കോഴിക്കോട്- മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.ഐ തങ്ങൾക്ക് വേണ്ടി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മയ്യിത്ത് നമസ്‌കരിച്ചതിനെ വിവാദമാക്കരുതെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായ്. എം.ഐ തങ്ങൾക്ക് വേണ്ടി പാണക്കാട് തങ്ങൾ മയ്യിത്ത് നിസ്‌കരിച്ചതിനെ ആക്ഷേപിക്കുന്നവർ സ്ഥിരം പല്ലവി ആവർത്തിക്കുക മാത്രമാണെന്നും ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പിൽ നാസർ ഫൈസി വ്യക്തമാക്കി. മുജാഹിദിനോടുള്ള അകൽച്ച പാലിക്കണമെന്ന സുന്നി നിലപാടിനോട് വൈരുദ്ധ്യമായി ഇതിനെ ഉയർത്തിക്കാട്ടുന്ന സൈബർ യോദ്ധാക്കളുണ്ട്. പുത്തൻവാദികളോടുള്ള വിരോധവും നിസഹകരണവും വ്യക്തവും കൃത്യവുമാണ്. അതിൽ മയ്യിത്ത് നിസ്‌കാരം നിഷിദ്ധമാണെന്ന് നിലപാടുള്ളതായി അറിവില്ല. രാഷ്ട്രീയത്തിന്റെ കൂടി നേതൃസ്ഥാനത്ത് നിൽക്കുന്ന പാണക്കാട് സയ്യിദുമാർക്ക് അവരുടെ മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം വഹിക്കേണ്ടി വരും. അതിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സമസ്തയുടെ പഴയ മഹാത്മാക്കളാരും അതിനെ എതിർത്തിട്ടില്ല.
എം.ഐ തങ്ങളെ കടുത്ത മുജാഹിദെന്ന് മുദ്രകുത്തുന്നതും ശരിയായിരിക്കില്ല. അറബിയിൽ തന്നെ ഖുതുബ ഓതണമെന്നുൾപ്പെടെ പല കാര്യത്തിലും മുജാഹിദ് ആശയത്തോട് വിയോജിപ്പുള്ള ആളായിരുന്നു അദ്ദേഹം. സയ്യിദ് പാരമ്പര്യത്തിന്റെ മഹത്വവും പോരിശയും കാത്തു സൂക്ഷിക്കുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ബിദഈ വിരോധത്തെ എം.ഐ തങ്ങളുടെ മയ്യിത്ത് നിസ്‌കാരവുമായി ബന്ധിപ്പിച്ച് സമസ്തയിൽ വൈരുദ്ധ്യത നിരത്തുന്നവർ തിരിച്ചറിവില്ലാത്തവരൊന്നുമല്ലെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു.