ലക്‌നൗ- മുസ്‌ലിംകൾ പശുക്കളെ വളർത്തുന്നത് ലൗവ് ജിഹാദാണെന്ന വിവാദ പ്രസ്‌താവനയുമായി ഉത്തർ പ്രദേശിലെ ബി ജെ പി നേതാവ്. മുസ്‌ലിംകളിൽ നിന്നും പശുക്കളെ എന്ത് വിലകൊടുത്തും എടുത്ത് മാറ്റണമെന്നും ആവശ്യപ്പെട്ടു ഉത്തർ പ്രദേശിലെ മുതിർന്ന ബി ജെ പി നേതാവായ രഞ്ജിത്ത് ബഹാദൂർശ്രീവാസ്‌തവ ആണ് രംഗത്തെത്തിയത്. മുസ്‌ലിംകളുടെ വീടുകളിലെ പശുക്കളെ പിടിച്ചെടുക്കണം. ഹിന്ദു പെൺകുട്ടികൾ മുസ്‌ലിം ചെറുപ്പക്കാരോടൊത്ത് പോകുന്നത് ലൗവ് ജിഹാദായാണ് നാം പരിഗണിക്കുന്നത്. അത് പോലെ തന്നെ മുസ്‌ലിംകളുടെ വീടുകളിൽ വളർത്തുന്നത് ലൗവ് ജിഹാദായി തന്നെ കാണണമെന്നും ആവശ്യപ്പെട്ടാണ് അദ്ദേഹത്തിന്റെ രംഗ പ്രവേശനം.
പശുക്കൾ അടിസ്ഥാനപരമായി ഹിന്ദുക്കളുടേതാണ്. അവയെ ഹിന്ദു ആചാരാനുഷ്ഠാനങ്ങൾക്കനുസരിച്ച് സംസ്കരിക്കണം. പശു ഹിന്ദുക്കൾക്ക് അമ്മയെ പോലെയാണ്. അമ്മയെ അന്ത്യ കർമങ്ങൾ നൽകി സംസ്കരിക്കുന്നത് പോലെ തന്നെ പശുക്കളെയും സംസ്‌കരിക്കണം. മുസ്‌ലിംകൾ പശുക്കൾക്ക് പകരം ആടുകളെയാണ് വളർത്തേണ്ടത്. മുസ്‌ലിംകളുടെ മാതാവാണ് ആട്. അവർ ആട് വളർത്തൽ തിരഞ്ഞെടുക്കണം. എന്തിനാണ് മുസ്‌ലിംകൾ പശുവിനെ വളർത്താൻ തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
രണ്ട് മതങ്ങൾ തമ്മിലുള്ള ഭിന്നത അവസാനിപ്പിക്കാൻ മുസ്‌ലിംകൾ ഹിന്ദു മതം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംകൾ ഇന്ത്യയിലേക്ക് വന്നതിനു ശേഷം ഹിന്ദുക്കൾ മുസ്ലീം മതത്തിലേക്ക് മതം മാറിയാണ് ഇവിടെ മുസ്ലിംകൾ ഉണ്ടായത്. അവർ നമ്മുടെ സഹോദരന്മാരെ പോലെയാണ് നമുക്ക് അനുഭവപ്പെടുന്നത്. അതിനാൽ മുസ്‌ലിംകൾ അവരുടെ യഥാർത്ഥ മതമായ ഹിന്ദു മതത്തിലേക്ക് മടങ്ങി വരണമെന്നുമാണ് ഇദ്ദേഹത്തിന്റെ ആവശ്യം.