ന്യൂദല്‍ഹി- ജമ്മു കശ്മീരില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തീരുമാനം തിരക്കിട്ട് കൈക്കൊള്ളാന്‍ രണ്ടാം മോഡി സര്‍ക്കാരിനേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും പ്രേരിപ്പിച്ചത് ആര്.എസ്.എസിന്റെ സമ്മര്‍ദം. വരും ദിവസങ്ങളില്‍ ഇത് സംഭവിക്കുമെന്ന് ഒരാഴ്ച മുമ്പ് തന്നെ ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് സൂചന നല്‍കിയിരുന്നു. മഥുരയിലെ വൃന്ദാവനില്‍ സന്ന്യാസി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഭാഗവത് ഇക്കാര്യം സൂചിപ്പിച്ചിരുന്നത്. അനുഛേദം 370 ഉം 35 എയും റദ്ദാക്കുന്ന കാര്യം എന്തായി എന്നായിരുന്നു വൃന്ദാവന്‍ സന്ന്യാസിമാരുടെ ചോദ്യം. നേരിട്ടു മറപുടി പറയാതെ വരും ദിവസങ്ങളില്‍ സന്ന്യാസിമാരുടെ ആഗ്രഹം പൂര്‍ത്തീകരിക്കപ്പെടുമെന്നാണ് അദ്ദേഹം പ്രതികരിച്ചിരുന്നത്.
രാമക്ഷേത്രത്തെ കുറിച്ചല്ല, കശ്മീരിന്റെ പ്രത്യേക പദവിയാണ് ചര്‍ച്ച ചെയ്തതെന്ന് വൃന്ദാവനിലെ കൃഷ്ണകൃപാ ആശ്രമത്തിലെ സന്ത് ജഞാനാനന്ദ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും അതുകൊണ്ട് തന്നെ പ്രത്യേക പദവി പാടില്ലെന്നുമാണ് സന്ന്യാസിമാരുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കശ്മീര്‍ പ്രത്യേക പദവിക്കെതിരെ സംഘടിപ്പിച്ച സമരത്തില്‍ പ്രധാനമന്ത്രി നേരന്ദ്ര മോഡി. എപ്പോള്‍ നടന്ന സമരമാണെന്ന് ചിത്രം ട്വീറ്റ് ചെയ്ത ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ് വ്യക്തമാക്കിയില്ല.ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കൂ, ഭീകരവാദം ഇല്ലാതാക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്നെഴുതിയ ബാനര്‍ കാണാം.
ബി.ജെ.പിയുടെ പൂര്‍വ സംഘടനയായ ഭാരതീയ ജനസംഘ് സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയാണ് ആര്‍ട്ടിക്കിള്‍ 370 നെതിരായ എതിര്‍പ്പിന് തുടക്കം കുറിച്ചത്. കശ്മീര്‍ വിഷയം തീവ്രദേശീയതക്കും ഹിന്ദുത്വ ധ്രുവീകരണത്തിനുമായി സംഘ്പരിവാര്‍ ശക്തികള്‍ ഏഴു പതിറ്റാണ്ടായി ഉപയോഗിച്ചു പോരുന്നു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്നതിനെ എതിര്‍ത്ത് ഹിന്ദു മഹാസഭയുടെയും രാമരാജ്യ പരിഷത്തിന്റെയും പിന്തുണയോടെ ശ്യമപ്രസാദ് മുഖര്‍ജി സത്യഗ്രഹം നടത്തിയിരുന്നു. ഏഴ് പതിറ്റാണ്ടായി ആര് എസ് എസ് ഉയര്‍ത്തുന്ന ആവശ്യമാണ് രണ്ടാം മോഡി സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നത്.
ജമ്മു കശ്മീരിനു പ്രത്യേക പദവി നല്കുന്ന ഭരണഘടനയുടെ അനുഛേദം 370 സുസ്ഥിരമായെന്നും മാറ്റം വരുത്താനാവില്ലെന്നും സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന് പ്രത്യേക പദവി നല്കുന്ന 370 ാം വകുപ്പ് കാലഹരണപ്പെട്ടതാണെന്നും ഭരണഘടനാ ലംഘനമാണെന്നും ചൂണ്ടിക്കാണിച്ച് വിജയലക്ഷ്മി ഝാ നല്കിയ ഹരജിയിലാണ് സുപ്രീം കോടതി പ്രത്യേക പരാമര്‍ശം നടത്തിയിരുന്നത്.
