Sorry, you need to enable JavaScript to visit this website.

നാലു ശതമാനം പലിശക്ക് സ്വർണത്തിന്റെ ഈടിൽ കാർഷിക വായ്പയും നിർത്തി, കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു

ന്യൂദൽഹി- സ്വർണം ഈടായി മൂന്നു ലക്ഷം രൂപ വരെ നൽകിയിരുന്ന കാർഷിക വായ്പ കേന്ദ്ര സർക്കാർ നിർത്തലാക്കി. കേരള കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാറിന്റെ കൂടി ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഈ വർഷം ഒക്ടോബർ ഒന്നുമുതൽ സ്വർണ്ണപ്പണയത്തിന്മേൽ കാർഷിക വായ്പ നൽകേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ ബാങ്കുകൾക്ക് കർശനനിർദ്ദേശം നൽകി. കേന്ദ്ര കൃഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. സ്വർണപ്പണയത്തിന്മേൽ നാലു ശതമാനം വാർഷിക പലിശക്ക് മൂന്നു ലക്ഷം രൂപ വരെ വായ്പ നൽകിയിരുന്നു. സാധാരണക്കാർക്ക് ഏറെ ആശ്വാസകരമായിരുന്നു ഈ വായ്പ. എന്നാൽ അനർഹർ ഇത്തരം വായ്പയെടുക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കൃഷി മന്ത്രി വി.എസ് സുനിൽകുമാർ കത്ത് നൽകുകയായിരുന്നു. 
സബ്‌സിഡിയോടെയുള്ള കൃഷി വായ്പ കിസാൻ ക്രഡിറ്റ് കാർഡുള്ളവർക്ക്(കെ.സി.സി) മാത്രമായി നിജപ്പെടുത്തണം, എല്ലാ കെ.സി.സി എക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണം, ആധാറില്ലാത്തവർക്ക് ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്യത്തിൽ സബ്‌സിഡി നൽകില്ല, ഇതുവരെ വായ്പ ലഭിക്കാത്ത എല്ലാ കെ.സി.സി അംഗങ്ങൾക്കും വായ്പ ലഭ്യമാക്കണം, അപേക്ഷകളിൽ പതിനാലു ദിവസത്തിനകം തീരുമാനമെടുക്കണം തുടങ്ങിയ നിർദ്ദേശങ്ങളും കേന്ദ്രം നൽകി. 
സ്വർണം ഈടായുള്ള വായ്പക്ക് ഒൻപത് ശതമാനമാണ് പലിശയെങ്കിലും അഞ്ചു ശതമാനം സബ്‌സിഡിയുണ്ടായിരുന്നു. മൂന്നു ശതമാനം കേന്ദ്രവും രണ്ടു ശതമാനം സംസ്ഥാനവുമായിരുന്നു വഹിച്ചിരുന്നത്.
 

Latest News