Sorry, you need to enable JavaScript to visit this website.

ആശുപത്രികളിലെത്തുന്ന ഹാജിമാരെ തിരിച്ചറിയാൻ പുതിയ ഉപകരണം

മക്ക- ഹജിനിടെ ബോധരഹിതരാകുന്ന തീർഥാടകരെയും തിരിച്ചറിയാത്ത മൃതദേഹങ്ങളും വിരലടയാള പരിശോധനയിലൂടെ വേഗത്തിൽ തിരിച്ചറിയുന്നതിന് സഹായിക്കുന്ന ഉപകരണം പുണ്യസ്ഥലങ്ങളിലെ ആശുപത്രികളിൽ പ്രയോജനപ്പെടുത്തും. ആരോഗ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നാഷണൽ ഇൻഫർമേഷൻ സെന്ററും സഹകരിച്ചാണ് ബനാൻ എന്ന് പേരിട്ട ഉപകരണങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. പുണ്യസ്ഥലങ്ങളിലെ ആശുപത്രികളിൽ ഇത്തരത്തിൽപെട്ട അഞ്ചു ഉപകരണങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇവ ഉപയോഗിക്കുന്നതിൽ ആരോഗ്യ മന്ത്രാലയ ജീവനക്കാർക്ക് മന്ത്രാലയം പരിശീലനം നൽകിയിട്ടുണ്ട്. 
തീർഥാടകരുടെ വിരലടയാളങ്ങളും വിവരങ്ങളും വയർലസ് സംവിധാനത്തിൽ നാഷണൽ ഇൻഫർമേഷൻ സെന്റർ സെർവറുകളിലേക്ക് അയക്കുകയാണ് ചെയ്യുക. സെർവറുകൾ ഈ വിവരങ്ങൾ സർച്ച് ചെയ്ത് ഡാറ്റാ ബേസിലുള്ള തീർഥാടകരുടെ ഫോട്ടോകളും പേരുവിവരങ്ങളും തിരിച്ചറിയൽ കാർഡ് നമ്പറുകളും പ്രദർശിപ്പിക്കും. ആശുപത്രികളിലെ കംപ്യൂട്ടർ സെക്ഷനുകളിൽനിന്ന് ഇവയുടെ പ്രിന്റൗട്ടുകൾ എടുക്കുന്നതിനും സാധിക്കും. ബനാൻ ഉപകരണം വഴി ശേഖരിക്കുന്ന വിരലടയാളങ്ങൾ നാഷണൽ ഇൻഫർമേഷൻ സെന്റർ ഡാറ്റാ ബേസിൽ ഇല്ലാത്ത പക്ഷം അവ ഡാറ്റാ ബേസിൽ രജിസ്റ്റർ ചെയ്ത് സൂക്ഷിക്കുകയും ചെയ്യും. 
അറബി അറിയാത്ത രോഗികളുമായി ആശയ വിനിമയം നടത്തുന്നതിന് ഡോക്ടർമാരെയും നഴ്‌സുമാരെയും സഹായിക്കുന്ന തത്സമയ വിവർത്തന ഉപകരണങ്ങളും പുണ്യസ്ഥലങ്ങളിലെ ആശുപത്രികളിൽ ആരോഗ്യ മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്. 
ഇന്റർനെറ്റുമായി ബന്ധിപ്പിക്കാതെ എവിടെ വെച്ചും ഏതു സമയത്തും ഉപയോഗിക്കാമെന്നത് ഉപകരണങ്ങളുടെ പ്രത്യേകതയാണ്. അറബിയിൽ മാത്രമല്ല, മറ്റു ഭാഷകളിലും ആരോഗ്യ മന്ത്രാലയ ജീവനക്കാർക്ക് രോഗികളുമായി ആശയ വിനിമയം നടത്തുന്നതിന് പുതിയ ഉപകരണങ്ങൾ വഴി സാധിക്കും. തീർഥാടകരുടെ ഭാഷയുടെ മൊഴിമാറ്റത്തിന്റെ ശബ്ദരേഖക്കു പുറമെ, എഴുത്തു രൂപത്തിലുള്ള വിവർത്തനവും വിദേശ തീർഥാടകന്റെ രാജ്യം വ്യക്തമാക്കുന്ന ദേശീയ പതാകയും ഉപകരണം പ്രദർശിപ്പിക്കും. മിന എമർജൻസി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗം നഴ്‌സിംഗ് സൂപ്പർവൈസർ അബ്ദുറഹ്മാൻ അബുഖുദാഅ പുതിയ ഉപകരണത്തിന്റെ പ്രവർത്തനം വിശദീകരിക്കുന്ന വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വിട്ടിട്ടുണ്ട്. 

 

Latest News