Sorry, you need to enable JavaScript to visit this website.

യു.എ.ഇക്ക് ചൈന വിഷന്‍, സഹകരണം ശക്തമാക്കും

അബുദാബി- അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ചൈനാ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായി യു.എ.ഇ ചൈന വിഷന്‍ 2030 ന് രൂപം നല്‍കി. യു.എ.ഇയുടെ ഏറ്റവും വലിയ രണ്ടാമത്തെ വാണിജ്യ പങ്കാളിയായ ചൈനയുമായി വരും വര്‍ഷങ്ങളില്‍ ക്രിയാത്മകവും പ്രായോഗികവുമായ വന്‍ പദ്ധതികളാണ് അണിയറയിലുള്ളതെന്ന് ചൈനയിലെ യു.എ.ഇ സ്ഥാനപതി ഡോ. അലി ഒബൈദ് അല്‍ ദാഹിരി പറഞ്ഞു.
അടുത്ത നൂറ് വര്‍ഷത്തേക്ക് യു.എ.ഇ-ചൈന ബന്ധത്തിന്റെ സുസ്ഥിരതയുറപ്പാക്കാനുള്ള കരുത്തുള്ള തൂണുകളാണ് ഈ യാത്രയോടെ സ്ഥാപിക്കുന്നതെന്നാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ചൈനീസ് സന്ദര്‍ശനത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഇതിന്റെ ആദ്യചുവടുവെപ്പെന്ന രീതിയിലാണ് യു.എ.ഇ.യിലെ ഇരുനൂറോളം സ്‌കൂളുകളില്‍ ചൈനീസ് ഭാഷ പഠിപ്പിക്കാനുള്ള തീരുമാനമായത്. യു.എ.ഇ- ചൈന ബന്ധം അന്താരാഷ്ട്ര സുരക്ഷക്കും മേഖലയില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനും ഏറെ പ്രധാനപ്പെട്ടതാണെന്നും ദാഹിരി വിവരിച്ചു.
2030 ഓടെ യു.എ.ഇ.യും ചൈനയും തമ്മിലുള്ള വാണിജ്യ ഇടപാടുകള്‍ 200 ബില്യണ്‍ യു.എസ്. ഡോളറിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ പ്രതിവര്‍ഷം 60 ബില്യണ്‍ യു.എസ്. ഡോളറിന്റെ ഇടപാടുകളാണ് യു.എ.ഇ.യും ചൈനയും തമ്മിലുള്ളത്. ധനകാര്യം, വാണിജ്യ വ്യവസായം, നിക്ഷേപം, സാങ്കേതികത, നിര്‍മിത ബുദ്ധി, സാംസ്‌കാരികം, വിദ്യാഭ്യാസം എന്നീ മേഖലകളിലും പരിസ്ഥിതി, ഭക്ഷ്യ സുരക്ഷയുറപ്പാക്കല്‍ തുടങ്ങിയവയിലുമടക്കം വലിയ സഹകരണമാണ് ഇരുരാജ്യങ്ങളും മുന്നില്‍ കാണുന്നത്.

 

Latest News