ആശ്രിത ലെവി ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ബാധകമല്ല

റിയാദ് - ആശ്രിത ലെവി ഗവണ്‍മെന്റ് ജീവനക്കാരായ വിദേശികള്‍ക്ക് ബാധകമല്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശ ജീവനക്കാര്‍ക്കു മാത്രമാണ് ആശ്രിത ലെവി ബാധകമാവുക. ഇഖാമ പുതുക്കുമ്പോള്‍ ആശ്രിത ലെവി മുന്‍കൂട്ടിയാണ് അടയ്‌ക്കേണ്ടത്. ഇഖാമ ഫീസിന് പുറമെ മുഴുവന്‍ ആശ്രിതര്‍ക്കുമുള്ള ലെവിയും ഒരുമിച്ച് അടയ്ക്കണം. റീ-എന്‍ട്രി വിസക്ക് ശ്രമിക്കുന്നവരും റീ-എന്‍ട്രി വിസ കാലയളവിന് അനുസരിച്ച ഫീസിന് പുറമെ മുഴുവന്‍ ആശ്രിതരുടെയും ലെവിയും അടയ്ക്കണം. ഫൈനല്‍ എക്‌സിറ്റ് വിസക്ക് ശ്രമിക്കുന്നവര്‍ ആശ്രിത ലെവി നിലവില്‍വന്ന ജൂലൈ ഒന്നു മുതലുള്ള ലെവി അടയ്ക്കണം. ഫൈനല്‍ എക്‌സിറ്റ് വിസ കാലാവധി ഇഖാമയില്‍ അവശേഷിക്കുന്ന കാലാവധിയേക്കാള്‍ കൂടുതലാവുകയാണെങ്കില്‍ ആശ്രിത ലെവി അടയ്‌ക്കേണ്ട കാലയളവിലേക്ക് ഫൈനല്‍ എക്‌സിറ്റ് വിസ കാലാവധി കൂടി കൂട്ടിച്ചേര്‍ക്കും. ഇതനുസരിച്ച് ഫൈനല്‍ എക്‌സിറ്റ് വിസക്ക് തുല്യമായതോ അതില്‍ കൂടുതലോ ആയ കാലാവധി ഇഖാമയില്‍ അവശേഷിക്കുന്നവര്‍ ഫൈനല്‍ എക്‌സിറ്റ് വിസാ കാലത്തിന് പ്രത്യേകം ലെവി അടയ്‌ക്കേണ്ടതില്ല. എന്നാല്‍ ഇഖാമ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഫൈനല്‍ എക്‌സിറ്റിന് ശ്രമിക്കുന്നവര്‍ ഫൈനല്‍ എക്‌സിറ്റ് വിസാ കാലവധി പ്രകാരമുള്ള ലെവി അടയ്‌ക്കേണ്ടിവരും.
 

Latest News