Sorry, you need to enable JavaScript to visit this website.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്:  ട്രാവൽസ് ഉടമ അറസ്റ്റിൽ

അറസ്റ്റിലായ ആന്റണി ഫെലിക്‌സ്

കൊച്ചി- വിദേശത്ത് ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നായി 12 ലക്ഷത്തോളം രൂപ തട്ടിയെടുത്ത ട്രാവൽസ് ഉടമ അറസ്റ്റിൽ. ആലപ്പുഴ പൂങ്കാവ് വലിയ വീട്ടിൽ ആന്റണി ഫെലിക്‌സി (33) നെയാണ് എറണാകുളം നോർത്ത് പോലിസ് അറസ്റ്റ് ചെയ്തത്. പ്രതി നടത്തിയിരുന്ന എറണാകുളം എസ്.ആർ.എം റോഡിലെ സ്‌കൈ ലൈൻ ട്രാവൽസ് ആൻഡ് ജോബ് കൺസൾട്ടൻസി സ്ഥാപനത്തിന്റെ മറവിലാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്ന് പോലിസ് പറഞ്ഞു. കൊല്ലം കടക്കൽ സ്വദേശി ഫിറോസിന് ദോഹ ഇന്റർനാഷണൽ സ്‌കൂളിൽ ഹെൽത്ത് നേഴ്‌സ് ആയി ജോലി നൽകാമെന്ന് പറഞ്ഞ് രണ്ട് ലക്ഷം രൂപ ഇയാൾ വാങ്ങിയിരുന്നു. പണം വാങ്ങി 8 മാസമായിട്ടും ജോലി ലഭിക്കാതിരുന്നതിനെ തുടർന്ന് അന്വഷിക്കുന്നതിനായി ഓഫീസിൽ എത്തിയപ്പോൾ ഓഫീസ് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് നോർത്ത് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഇതിനിടെ എസ്.ആർ.എം റോഡിലെ ഓഫീസ് അടച്ചു പൂട്ടുകയും പാലാരിവട്ടത്ത് റെനോ റേഷ്യോ എന്ന പേരിൽ പുതിയ ഓഫീസ് തുടങ്ങുകയും ചെയ്തിരുന്നു. ഇതിനു ശേഷം കൊല്ലം പാരിപ്പള്ളി സ്വദേശിക്കും ഭാര്യക്കും ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിൽ ജോലിയും അവരുടെ കുട്ടികൾക്കു അവിടെ അഡ്മിഷനും ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു 5 ലക്ഷം രൂപയും ഇയാൾ തട്ടിയെടുത്തിരുന്നു. പോലീസ് അന്വഷിക്കുന്ന വിവരമറിഞ്ഞു ഓഫീസ് പൂട്ടി ഒളിവിൽ പോയ പ്രതിയെ കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വഷണത്തിൽ കണ്ണൂരിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ ലാൽജിയുടെ നിർദേശപ്രകാരം നോർത്ത് എസ്.എച്ച്.ഒ സിബി ടോം, എസ്.ഐ ജബ്ബാർ, എഎസ്.ഐ ഡെന്നി, എസ്.സി.പി.ഒ വിനോദ് കൃഷ്ണ, സി.പി.ഒ ഫെബിൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വഷണങ്ങൾക്കായി പിന്നീട് കസ്റ്റഡിയിൽ വാങ്ങും.
 

Latest News