സ്‌ത്രീകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം; ജി സി സി യിൽ ഒറ്റപ്പെട്ട് ഇനി ഖത്തർ മാത്രം

ദോഹ- സൗദി അറേബ്യ കൂടി വനിതകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതോടെ സ്‌ത്രീ സ്വാതന്ത്ര്യത്തിൽ ജി സി സി രാജ്യങ്ങളിൽ ഒറ്റപ്പെട്ട് ഖത്തർ. നിശ്ചിത പ്രായമെത്തിയ സ്‌ത്രീകൾക്ക് സ്വതന്ത്രമായി യാത്ര ചെയ്യാനും പാസ്‌പോർട്ടുകൾ സ്വന്തമാക്കാനും സൗദി അറേബ്യ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അനുവാദം നൽകിയത്. തുടർച്ചയായി നിരവധി സ്‌ത്രീ ശാക്തീകണ നടപടികൾ കൈകൊണ്ട സൗദി അറേബ്യയുടെ ഏറ്റവും ഒടുവിലെ ശ്രദ്ധേയമായ നടപടിയായിരുന്നു വനിതകളുടെ തനിച്ചുള്ള യാത്ര. 21 വയസ്സ് പൂർത്തിയായ വനിതകൾക്ക് യാത്ര ചെയ്യാനും പാസ്‌പോർട്ടുകൾക്ക് അപേക്ഷിക്കാനും പിതാവിന്റെയോ ഭർത്താവിന്റെയോ സാന്നിധ്യം ആവശ്യമില്ലെന്ന രാജ വിജ്ഞാപനം ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പുറത്തിറക്കിയത്. 
         അതേസമയം, ജി സി സി രാജ്യങ്ങളിൽ ഖത്തറിൽ ഇപ്പോഴും വനിതകൾക്ക് ഇക്കാര്യങ്ങൾക്ക് പുരുഷന്മാരുടെ സാന്നിധ്യം ആവശ്യമാണ്. രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന് 25 വയസ്സിൽ താഴെയുള്ള വനിതകൾക്ക് പുരുഷ രക്ഷാധികാരിയുടെ ആവശ്യമുണ്ടെന്നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയ വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്. അതോടൊപ്പം വിവാഹിതരായ ഖത്തരി വനിതകൾക്കും രാജ്യത്തിന് പുറത്തേക് യാത്ര ചെയ്യണമെങ്കിൽ ഭർത്താവിന്റെ അനുവാദം ആവശ്യമാണ്. വിവാഹിതരായ സ്‌ത്രീകൾക്ക് അവരുടെ പ്രായം കണക്കിലെടുക്കാതെ അനുമതിയില്ലാതെ യാത്ര ചെയ്യാൻ അർഹതയുണ്ടെങ്കിലും ഭാര്യ യാത്ര ചെയ്യുന്നത് ഭർത്താവിന് താൽപര്യമില്ലെങ്കിൽ യാത്ര തടയുന്നതിന് ബന്ധപ്പെട്ട വകുപ്പുകളിൽ ഇത് സമർപ്പിക്കാവുന്നതാണെന്നും വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു. എന്നാൽ, പതിനെട്ട് വയസ്സ് പൂർത്തിയാകുന്നതോടെ യാത്ര ചെയ്യുന്നതിന് ഖത്തർ യുവാക്കൾക്ക് ആരുടേയും അനുവാദം വേണ്ട. എന്നാൽ, പാസ്‌പോർട്ട് പുതുക്കാൻ പതിനെട്ടു വയസ് കഴിഞ്ഞ പുരുഷന്മാർക്ക് മാത്രമാണ് അവകാശമുള്ളത്. 
        ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച സഊദി അറേബ്യ പുറത്തിറക്കിയ രാജ വിജ്ഞാപനത്തിൽ 21 വയസ്സ് പൂർത്തിയായ വനിതകൾക്ക് യാത്ര ചെയ്യാനും പാസ്‌പോർട്ടുകൾക്ക് അപേക്ഷിക്കാനും അനുവാദം നൽകുന്നതോടൊപ്പം വിവാഹം രജിസ്‌റ്റർ ചെയ്യൽ, വിവാഹ മോചനം, കുട്ടികളുടെ ജനന അപേക്ഷ  ഉൾപ്പെടെ കുടുംബ പരമായ മുഴുവൻ അപേക്ഷകൾ നൽകാനും സ്‌ത്രീകൾക്ക് അനുവാദമുണ്ടായിരിക്കും. അത് പോലെ തന്നെ കുട്ടികളുടെ രക്ഷാകർത്താക്കളായി രേഖപ്പെടുത്താനായുള്ള അവകാശവും ഭർത്താവിനെ പോലെ തന്നെ ഭാര്യക്കും ഉണ്ടായിരിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. 
     നിലവിൽ യു എ ഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ പ്രായപൂർത്തിയായ സ്‌ത്രീകൾക്ക് യാത്രാ അനുവാദം നൽകുന്നുണ്ട്. 2009 മുതൽ കുവൈത്തും ഇത് വകവെച്ച് നൽകുന്നുണ്ട്. ഒമാനി വനിതകൾക്കും സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള അവകാശമുണ്ട്. എന്നാൽ, വിവാഹിതരായ ഒമാനി വനിതകളുടെ പാസ്‌പോർട്ട് സ്വീകരിക്കാൻ ഭർത്താക്കന്മാരുടെ അനുവാദം നേടണം.

Latest News