Sorry, you need to enable JavaScript to visit this website.

ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങി; ഇപ്പോള്‍ കോടീശ്വരനായി

ഹൈദരാബാദ്- ദുബായിലെ ഡ്രൈവര്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ പ്രവാസി  ഭാര്യയുടെ കൈയില്‍നിന്ന് കടം വാങ്ങി എടുത്ത ടിക്കറ്റിനാണ് ഇക്കുറി 28 കോടി രൂപയുടെ ദുബായ് ബിക്കറ്റ് റാഫിള്‍ സമ്മാനം (15 മില്യണ്‍ ദിര്‍ഹം).
പുതിയ ജോലി കണ്ടെത്താനാകാതെ വിലാസ് റിക്കാല എന്ന നിസാമാബാദ് സ്വദേശി ഒന്നര മാസം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. ഹൈദരാബാദില്‍നിന്ന് 175 കി.മീ അകലെ ജക്രന്‍പള്ളി ഗ്രാമത്തിലാണ് വിലാസും കുടുംബവും താമസം.

ഭാര്യ പദ്മയാണ് ടിക്കറ്റെടുക്കാന്‍ പണം നല്‍കിയതെന്ന് വിലാസ് പറയുന്നു. കൃഷിപ്പണി ചെയ്ത് സ്വരൂപിച്ച പണത്തില്‍നിന്നാണ് പദ്മ 20,000 രൂപ ടിക്കറ്റെടുക്കാന്‍ നല്‍കിയത്.
യു.എ.ഇയിലായിരുന്നപ്പോള്‍ രണ്ട് വര്‍ഷമായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിലേതടക്കം റാഫിള്‍ ടിക്കറ്റെടുക്കുന്ന ശീലമുണ്ടായിരുന്നു. നാട്ടിലെത്തി പണിയൊന്നുമായില്ലെങ്കിലും കൃഷിപ്പണിയില്‍ ഭാര്യയെ സഹായിക്കുമായിരുന്നു.

ഇക്കുറി എങ്ങനെയെങ്കിലും റാഫിള്‍ ടിക്കറ്റെടുക്കണമെന്ന് തോന്നി. അങ്ങനെ ഭാര്യ പദ്മയില്‍നിന്ന് പണം വാങ്ങിയ ശേഷം അബുദാബിയിലെ സുഹൃത്തിനെ ടിക്കറ്റെടുക്കാന്‍ ഏല്‍പിച്ചു. സുഹൃത്ത് രവിയാണ് രണ്ട് ടിക്കറ്റുകള്‍ക്ക് ഒരു ടിക്കറ്റ് ഫ്രീയടക്കം മൂന്ന് ടിക്കറ്റുകള്‍ വിലാസിന്റെ പേരില്‍ വാങ്ങിയത്. സമ്മാനമടിച്ചതിന്റെ ആഘോഷത്തിലുള്ള മുഴുവന്‍ ക്രെഡിറ്റും ഭര്യ പദ്മക്കാണെന്ന് വിലാസ് പറഞ്ഞു.

കഴിഞ്ഞദിവസം നടന്ന ബിഗ്ടിക്കറ്റ് നറുക്കെടുപ്പില്‍ എട്ട് സമ്മാനങ്ങളില്‍ പകുതിയും ഇന്ത്യക്കാര്‍ക്കാണ്. ശരത് തളിയില്‍ ഉദയകൃഷ്ണന്‍ ( 90,000 ദിര്‍ഹം), സൗമ്യ തോമസ് ( 70,000 ദിര്‍ഹം), അലോക ഷെട്ടി ( 50,000 ദിര്‍ഹം), ഡാനിസ് ലസ്‌റാഡോ ( 20,000 ദിര്‍ഹം) എന്നിവരാണ് സമ്മാനം നേടിയ മറ്റ് ഇന്ത്യക്കാര്‍.
കഴിഞ്ഞ മാസത്തെ 12 ദശലക്ഷം ദിര്‍ഹത്തിന്റെ ബിഗ് ടിക്കറ്റ് സമ്മാനം നേടിയത് മലയാളിയായിരുന്നു. അന്ന് സമ്മാനം നേടിയ മലയാളി സ്വപ്‌ന നായര്‍ ശനിയാഴ്ച നറുക്കെടുപ്പിന്റെ വേദിയില്‍ അവര്‍ എത്തിയിരുന്നു.

 

Latest News