ലോക നീന്തൽ ചാമ്പ്യൻഷിപ് തെക്കൻ കൊറിയയിൽ സമാപിച്ചപ്പോൾ ശ്രദ്ധിക്കപ്പെട്ട മുഖങ്ങൾ ഇതൊക്കെയാണ്. ടോക്കിയോ ഒളിംപിക്സ് ഒരു വർഷത്തിനകം നടക്കാനിരിക്കേ വലിയ പ്രതീക്ഷകളായിരിക്കും ഇവരുടെ ചുമലുകളിൽ.
മൈക്കിൾ ആൺഡ്രു എന്നൊരു അമേരിക്കക്കാരൻ, മൂന്നു രാജ്യങ്ങളിലെ മൂന്ന് ടീനേജ് പെൺകുട്ടികൾ, മൈക്കിൾ ഫെൽപ്സിന്റെ പ്രിയപ്പെട്ട ലോക റെക്കോർഡ് തകർത്തെറിഞ്ഞ ഒരു ഹംഗറിക്കാരൻ.. ലോക നീന്തൽ ചാമ്പ്യൻഷിപ് തെക്കൻ കൊറിയയിൽ സമാപിച്ചപ്പോൾ ശ്രദ്ധിക്കപ്പെട്ട മുഖങ്ങൾ ഇതൊക്കെയാണ്. ടോക്കിയോ ഒളിംപിക്സ് ഒരു വർഷത്തിനകം നടക്കാനിരിക്കേ വലിയ പ്രതീക്ഷകളായിരിക്കും ഇവരുടെ ചുമലുകളിൽ.
ഇരുപതുകാരനായ മൈക്കിൾ ആൻഡ്രൂ മെഡൽ നേടിയിട്ടില്ല. 50 മീറ്റർ ബട്ടർഫ്ളൈയിൽ നാലാം സ്ഥാനത്തായിരുന്നു. എന്നാൽ ഒളിംപിക്സിൽ വിജയ പീഠത്തിലെത്താനുള്ള കരുത്തുണ്ട് ഈ അമേരിക്കക്കാരന്. കഴിഞ്ഞ വർഷം അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ സീലെബ് ഡ്രസ്സലിനെ അട്ടിമറിച്ച ചരിത്രമുണ്ട് ആൻഡ്രൂവിന്.
നാലു തവണ ലോക ചാമ്പ്യനും ഒളിംപിക് ചാമ്പ്യനുമായ സാറ സ്യോസ്റ്റോമിനെ അട്ടിറിച്ച് 100 മീറ്റർ ബട്ടർഫ്ളൈയിൽ വിജയപീഠത്തിലേറിയാണ് മാഗി മക്നീൽ എന്ന കാനഡക്കാരി താരമായത്. രണ്ട് റിലേകളിൽ വെങ്കലം നേടാൻ പത്തൊമ്പതുകാരി കാനഡയെ സഹായിച്ചു.
ഫെൽപ്സിന്റെ 10 വർഷം പഴക്കമുള്ള 200 മീ. ബട്ടർഫ്ളൈ റെക്കോർഡ് തകർത്താണ് ഹംഗറിയുടെ ക്രിസ്റ്റോഫ് മിലാക് ശ്രദ്ധ പിടിച്ചുപറ്റിയത്. മറ്റു മെഡലുകാരേക്കാൾ മൂന്ന് സെക്കന്റ് വേഗത്തിൽ മിലാക് ഫിനിഷ് ചെയ്തു. ഫെൽപ്സിന്റെ റെക്കോർഡ് 0.78 സെക്കന്റ് വ്യത്യാസത്തിലാണ് തകർത്തത്. യൂറോപ്യൻ ചാമ്പ്യനും ജൂനിയർ ലോക റെക്കോർഡ് ജേതാവുമായിരുന്നു മിലാക്. ഒളിംപിക്സിൽ വൻ പ്രതീക്ഷകൾ താങ്ങാൻ പത്തൊമ്പതുകാരന് കഴിയുമോയെന്നതാണ് ചോദ്യം. എന്നാൽ ടോക്കിയോയിൽ കൂടുതൽ വേഗം കാണാമെന്നാണ് മിലാക്കിന്റെ വാഗ്ദാനം. റെക്കോർഡ് നഷ്ടപ്പെട്ടതിൽ ദുഃഖമുണ്ടെന്ന് ഫെൽപ്സ് പ്രതികരിച്ചു. 400 മീറ്റർ ഇൻഡിവിജ്വൽ മെഡ്ലെയിലെ റെക്കോർഡ് മാത്രമാണ് ഇനി ഫെൽപ്സിന്റെ പേരിൽ അവശേഷിക്കുന്നത്.
വനിതകളുടെ 200 മീറ്റർ ബാക്സ്ട്രോക്കിൽ റെക്കോർഡ് തകർത്താണ് റീഗൻ സ്മിത്ത് എന്ന അമേരിക്കക്കാരി കൊറിയയിൽ വിജയപീഠത്തിലെത്തിയത്. തൊട്ടടുത്ത എതിരാളിയെ 2.57 സെക്കന്റിന്റെ വൻ വ്യത്യാസത്തിൽ പതിനേഴുകാരി മറികടന്നു. റിലേയിൽ 100 മീ. ബാക്സ്ട്രോക്ക് പാദവും റെക്കോർഡായിരുന്നു.