ഹരജിക്കാരിയുടെ വാദം നിലനില്‍ക്കുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 370 ാം വകുപ്പിനെക്കുറിച്ചുള്ള തര്‍ക്കം 2017 ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സന്തോഷ് ഗുപ്ത കേസില്‍ പരിഹരിക്കപ്പെട്ടതാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ആദര്‍ശ് കെ ഗോയല്‍, ആര്.എഫ് നരിമാന് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജിയില്‍ വാദം കേട്ടിരുന്നത്.
ജമ്മു കശ്മീരിന് ഭരണഘടനയുടെ 370 ാം വകുപ്പനുസരിച്ച് നല്‍കിയത് താല്ക്കാലികമായ പ്രത്യേക പദവിയായിരുന്നുവെന്നും എന്നാല്‍ ജമ്മുവും കശ്മീരും 1957 ല്‍ ലയിച്ചതോടെ ഈ വകുപ്പ് കാലഹരണപ്പെട്ടുവെന്ന് കാണിച്ചായിരുന്നു വിജയലക്ഷ്മിയുടെ ഹരജി. 2017 ലെ സര്‍ഫേസി കേസിലും പ്രത്യേക പദവി നിലനില്‍ക്കുമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.
കേസുകളില്‍ സുപ്രീം കോടതി ഇനിയും തീര്‍പ്പ് കല്പിച്ചിട്ടില്ല.
അനുഛേദം 370
ആര്‍ട്ടിക്കിള്‍ 370 നെപ്പറ്റിയുള്ള പാര്‍ലമെന്റ് സംവാദങ്ങളില്‍ അതിനു വേണ്ടി ഏറ്റവും ശക്തമായി വാദിച്ചത് നെഹ്റുവിന്റെ വിശ്വസ്തനും ഹരിസിംഗിന്റെ മുന്ദിവാനുമായിരുന്ന ഗോപാലസ്വാമി അയ്യങ്കാറാണ്. ആദ്യത്തെ കേന്ദ്ര മന്ത്രിസഭയില്‍ വകുപ്പില്ലാത്ത മന്ത്രിയായിരുന്നു അദ്ദേഹം. ഈ ആര്‍ട്ടിക്കിളിന്റെ പ്രധാന രൂപകര്‍ത്താവും അദ്ദേഹമായിരുന്നു. രാജാക്കന്മാര് ഭരിച്ചിരുന്ന സ്റ്റേറ്റുകളില്‍ നിന്ന് വ്യത്യസ്തമായി പല കാരണങ്ങള്‍ ജമ്മു കശ്മീര്‍ ഏകീകരണത്തിനു തയാറായിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
ജമ്മു കശ്മീരിന് പ്രത്യേക സ്വയംഭരണ പദവി നല്കുന്ന ഭരണഘടനയിലെ വ്യവസ്ഥയാണ് ആര്‍ട്ടിക്കിള്‍ 370. ഇന്ത്യന്‍ ഭരണഘടനയുടെ 21 ാം ഖണ്ഡത്തിലാണ് ഇത് ഉള്‍ക്കൊള്ളുന്നത്. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധകമായ ഭരണഘടനയുടെ എല്ലാ വ്യവസ്ഥകളും കശ്മീരിന് ബാധകമല്ല. പ്രതിരോധം, വിദേശകാര്യം, ധനകാര്യം, വാര്‍ത്താവിനിമയം എന്നിവയൊഴികെ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കുന്ന ഒരു നിയമവും ജമ്മു കശ്മീര്‍ നിയമസഭ അംഗീകരിക്കാത്തിടത്തോളം അവ സംസ്ഥാനത്ത് നടപ്പാക്കാനാകില്ല. കശ്മീര്‍ നേതാവായിരുന്ന ഷെയ്ക്ക് അബ്ദുല്ലയുമായി നെഹ്റു നടത്തിയ നീക്കുപോക്കുകളുടെ ഭാഗമായാണ് ഒടുവില്‍ ആര്‍ട്ടിക്കിള്‍ 370 ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്.
