ദുബായ്- ദുബായ് പോലീസ് ട്രാഫിക് പിഴ ഒഴിവാക്കി എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിച്ച ക്ലിപ്പിംഗ് ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കി. ഇതോടെ പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കി അധികൃതര്‍ രംഗത്തുവന്നു.
അമിത വേഗത്തിന് ലഭിച്ച പിഴ ഒഴിവാക്കിയതായി ദുബായ് പൊലീസില്‍നിന്ന് സൗദി പൗരന് അറബിയില്‍ സന്ദേശം ലഭിച്ചതായാണ് അറിയിപ്പിന്റെ ക്ലിപ്പിംഗ് അടക്കം വാര്‍ത്ത പ്രചരിച്ചത്. അതിവേഗം തന്നെ ഇത് സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ വിശദീകരണവുമായി ദുബായ് പോലീസ് രംഗത്തെത്തി.
10 വര്‍ഷം മുമ്പുള്ള ഒരു സന്ദേശമാണിത്. ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ദുബായ് പോലീസിന്റെ ലോഗോയും പഴയതാണ്. സന്ദര്‍ശകര്‍ക്ക് സന്തോഷം പകരാന്‍ വേണ്ടി നടപ്പാക്കിയ ഒരു പദ്ധതിയുടെ ഭാഗമായുള്ളതായിരുന്നു സന്ദേശമെന്ന് ദുബായ് പോലീസ് സെക്യുരിറ്റി മീഡിയാ വിഭാഗം ഡയറക്ടര്‍ കേണല്‍ ഫൈസല്‍ അല്‍ ഖാസിം പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പ്രചാരണം വ്യാപകമായതോടെ നിജസ്ഥിതി അറിയാന്‍ പലരും പോലീസുമായി ബന്ധപ്പെട്ടിരുന്നു.