ബഹിരാകാശ നേട്ടങ്ങളെ ഓര്‍മിപ്പിച്ച് ദുബായ് സാറ്റിന്റെ പത്താം വാര്‍ഷികം

അബുദാബി- യു.എ.ഇയുടെ ആദ്യ ഉപഗ്രഹമായ ദുബായ് സാറ്റ് ഒന്ന് പത്ത് വയസ്സ് പിന്നിട്ടു. 2009 ജൂലൈ 29നാണ് യു.എ.ഇ.യുടെ ആദ്യ ഭൗമനിരീക്ഷണ ഉപഗ്രഹമായ ദുബായ് സാറ്റ് ഒന്നിന്റെ വിക്ഷേപണം. ഭൂമിയില്‍നിന്ന് 682 കിലോമീറ്റര്‍ ദൂരെനിന്നുള്ള ആയിരക്കണക്കിന് ചിത്രങ്ങളാണ് ദുബായ് സാറ്റ് നല്‍കിയത്. മറ്റ് ലോക രാജ്യങ്ങള്‍ക്കും ഉപകാരപ്രദമായ വിവരങ്ങള്‍ നല്‍കുന്നതിലും ദുബായ് സാറ്റ് ഒന്ന് വിജയിച്ചു.
ഭൗമനിരീക്ഷണ ഉപഗ്രഹം വിലകൊടുത്ത് വാങ്ങുന്നത് എളുപ്പമായിരുന്നെങ്കിലും സ്വന്തമായി നിര്‍മിക്കുന്നതിനാണ് യു.എ.ഇ. പ്രാധാന്യം നല്‍കിയത്. യു.എ.ഇ.യുടെ ബഹിരാകാശ ശാസ്ത്രശാഖയുടെ വികാസവും അതിന്റെ പിറകിലെ ലക്ഷ്യമായിരുന്നു. ദക്ഷിണ കൊറിയന്‍ സംഘത്തിന്റെ സഹകരണത്തോടെ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിലായിരുന്നു ദുബായ് സാറ്റിന്റെ ജനനം. കസാഖിസ്ഥാനില്‍ നിന്നാണ് ദുബായ് സാറ്റ് ഒന്ന് ബഹിരാകാശത്തേക്ക് കുതിച്ചത്.
ജൂലായ് 29ന് പറന്നുയര്‍ന്ന ഉപഗ്രഹം കൃത്യം 11 ദിവസങ്ങള്‍ക്കുശേഷം ഓഗസ്റ്റ് ഒമ്പതിന് ആദ്യ ചിത്രങ്ങള്‍ അയച്ചുതുടങ്ങി. ദുബായ് തീരത്തിന്റേതായിരുന്നു ആദ്യ ചിത്രം. തുടര്‍ന്ന് ലഭിച്ച ചിത്രങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി ഗവേഷകരും എന്‍ജിനിയര്‍മാരും ഭൂഗോള ചിത്രകാരന്മാരും ചേര്‍ന്ന് യു.എ.ഇ.യുടെ സ്വന്തം ഭൂപടവും നിര്‍മിച്ചു. 83,600 ചതുരശ്ര കിലോമീറ്റര്‍ ഉള്‍ക്കൊള്ളുന്ന 70 ചിത്രങ്ങള്‍ 127 പേജുകളിലായാണ് ഇത്തരത്തില്‍ ക്രമീകരിച്ചത്. 2011 ല്‍ ജപ്പാനിലുണ്ടായ സുനാമിയിലും ഭൂമികുലുക്കത്തിലുമുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ദുബായ് സാറ്റ് ഒന്നയച്ച ചിത്രങ്ങള്‍ ഏറെ പ്രയോജനകരമായി. ദുബായ് സാറ്റ് ഒന്നിന്റെ പിറകില്‍ പ്രവര്‍ത്തിച്ച വിദഗ്ധര്‍ 2013 ല്‍ വിക്ഷേപണം നടത്തിയ ദുബായ് സാറ്റ് രണ്ടിലും സജീവമായിരുന്നു. 2018 ഒക്ടോബര്‍ 29 ന് ഖലീഫ സാറ്റ് വിക്ഷേപണവും നടന്നു.

 

Latest News