തെഹ്‌റാൻ- സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ മറ്റൊരു വിദേശ കപ്പൽ കൂടി പിടിച്ചെടുത്തതായി ഇറാൻ അധികൃതർ. ഫാർസ് വാർത്താ ഏജൻസിയാണ് വിദേശ കപ്പൽ ഇറാൻ കസ്റ്റഡിയിലാണെന്ന് വെളിപ്പെടുത്തിയത്. അറേബ്യൻ ഗൾഫ് കടലിൽ വെച്ചാണ് ഇറാൻ കപ്പൽ നിയന്ത്രണത്തിലാക്കിയത്. മറ്റു കപ്പലുകളി നിന്നും എണ്ണ സ്വീകരിച്ച് അറേബ്യൻ ഗൾഫ് മേഖലയിലെ വിവിധ രാജ്യങ്ങളിലേക്ക് മാറ്റുകയായിരുന്ന വിദേശ കപ്പൽ തങ്ങൾ ഫാർസി ദ്വീപിനു സമീപത്ത് നിന്നാണ് പിടിച്ചെടുത്തതെന്ന് ഇറാൻ നാവിക സേന കമാണ്ടർ റംസാൻ സിറാഹി പറഞ്ഞു. 700,000 ലിറ്റർ ഇന്ധനവും ഏഴു നാവികരുമാണ് കപ്പലിലുള്ളത്. നാവികർ അറസ്‌റ്റിലാണെന്നും ഏജൻസി റിപ്പോർട്ട് ചെയ്‌തു. കപ്പൽ ഏതു രാജ്യത്തിന്റേതാണെന്നോ നാവികർ ഏതു രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നോ വ്യക്തമല്ല. നിലവിൽ ബ്രിട്ടന്റെ ഒരു കപ്പൽ ഇറാൻ കസ്‌റ്റഡിയിലാണ്. അത് വിട്ട് നൽകണമെന്നാവശ്യപ്പെട്ടു വിവിധ ലോക രാജ്യങ്ങൾ നടത്തുന്ന സമ്മർദ്ദങ്ങൾക്കിടെയാണ് ഇറാന്റെ പുതിയ നീക്കം. ഇറാൻ കപ്പൽ ബ്രിട്ടന്റെ കസ്‌റ്റഡിയിലുമുണ്ട്.