കാശ്‌മീർ അശാന്തത; പൗരന്മാരോട് ജാഗ്രത പാലിക്കാൻ ബ്രിട്ടനും ജർമ്മനിയും മുന്നറിയിപ്പ് നൽകി

ശ്രീനഗർ- സാഹചര്യം തീർത്തും മോശമായതിനാൽ കാശ്‌മീരിലേക്ക് പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് ബ്രിട്ടനും ജർമ്മനിയും തങ്ങളുടെ പൗരന്മാർക്ക് നിർദേശം നൽകി. ഭീകരവാദികളുടെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കശ്മീരിലെ സുരക്ഷ ശക്തമാക്കിയെന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് വിദേശ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. അവിടേക്ക് പോകുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയ ജർമനി നിലവില്‍ കശ്മീരിലുള്ളവര്‍ എത്രയുംവേഗം അവിടം വിടണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. യു.കെ ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ അമര്‍നാഥ് യാത്ര നിര്‍ത്തിവെക്കുകയും തീര്‍ഥാടകര്‍ എത്രയുംവേഗം താഴ്‌വരയില്‍നിന്ന് മടങ്ങിപ്പോകണമെന്ന് കശ്മീര്‍ ഭരണകൂടം നിര്‍ദ്ദേശിക്കുകയും ചെയ്തതിന് പിന്നാലെയാണ് നിർദേശം. കശ്മീരിലെ  പഹല്‍ഗാം, ഗുല്‍മാര്‍ഗ്, സോനാമാര്‍ഗ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിനോദയാത്ര പോകരുതെന്ന് ബ്രിട്ടന്‍ നേരത്തെതന്നെ പൗരന്മാരോട് നിര്‍ദ്ദേശിച്ചിരുന്നു. പാകിസ്താന്‍ അതിര്‍ത്തിയിലേക്ക് പോകരുതെന്നും ജമ്മു - ശ്രീനഗര്‍ ഹൈവേയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും ബ്രിട്ടന്‍ പൗരന്മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

Latest News