പതിനെട്ടുകാരി ആരിയാൺ ടിറ്റ്മസിനെ ടെർമിനേറ്റർ എന്നാണ് ഓസ്ട്രേലിയ വിശേഷിപ്പിക്കുന്നത്. കെയ്റ്റി ലെഡക്കിയെ ഒരു സെക്കന്റ് വ്യത്യാസത്തിൽ 400 മീ. ഫ്രീസ്റ്റൈലിൽ ടിറ്റ്മസ് മറികടന്നു.
2012 ലെ ഒളിംപിക്സ് മുതൽ ഈയിനം കുത്തകയാക്കിയ ലെഡക്കിക്ക് വലിയ ഭീഷണിയാണ് ടിറ്റ്മസ്. പരാജയം ലെഡക്കിയെ തകർത്തു. 1500 മീറ്ററിലെ സ്വർണം നിലനിർത്താനുള്ള പോരാട്ടത്തിൽ നിന്ന് അസുഖം കാരണം ലെഡക്കി പിന്മാറി. 200 മീറ്റർ ഹീറ്റ്സിലും മത്സരിച്ചില്ല. മൈക്കിൾ ഫെൽപ്സിന്റെ സന്ദേശമാണ് ലെഡക്കിക്ക് വീണ്ടും പ്രചോദനം നൽകിയത്. യൂറോപ്യൻ ചാമ്പ്യൻ സിമോണ ക്വാഡറലയെ തോൽപിച്ച് 800 മീറ്റർ ഫ്രീസ്റ്റൈലിൽ ലെഡക്കി സ്വർണം പിടിച്ചു. ലോക മീറ്റിൽ ലെഡക്കിയുടെ പതിനഞ്ചാമത്തെ സ്വർണമാണ് ഇത്.
അമേരിക്കൻ സൂപ്പർ സ്റ്റാർ സീലിബ് ഡ്രസ്സൽ ആറ് സ്വർണവുമായാണ് തെക്കൻ കൊറിയ വിട്ടത്. രണ്ടു വർഷം മുമ്പ് ബുഡാപെസ്റ്റിൽ ഏഴ് സ്വർണം നേടിയിരുന്നു ഡ്രസ്സൽ. നാല് വ്യക്തിഗത ഇനങ്ങളിലും സീലിബ് ചാമ്പ്യനായി. ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന 100 മീറ്റർ ഫ്രീസ്റ്റൈലിൽ വിജയകരമായി സ്വർണം നിലനിർത്തി. എന്നാൽ 100 മീറ്റർ ബട്ടർഫ്ളൈ സെമി ഫൈനലിലെ ഡ്രസ്സലിന്റെ പ്രകടനമാണ് കായിക ലോകം ഓർമിക്കുക. മൈക്കിൾ ഫെൽപ്സിന്റെ 10 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തകർക്കാൻ 49.50 സെക്കന്റിൽ ഡ്രസ്സൽ കുതിച്ചെത്തിയപ്പോൾ കാഴ്ചക്കാർ ശ്വാസമടക്കി നിന്നു. 0.32 സെക്കന്റിന്റെ വൻ വ്യത്യാസത്തിലാണ് ഫെൽപ്സിന്റെ റെക്കോർഡ് മുങ്ങിത്താണത്.
ചൈനയുടെ സുൻ യാനിന്റെ നേട്ടം ഉത്തേജക ആരോപണങ്ങളിൽ നിറം കെട്ടു. 200 മീ., 400 മീ. ഫ്രീസ്റ്റൈലുകളിൽ സുൻ സ്വർണം നിലനിർത്തി. എന്നാൽ സുന്നിനെതിരായ ഉത്തേജക ആരോപണങ്ങളുടെ പേരിൽ വിജയപീഠത്തിൽ ചൈനീസ് താരത്തെ എതിരാളികളായ മാർക്ക് ഹോർടനും ഡങ്കൻ സ്കോട്ടും അവഗണിച്ചു. രാജ്യാന്തര നീന്തൽ സംഘടന ഫിനയിൽ നിന്ന് ചോർന്ന രേഖകൾ പ്രകാരം രക്തസാമ്പിളുകൾ ചുറ്റിക കൊണ്ട് തകർത്തിരുന്നു. എന്നാൽ എതിരാളികളുടെ പെരുമാറ്റത്തെ ട്രിപ്പിൾ ഒളിംപിക് ചാമ്പ്യൻ രൂക്ഷമായാണ് നേരിട്ടത്. ലൈസൻസില്ലാത്ത പരിശോധകരെ തടയുക വഴി എല്ലാ കായിക താരങ്ങൾക്കും വേണ്ടിയാണ് താൻ നിലകൊണ്ടതെന്ന് സുൻ വാദിക്കുന്നു.
ആഡം പീറ്റിയുടെ തകർപ്പൻ പ്രകടനത്തോടെയാണ് ചാമ്പ്യൻഷിപ്പിന് തുടക്കമായത്. 100 മീറ്റർ ബ്രസ്റ്റ് സ്ട്രോക്ക് 57 സെക്കന്റിൽ താഴെ നീന്തിയെത്തുന്ന ആദ്യത്തെ നീന്തൽ താരമായി ബ്രിട്ടീഷുകാരൻ. ഒളിംപിക് ചാമ്പ്യനായ പീറ്റിയെ അഞ്ചു വർഷമായി ആരും തോൽപിച്ചിട്ടില്ല.