ഇന്ത്യന്‍ യൂനിയന്റെ ഭാഗമാകാന്‍ മഹാരാജാ ഹരിസിങ് സമ്മതിച്ചപ്പോള്‍ ഉണ്ടാക്കിയ ഉടമ്പടികളുടെ ഭാഗമായിരുന്നു ആര്‍ട്ടിക്കിള്‍ 370 ലെ വ്യവസ്ഥകള്‍. 1952 ലെ ദല്‍ഹി ഉടമ്പടി പ്രകാരം ജമ്മു കശ്മീരിന് ഇന്ത്യന്‍ ദേശീയ പതാകയ്ക്ക് പുറമെ തുല്യ പദവിയോടുകൂടി സ്വന്തം പതാകയും അനുവദിച്ചു. ഇന്ത്യന്‍ പൗരന്മാരുടെ മൗലികാവകാശങ്ങളും മറ്റും ജമ്മു കശ്മീര്‍ ജനതയ്ക്കും ലഭ്യമായിരിക്കുമെന്നും സുപ്രീം കോടതിയുടെ അധികാ രപരിധിയില് തന്നെയാണ് ഈ ഭൂപ്രദേശവും വരികയെന്നും രാഷ്ട്രപതിയുടെ ഉത്തരവ് അന്ന് സ്ഥാപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കൂടി അറിവോടെ അവശ്യഘട്ടങ്ങളില്‍ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും കേന്ദ്ര സര്‍ക്കാരിന് കഴിയും.
ആര്‍ട്ടിക്കിള്‍ 370 നിലനില്‍ക്കേണ്ടത് ഇന്ത്യയുടെ അഖണ്ഡതയ്ക്ക് ആവശ്യമാണെന്ന കോണ്‍ഗ്രസ് നിലപാട് സമയാസമയങ്ങളില്‍ പുതുക്കി ഉറപ്പിച്ചതായിരുന്നു. 1974 ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി രാജാ ഹരിസിങ് നിയോഗിച്ച ജമ്മു കശ്മീര്‍ പ്രധാനമന്ത്രിയുമായി ചേര്‍ന്ന് ഈ ഉടമ്പടി വീണ്ടും പുതുക്കുകയുണ്ടായി.
35 എ
ആര്‍ട്ടിക്കിള്‍ 370ന്റെ ഭാഗമായാണ് ആര്‍ട്ടിക്കിള്‍ 35 എ നിലവില്‍ വന്നത്. ആരൊക്കെയാണ് ജമ്മു കശ്മീരിലെ സ്ഥിരം താമസക്കാര്‍ എന്ന് നിര്‍വചിക്കാനുള്ള അധികാരം ആര്‍ട്ടിക്കിള്‍ 35 എ സംസ്ഥാന നിയമസഭക്ക് നല്കുന്നു. സംസ്ഥാനത്തിനു പുറത്തുള്ളവര്‍ക്ക് ജമ്മു കശ്മീരില്‍ ഭൂമി അടക്കമുള്ള ഏത് സ്ഥാവര വസ്തു വാങ്ങുന്നതിനും ഈ വകുപ്പു പ്രകാരം വിലക്കുണ്ട് . സംസ്ഥാനത്തിനു പുറത്തു നിന്നുള്ള ആരും കശ്മീരില്‍ സ്ഥിരമായി വന്നു താമസിക്കുന്നതും ആര്‍ട്ടിക്കിള്‍ 35 എ തടയുന്നു. സര്‍ക്കാര്‍ ജോലികള്‍ നേടുന്നതിനും ക്ഷേമ പദ്ധതികളില്‍ ഏര്‍പ്പെടുന്നതിനുമെല്ലാം വിലക്ക് ബാധകമാണ്.
സംസ്ഥാനത്തിനു പുറത്തു നിന്നുള്ളയാളെ വിവാഹം ചെയ്യുന്ന കശ്മീരി സ്ത്രീകള്‍ക്ക് ഭൂമിയിന്മേലുള്ള അവകാശം നഷ്ടമാകുന്ന വ്യവസ്ഥയും ഇതിലുണ്ടായിരുന്നു. 2002 ല്‍ ഈ വ്യവസ്ഥ കശ്മീര്‍ ഹൈക്കോടതി ഇടപെട്ട് നീക്കം ചെയ്തു.
ആര്‍ട്ടിക്കിള്‍ 370(1) നല്കുന്ന അധികാരങ്ങള്‍ വിനിയോഗിക്കുന്നതിന്റെ ഭാഗമായി നിലവില്‍ വന്നതാണ് 35 എ. ഇവയില്‍ വരുത്തുന്ന ഏത് മാറ്റവും മഹാരാജാ ഹരിസിങുമായി ഇന്ത്യന്‍ യൂനിയന്‍ ഏര്‍പ്പെട്ട ട്രീറ്റി ഓഫ് ആക്സഷന് അസാധുവാക്കുന്നതാണ്.
1954 നു പല മാറ്റങ്ങളും ആര്‍ട്ടിക്കിള്‍ 370 ല്‍ വന്നിരുന്നു. ഇതിനായി രാഷ്ട്രപതിയുടെ 48 ഉത്തരവുകള്‍ പുറത്തു വന്നിരുന്നു.






