‍ രാജ്യതാല്‍പര്യത്തിന് മുന്‍തൂക്കം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.