മോഡി മുതല്‍ അസംഖാന്‍വരെ; സുഷമയുടെ അവസാന ട്വീറ്റുകള്‍

ന്യൂദല്‍ഹി- അന്തരിച്ച മുന്‍വിദേശ മന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ സുഷമ സ്വരാജ് ട്വിറ്ററിലും വേറിട്ടുനിന്നിരുന്നു. വിജയാശംസകള്‍ നേരുന്നതിലും അനുശോചനമര്‍പ്പിക്കുന്നതിലും അവരുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ എപ്പോഴും ശ്രദ്ധിച്ചു.

ചൊവ്വാഴ്ച രാതി ദല്‍ഹി എയിംസ് ആശുപത്രിയില്‍ അന്ത്യശ്വാസം വലിക്കുന്നതിനു ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു സുഷമയുടെ അവസാന ട്വീറ്റ്. അത് കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കിയതിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഭിനന്ദിക്കുന്നതായിരുന്നു.

തിങ്കളാഴ്ചയും അവര്‍ ട്വീറ്റ് ചെയ്തിരുന്നു. രാജ്യസഭയില്‍ ജമ്മു കശ്മീര്‍ വിഭജന ബില്‍ അവതരിപ്പിച്ച് ഗംഭീര പ്രകടനം നടത്തിയ ആഭ്യന്തര മന്ത്രി അമിത് ഷായെ അഭിനന്ദിക്കുന്നതായിരുന്നു ഒരു ട്വീറ്റ്.

ചന്ദ്രയാന്‍ 2 വിജയകരമായി വിക്ഷേപിച്ച ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നസന്ദേശവും അടുത്ത കാലത്തെ ട്വീറ്റുകളില്‍ ഉള്‍ക്കൊള്ളുന്നു.
ചാരവൃത്തി കേസില്‍ പാക്കിസ്ഥാന്‍ വധശിക്ഷക്ക് വിധിച്ച നാവിക ഓഫീസര്‍ കുല്‍ഭുഷണ്‍ യാദവിന്റെ കുടുംബം സന്ദര്‍ശിക്കാനെത്തിയതിന്റെ ഫോട്ടോ സുഷമ സ്വരാജ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. കുല്‍ഭൂഷന്റെ കുടുംബം സന്ദര്‍ശിക്കാനെത്തിയെന്നും അവര്‍ക്ക ്എല്ലാ വിജയാശംസകളും നേര്‍ന്നുവെന്നായിരുന്നു ട്വീറ്റ്.

ദല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലദീക്ഷിതിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ജൂലൈ 20ന് സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തിരുന്നു. രാഷ്ട്രീയത്തില്‍ എതിരാളികളായിരുന്നെങ്കിലും വ്യക്തിപരമായ സുഹൃത്തുക്കളാണെന്നുമായിരുന്നു ഷീലാ ദീക്ഷിതിനെ പുകഴത്തിക്കൊണ്ടുള്ള ട്വീറ്റ്.

സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന് മനോവൈകല്യമുണ്ടെന്നായിരുന്നു ഈയിടെ  സുഷമ ട്വീറ്റ് ചെയ്ത ഏറ്റവും രൂക്ഷ വിമര്‍ശനങ്ങളിലൊന്ന്. രമാദേവി എം.പിക്കെതിരെ അസംഖാന്‍ നടത്തിയ പരാമാര്‍ശം എല്ലാ അതിരുകളും ലംഘിക്കുന്നതാണെന്നും അവര്‍ കുറ്റപ്പെടുത്തി.

 

 

 

Latest News