Sorry, you need to enable JavaScript to visit this website.

സൗദിയിലെ സൈനിക കേന്ദ്രങ്ങളിൽ ഹൂത്തി സാന്നിധ്യമില്ല

റിയാദ് - ദക്ഷിണ സൗദി അറേബ്യയിൽ ഏതാനും സൈനിക കേന്ദ്രങ്ങളുടെ നിയന്ത്രണങ്ങൾ തങ്ങൾ പിടിച്ചടക്കി എന്ന ഹൂത്തി മിലീഷ്യകളുടെ അവകാശവാദം ശരിയല്ലെന്ന് സഖ്യസേനാ വൃത്തങ്ങൾ പറഞ്ഞു. നജ്‌റാനിലും ജിസാനിലും ഏതാനും സൈനിക കേന്ദ്രങ്ങളുടെ നിയന്ത്രണം ഇറാൻ പിന്തുണയുള്ള ഹൂത്തികൾ പിടിച്ചടക്കിയതായി ഹൂത്തി അനുകൂല മാധ്യമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. നിരവധി വ്യാജ കഥകളും സങ്കൽപ വിജയങ്ങളും ഹൂത്തികൾ നേരത്തെയും കെട്ടിച്ചമച്ച് പ്രചരിപ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ ദമാമിൽ സൈനിക കേന്ദ്രത്തിനു ആക്രമണം നടത്തിയതായും ഹൂത്തികൾ അവകാശപ്പെട്ടു. 
യെമനിൽ സഖ്യസേന സൈനിക നടപടി ആരംഭിച്ച ശേഷം ഓരോ ദിവസവും ഹൂത്തികൾ പരാജയം രുചിച്ചുവരികയാണ്. യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ ഒരു പോരാട്ട മുന്നണിയിലും ഹൂത്തികൾ നേട്ടം കൈവരിച്ചിട്ടില്ല. ഇക്കാരണത്താലാണ് തങ്ങളുടെ പോരാളികൾക്കിടയിലെ മനോവീര്യം ഉയർത്തുന്നതിന് വ്യാജ വിജയങ്ങളും പച്ചക്കള്ളങ്ങളും അവർ പ്രചരിപ്പിക്കുന്നത്. 
മൂന്നു ദിവസത്തിനിടെ നജ്‌റാനിലും ജിസാനിലും പതിനഞ്ചു സൈനിക കേന്ദ്രങ്ങളുടെ നിയന്ത്രണങ്ങൾ തങ്ങൾ പിടിച്ചടക്കി എന്ന ഹൂത്തികളുടെ അവകാശവാദം പരിഹാസ്യമാണ്. ഹൂത്തികളുടെ ശക്തികേന്ദ്രങ്ങളായ സഅ്ദക്കും ഹജ്ജക്കും വളരെ അടുത്തു വരെ എത്തുന്നതിന് സഖ്യസേനയുടെ സഹായത്തോടെ യെമൻ സൈന്യത്തിന് സാധിച്ചിട്ടുണ്ടെന്നും സഖ്യസേനാ വൃത്തങ്ങൾ പറഞ്ഞു. 


 

Latest News