മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ  ഇനിയില്ല, പകരം മെഡിക്കൽ കമ്മീഷൻ

ന്യൂദൽഹി- അഴിമതി ആരോപണങ്ങളിലൂടെ കുപ്രസിദ്ധിയാർജിച്ച മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യക്കു പകരം ദേശീയ മെഡിക്കൽ കമ്മീഷൻ എന്ന പുതിയ സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള ബിൽ ലോക്‌സഭയിൽ പാസായി. അധികാരത്തിന്റെ മറവിൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അഴിമതിയിൽ മുങ്ങിയെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ ബിൽ അവതരിപ്പിച്ചത്. 
മെഡിക്കൽ കൗൺസിൽ ബിൽ ഒരു തരത്തിലും സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങളെ മറികടക്കില്ലെന്ന് ലോക്‌സഭയിൽ മറുപടി പ്രസംഗത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുക എന്നതാണ് ബില്ലിന്റെ പ്രഥമ ലക്ഷ്യം. നീറ്റ് പരീക്ഷ രാജ്യത്ത് വിജയകരമായി തന്നെയാണ് നടപ്പാക്കിയത്. മുമ്പ് മെഡിക്കൽ വിദ്യാഭ്യാസത്തിനായി പത്തോ പന്ത്രണ്ടോ പരീക്ഷകൾ പാസാകേണ്ട അവസ്ഥയായിരുന്നു. എന്നാൽ നീറ്റ് പരീക്ഷ വന്നതോടെ ആ ബുദ്ധിമുട്ട് ഇല്ലാതായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നിരയിൽനിന്നു സംസാരിച്ച എം.പിമാർ എല്ലാവരും ബില്ലിലെ വ്യവസ്ഥകളെ അടിമുടി എതിർത്തു. ഭരണഘടനാപരമായ എല്ലാ ചട്ടങ്ങളെയും കാറ്റിൽ പറത്തുന്നതാണ് ബില്ലെന്ന് ഡി.എം.കെ എം.പി എ. രാജ ചൂണ്ടിക്കാട്ടി. നാഷണൽ മെഡിക്കൽ കമ്മീഷൻ ബില്ലിലെ ന്യൂനതകൾ അടിയന്തരമായി പരിഹരിക്കണമെന്ന് എം.കെ. രാഘവൻ എം.പി ബില്ലിൻമേൽ നടന്ന ചർച്ചയിൽ ആവശ്യപ്പെട്ടു. താൻ കൂടി അംഗമായ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി പ്രധാന ന്യൂനതകൾ ചൂണ്ടിക്കാട്ടി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ അവയൊന്നും തന്നെ പരിഹരിക്കപ്പെട്ടിട്ടില്ല എന്ന് എം.പി ചൂണ്ടിക്കാട്ടി. ബിൽ അവതരിപ്പിക്കുന്നതുകൊണ്ട് പ്രധാനമായും വിദ്യാർഥി സമൂഹമോ മെഡിക്കൽ പ്രൊഫഷനുകളോ അല്ല, മറിച്ച് ബിസിനസുകാരാണ് നേട്ടമുണ്ടാക്കാൻ പോകുന്നതെന്നും എം.കെ. രാഘവൻ പറഞ്ഞു.
മെഡിക്കൽ വിദ്യാഭ്യാസ നയം ഉണ്ടാക്കേണ്ട ദേശീയ മെഡിക്കൽ കമ്മീഷൻ, മെഡിക്കൽ വിദ്യാഭ്യാസത്തിനും മൂല്യനിലവാര നിർണയത്തിനുമുള്ള നാലു സ്വയംഭരണ സമിതികൾ എന്നിവയാണ് പുതുതായി രൂപീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 17 അംഗങ്ങളുള്ള കമ്മീഷനിലേക്ക് അഞ്ച് പേരെ മാത്രമാണ് തെരഞ്ഞെടുക്കുക. ബാക്കി 12 അംഗങ്ങളെ നാമനിർദേശം ചെയ്യുകയാണ്. കാബിനറ്റ് സെക്രട്ടറിക്ക് കീഴിലുള്ള സമിതിയായിരിക്കും കമ്മീഷൻ അംഗങ്ങളെ തീരുമാനിക്കുക. 
പി.ജി കോഴ്‌സുകളിൽ സീറ്റ് വർധിപ്പിക്കുന്നതിനായി മുൻകൂട്ടി അനുവാദം നേടണമെന്ന വ്യവസ്ഥയും കരടു ബില്ലിൽ ഒഴിവാക്കുന്നുണ്ട്. കോളേജുകളുടെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പരിശോധനകളും ഉണ്ടാകില്ല. ബിൽ പ്രകാരം എം.ബി.ബി.എസ് പൂർത്തിയാക്കിയവർ മറ്റൊരു ടെസ്റ്റ് കൂടി പാസാകേണ്ടി വരും. കരട് ബില്ലിലെ നാലാം പട്ടിക പ്രകാരം മറ്റു മെഡിക്കൽ ശാഖകളിൽ ഡിഗ്രി ഉള്ളവരും ആധുനിക വൈദ്യശാസ്ത്രത്തിൽ മരുന്ന് എഴുതാൻ അവകാശം ഉള്ളവരാകും. 
മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യക്ക് പകരം പുതിയ സംവിധാനം കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തെ ശക്തമായി എതിർത്ത് ഇന്ത്യൻ മെഡിക്കൽ അസോസിയഷൻ നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. രാജ്യത്തെ ആരോഗ്യ രംഗത്തെ ദോഷകരമായി ബാധിക്കുന്ന അപകടകരമായ വ്യവസ്ഥകളാണ് മെഡിക്കൽ കമ്മീഷൻ ബില്ലിൽ ഉള്ളതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മെഡിക്കൽ കമ്മീഷൻ രൂപീകരണത്തിൽ നിലവിലുള്ള ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഐ.എം.എ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നിവേദനം നൽകിയിരുന്നു.

 

Latest News