Sorry, you need to enable JavaScript to visit this website.

കേരളവുമായി സഹകരണത്തിന് സാധ്യത തേടി ഒഡീഷ ടൂറിസം റോഡ് ഷോ

ഒഡീഷ സർക്കാർ ഫിക്കിയുമായി ചേർന്ന് കൊച്ചിയിൽ സംഘടിപ്പിച്ച റോഡ് ഷോ ഒഡീഷ ടൂറിസം വകുപ്പ് സെക്രട്ടറി വിശാൽ കുമാർ ദെവെ ഉദ്ഘാടനം ചെയ്യുന്നു. 

കൊച്ചി- കേരളത്തിനും  ഒഡീഷക്കുമിടയിൽ ടൂറിസം രംഗത്ത് പരസ്പര സഹകരണത്തിനുള്ള  സാധ്യതകൾ ഉപയോഗപ്പെടുത്തുന്നത് രണ്ടു സംസ്ഥാനങ്ങൾക്കും പ്രയോജനകരമാകുമെന്ന് ഒഡീഷ ടൂറിസം വകുപ്പ് സെക്രട്ടറിയും കമ്മീഷണറുമായ വിശാൽ കുമാർ ദെവെ പറഞ്ഞു.
ഒഡീഷ സർക്കാർ രാജ്യവ്യാപകമായി നടത്തുന്ന ടൂറിസം പ്രചാരണ പരിപാടിയുടെ ഭാഗമായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുമായി ചേർന്ന് കൊച്ചിയിൽ സംഘടിപ്പിച്ച റോഡ് ഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യാന്തര ടൂറിസ്റ്റ് ഡെസ്റ്റിനേഷനാകാൻ ഒഡീഷ തയാറെടുക്കുകയാണ്. ആഭ്യന്തര ടൂറിസ്റ്റുകളെയും വിദേശ ടൂറിസ്റ്റുകളെയും ഒറീസയിലേക്ക് ക്ഷണിച്ചു കൊണ്ടുവരുന്നതിന് ഒഡീഷ സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി തലസ്ഥാനമായ ഭുവനേശ്വറിൽ നിന്ന് ദുബായ്, സിംഗപ്പൂർ എന്നിവിടങ്ങളിലേക്ക് ഉടൻ വിമാന സർവീസ് ആരംഭിക്കുന്നുണ്ടെന്ന് സെക്രട്ടറി അറിയിച്ചു.
കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടയിൽ ഒറീസയിലുണ്ടായ വമ്പിച്ച മാറ്റങ്ങൾ ടൂറിസം മേഖലക്ക് കരുത്ത് പകർന്നിട്ടുണ്ടെന്ന് ഒറീസ ടൂറിസം ഡയറക്ടറും അഡീഷണൽ സെക്രട്ടറിയുമായ നിർമൽ ചന്ദ്ര മിശ്ര അറിയിച്ചു. കഴിഞ്ഞ വർഷം 1.52 കോടി ടൂറിസ്റ്റുകൾ ഒറീസയിൽ എത്തി. 2021 ഓടെ ടൂറിസ്റ്റുകളുടെ എണ്ണം 2. 4 കോടിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് ഒഡീഷയിലേക്ക് ടൂറിസ്റ്റുകളുടെ പ്രവാഹമുണ്ടാകുകയെന്ന് അദ്ദേഹം പറഞ്ഞു.
ഫിക്കി ടൂറിസം കമ്മിറ്റി അംഗം യു.സി റിയാസ്, ഫിക്കി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ മനാബ് മജുംദാർ എന്നിവർ സംസാരിച്ചു.
റോഡ് ഷോയുടെ ഭാഗമായി നടന്ന ബി.ടു.ബി, ബി.ടു.ജി മീറ്റുകളിൽ 150 ലേറെ പേർ പങ്കെടുത്തു. ഒഡീഷയിൽ നിന്നുള്ള കലാസംഘം അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

 

Latest News