Sorry, you need to enable JavaScript to visit this website.

ഇന്ദ്രൻസ് നായകനാവുന്ന മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള 

ഇന്ദ്രൻസ് നായക വേഷത്തിലെത്തുന്ന മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള ഈ മാസം ഒമ്പതിന് തിയേറ്ററുകളിലെത്തും. പ്രണയവും വിരഹവും കിനിയുന്ന ഓർമകൾ ദൃശ്യവൽക്കരിക്കുന്ന ചിത്രം ഇന്ദ്രൻസിന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായി മാറുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീർ നിർമിച്ച്, ഷാനു സമദ് സംവിധാനം ചെയ്യുന്ന മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള ഷോബിസ് സ്റ്റുഡിയോ ആണ് തിയേറ്ററുകളിലെത്തിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ മോഹൻലാലിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
വർഷങ്ങൾക്കു മുമ്പ് തിരുവനന്തപുരം ചാലയിലെ കോളനിയിൽനിന്ന് നാടുവിട്ട് മുംബൈയിലെത്തി ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കുഞ്ഞബ്ദുള്ള അറുപത്തഞ്ചാം വയസ്സിൽ തന്റെ പഴയ പ്രണയിനിയെത്തേടി അലയുന്നതാണ് ഈ സിനിമയുടെ ഉള്ളടക്കം. കുട്ടിക്കാലത്ത് തന്റെ കൂടെ പഠിച്ചിരുന്ന അലീമ എന്ന പെൺകുട്ടിയെ അന്വേഷിച്ച് അയാൾ കേരളം മുഴുവനും യാത്ര നടത്തുന്നു. ഈ യാത്രയിൽ അയാൾ കണ്ടുമുട്ടുന്ന വ്യക്തികൾ, സംഭവങ്ങൾ ഇതിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. 
സുഡാനി എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് നേടിയ സാവിത്രി ശ്രീധരനും ഈ ചിത്രത്തിൽ മികച്ച വേഷത്തിലെത്തുന്നു.
കേരളത്തിലെ പതിനാല് ജില്ലകളിലുമായി ചിത്രീകരിച്ച ഈ സിനിമയിൽ വൻ താരനിര തന്നെയുണ്ട്. ബാലു വർഗീസ്, രൺജി പണിക്കർ, ലാൽജോസ്, രാജേഷ് പറവൂർ, ദേവരാജ്, ഉല്ലാസ് പന്തളം, ബിനു അടിമാലി, അമൽദേവ്, സുബൈർ വയനാട്, സി.പി ദേവ്, രചന നാരായണൻകുട്ടി, അഞ്ജലി നായർ, മാലാ പാർവതി, സാവിത്രി ശ്രീധരൻ, സ്‌നേഹാ ദിവാകരൻ, നന്ദന വർമ്മ, വത്സലാ മേനോൻ, അംബിക, ചിത്ര പ്രദീപ്, സന ബാപ്പു എന്നിവർക്കു പുറമെ പ്രമുഖ സംവിധായകൻ ലാൽ ജോസും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. അൻസൂർ ആണ് ഛായാഗ്രഹണം. സാജൻ കെ. റാമും ഹിഷാം അബ്ദുൽ വഹാബുമാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.

Latest News