പാക്കിസ്ഥാന്‍ നടപടി വിമാന സര്‍വീസുകളെ കാര്യമായി ബാധിക്കില്ല; 12 മിനിറ്റ് വൈകും

ന്യൂദല്‍ഹി- പാക്കിസ്ഥാന്‍ വ്യോമപാതകളിലൊന്ന് അടച്ചത് സര്‍വീസുകളെ കാര്യമായി ബാധിക്കില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. വിമാനങ്ങള്‍ വഴിതിരിച്ചു വിടുന്നതിനാല്‍ 12 മിനിറ്റ് അധികം വേണ്ടി വരും.  ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ അജയ് ബിസാരിയയെ പുറത്താക്കിയതിനെ പിന്നാലെയാണു പാക്കിസ്ഥാന്‍  വ്യോമപാത അടച്ചത്.  ഇന്ത്യയിലെ പാക്ക് ഹൈക്കമ്മിഷണറെ തിരിച്ചുവിളിച്ചിട്ടുമുണ്ട്.

പാത മാറേണ്ടി വരുമെങ്കിലും പാക്ക് നടപടി സര്‍വീസുകളെ കാര്യമായി ബാധിക്കില്ലെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. യുഎസ്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടിങ്ങളിലേക്കായി അന്‍പതോളം സര്‍വീസുകളാണു പാക്ക് വ്യോമപാതയിലൂടെ എയര്‍ ഇന്ത്യക്കുള്ളത്. ബാലാക്കോട്ട് ആക്രമണത്തെ തുടര്‍ന്ന് അടച്ച പാക്ക് വ്യോമപാത കഴിഞ്ഞ മാസമാണു വീണ്ടും പൂര്‍ണനിലയില്‍ തുറന്നത്. വ്യോമപാത അടച്ചത് വിമാനക്കമ്പനികള്‍ക്കും പാക്കിസ്ഥാനും കോടികളുടെ നഷ്ടമുണ്ടാക്കിയിരുന്നു.

ഈ മാസം ദല്‍ഹിയില്‍ ചുമതലയേല്‍ക്കേണ്ടിയിരുന്ന പാക്ക് ഹൈക്കമ്മിഷണറെ   അയക്കുന്നില്ലെന്നു പാക്കിസ്ഥാന്‍ ഇന്ത്യയെ അറിയിച്ചു. ഇന്ത്യയുമായുള്ള വ്യാപാരം മരവിപ്പിക്കാനും പരസ്പരം സഹകരിച്ചുള്ള നടപടികള്‍ പുനഃപരിശോധിക്കാനും തീരുമാനിച്ചു.

 

Latest News