ന്യൂദല്‍ഹി- ഹൈക്കോടതി വിധിയെ തുടര്‍ന്ന് വീട്ടുതടങ്കലിലായ ഭാര്യ ഹാദിയയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കൊല്ലം ചന്ദനത്തോപ്പ് ചിറയില്‍ പുത്തന്‍വീട്ടിലെ ശഫിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചു.
സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം സ്വീകരിച്ചാണ് കോട്ടയം വൈക്കം ടി.വി പുരം ദേവികൃപയിലെ ഹാദിയ തന്നെ വിവാഹം ചെയ്തതെന്ന് ഹരജിയില്‍ പറയുന്നു. കേരള ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നും ഹാദിയയുടെ ഇഷ്ടമറിയാന്‍ അവളെ സുപ്രീം കോടതിയില്‍ ഹാജരാക്കാന്‍ കേരള പോലീസിന് നിര്‍ദേശം നല്‍കണമെന്നും ശഫിന്‍ ജഹാന്‍ സമര്‍പ്പിച്ച പ്രത്യേകാനുമതി ഹരജിയില്‍ ബോധിപ്പിച്ചു.
സ്വയം ചിന്തിക്കാനുള്ള അവകാശം ഒരു സ്ത്രീയില്‍നിന്ന് എടുത്തുമാറ്റുകയും അവളെ ദുര്‍ബലയായും ചിന്തിക്കാനും തീരുമാനമെടുക്കാനും കെല്‍പില്ലാത്തവളായും ചിത്രീകരിക്കുകയും ചെയ്ത കേരള ഹൈക്കോടതി വിധി ഇന്ത്യന്‍ സ്ത്രീത്വത്തിന് അപമാനമാണെന്ന് അഡ്വ. പല്ലവി ജോഷി, അഡ്വ. ഹാരിസ് ബീരാന്‍ എന്നിവര്‍ മുഖേന സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞു.