ദുബായ്- കടക്കെണിയില്‍ പെട്ട് നട്ടം തിരിഞ്ഞ ഇന്ത്യന്‍ യുവാവിന് ജോലി കൂടി നഷ്ടമായതോടെ, ആത്മഹത്യയല്ലാതെ മറ്റൊരു പോംവഴിയുമില്ലാതായി. വിവരമറിഞ്ഞ ദുബായ് പോലീസ് സഹായഹസ്തവുമായെത്തി.
ഹൈദരാബാദ് സ്വദേശിയായ ശൈഖ് സൈഫുദ്ദീനാണ് ദുബായ് പോലീസിന്റെ സമയോചിത ഇടപെടലിലൂടെ ആത്മഹത്യാ മുനമ്പില്‍നിന്ന് കര കയറുന്നത്. ജോലി കണ്ടുപിടിക്കാനും കടം തീര്‍ക്കാനും സഹായിക്കാമെന്നാണ് പോലീസിന്റെ വാഗ്ദാനം.
വൃക്കരോഗിയായ പിതാവിന്റെ ചികിത്സക്കായാണ് പതിനഞ്ച് ലക്ഷത്തോളം രൂപ സൈഫുദ്ദീന് വായ്പയെടുത്തത്. അത് കൊടുത്തു തീര്‍ക്കാനാണ് ദുബായിലേക്ക് വിസിറ്റ് വിസയില്‍ വിമാനം കയറിയത്. ഇവിടെയൊരു കമ്പനിയില്‍ സെക്യൂരിറ്റി ജീനക്കാരന്റെ പണിയാണ് കിട്ടിയത്. കഴിഞ്ഞ ദിവസം അതും നഷ്ടമായി.
തന്റെ ദുരിതകഥ വിവരിച്ച് സൈഫുദ്ദീന് ഖലീജ് ടൈംസ് പത്രത്തിനെഴുതിയ കത്താണ് വഴിത്തിരിവായത്. കത്ത് ദുബായ് പോലീസിന് അയച്ചുകൊടുത്ത പത്രം പ്രശ്നത്തില്‍ ഇടപെടാന്‍ അഭ്യര്‍ഥിച്ചു. കഴിഞ്ഞ ദിവസം സൈഫുദ്ദീന്റെ താമസസ്ഥലത്തെത്തിയ പോലീസ് അയാളെ ആസ്ഥാനത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്നും ജോലി നേടിത്തരാന്‍ സഹായിക്കാമെന്നും വാഗ്ദാനം ചെയ്തിരിക്കുകയാണ് അവര്‍. ഇതിനായി ബയോഡേറ്റ നല്‍കാനും പറഞ്ഞു.
അതീവഹൃദ്യമായിരുന്നു പോലീസിന്റെ പെരുമാറ്റമെന്ന് പറഞ്ഞ സൈഫുദ്ദീന്, തനിക്ക് സന്തോഷം കിട്ടുമെങ്കില്‍ ബുര്‍ജ് ഖലീഫയില്‍ താമസിക്കാന്‍ ഏര്‍പ്പാടുണ്ടാക്കാമെന്ന് വരെ പോലീസ് പറഞ്ഞതായി അറിയിച്ചു. പുതിയൊരു ജീവിതം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ 23 കാരന്.