ശ്രീറാം വെങ്കിട്ടരാമന്റെ രക്തത്തിൽ മദ്യത്തിന്റെ അംശമില്ല; പരിശോധന ഫലം പുറത്ത്

തിരുവനന്തപുരം-  വാഹനാപകടത്തിൽ മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ മരിച്ച കേസിലെ പ്രതി സർവ്വെ ഡയറക്ടർ ശ്രീറാം വെങ്കിട്ട റാമിന്റെ രക്തപരിശോധനാ ഫലം പുറത്തുവന്നു. രക്തത്തിൽ മദ്യത്തിന്റെ അംശമില്ലെന്നാണ് കണ്ടെത്തൽ. അതേസമയം, മണിക്കൂറുകൾ വൈകി രക്തപരിശോധന നടത്തിയാൽ ഫലം കൃത്യമാകില്ലെന്നാണ് മെഡിക്കൽ സംഘം നൽകുന്ന സൂചന. 
അതിനിടെ, സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രി സെല്ലിലേക്ക് മാറ്റി.  ശ്രീറാമിനെ പതിനാല് ദിവസത്തേക്ക് കോടതി ശനിയാഴ്ച റിമാന്റ് ചെയ്‌തെങ്കിലും  സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മജിസ്‌ട്രേറ്റ് റിമാന്റ് ചെയ്ത പ്രതിയെ  മെഡിക്കൽ കോളേജ് സെല്ലിൽ പ്രവേശിപ്പിക്കാതെ സ്വകാര്യ ആശുപത്രിയിൽ  ചികിത്സ  തുടരാൻ കാരണം മജിസ്‌ട്രേറ്റ് പറഞ്ഞുവെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാൽ കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലാതിരുന്നിട്ടും പോലീസ് കാവലിൽ ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള മുറിയിൽ  ചികിത്സിപ്പിക്കുന്നത്  മാധ്യമ സംഘടനകളുടെ പ്രതിഷേധത്തിനിടയാക്കി. ഇതോടെയാണ് പോലീസ് വീണ്ടും നടപടി ക്രമങ്ങളിലേക്ക് കടന്നത്. 
ഇന്നലെ വൈകീട്ടോടെ സ്വകാര്യ ആശുപത്രിയിൽനിന്നും പോലീസ് ഡിസ് ചാർജ്ജ് വാങ്ങി ശ്രീറാമിനെ ആമ്പുലൻസിലേക്ക് മാറ്റി.  മുഖത്ത് മാസ്‌ക് ധരിപ്പിച്ച നിലയിലായിരുന്നു ശ്രീറാമിനെ  സ്ട്രച്ചറിൽ ആംബുലൻസിലേക്ക് മാറ്റിയത്. ഒരു സംഘം ഡോക്ടർമാരും ശ്രീറാമിനെ അനുഗമിച്ചു.  ഞായറാഴ്ച കോടതി അവധി ആയതിനാൽ വഞ്ചിയൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (5) എസ്..ആർ.അമലിന്റെ  വസതിയിൽ എത്തിച്ചു. ആംബുലൻസിനകത്ത് കയറി മജിസ്‌ട്രേറ്റ് ശ്രീറാമിനോട് വിവരങ്ങൾ ആരാഞ്ഞു.  മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇരുപതാം നമ്പർ സെല്ലിലേക്ക് മാറ്റുമെന്ന് പോലീസ് കരുതിയെങ്കിലും മെഡിക്കൽ റിപ്പോർട്ട്  പരിശോധിച്ച ശേഷം ശ്രീറാമിനെ പൂജപ്പുര സബ്ജയിലിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. ഇതോടെ ആംബുലൻസ്  പൂജപ്പുര ജില്ലാജയിൽ വളപ്പിലെത്തി. എന്നാൽ സ്ട്രച്ചറിലുള്ള പ്രതിയെ ജയിലിലാക്കാൻ  സൂപ്രണ്ട് തയ്യാറായില്ല. ശ്രീറാമിനെയും വഹിച്ച് കൊണ്ടുള്ള ആംബുലൻസ് ജയിലിന് പുറത്ത് നിലയുറപ്പിച്ചു. ആവശ്യമെങ്കിൽ വൈദ്യസഹായം ലഭ്യമാക്കണമെന്ന് റിമാന്റ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നതിനാൽ  ജയിൽ സൂപ്രണ്ട് ജയിൽ  ഡോക്ടറോട് പരിശോധിക്കാൻ ആവശ്യപ്പെട്ടു. പരിശോധന കഴിഞ്ഞ് മൂന്ന് മണിക്കൂറിനു ശേഷമാണ് മെഡിക്കൽ കോളേജ് ആശുപത്രി സെല്ലിലേക്ക് മാറ്റാൻ ജയിൽ അധികൃതർ തീരുമാനിച്ചത്. തുടർന്ന് രാത്രി എട്ടുമണിയോടെ ശ്രീറാമിനെ മെഡിക്കൽ കോളേജിലേക്ക്. ആശുപത്രിയിലേക്ക് മാറ്റി.നട്ടെല്ലിന് ക്ഷതവും കൈക്ക് പരിക്കെന്നുമാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്.
 

Latest News