പെരുന്നാൾ ദിനത്തിൽ തായിഫിലേക്കൊരു യാത്ര

തായിഫിലേക്കുള്ള പാത
  കൂട്ടുകാർക്കൊപ്പം തായിഫ് സൂഖിൽ 
തായിഫിന്റെ പ്രകൃതി ഭംഗി
തായിഫിന്റെ രാത്രി ദൃശ്യം 

തായിഫ്... ഇസ്‌ലാമിക ചരിത്രത്തിൽ ഏറെ പ്രത്യേകതയുള്ള സ്ഥലം. പ്രവാചക ചരിത്രം പഠിക്കുമ്പോൾ ഒരു പാട് ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായിട്ടുള്ള തായിഫ് കാണണം എന്നത് ഒരാഗ്രഹമായിരുന്നു. എന്നാൽ ആഴ്ചയിൽ ഒരു ലീവ് പോലുമില്ലാത്ത ജോലിയായതുകൊണ്ട് ആ ആഗ്രഹം മനസ്സിലങ്ങനെ സഫലമാവാതെ കിടക്കുകയായിരുന്നു. അങ്ങനെയിരിക്കേയാണ് കഴിഞ്ഞ വർഷം ഷറഫിയ്യയിൽ നിന്നും ഒരു സംഘടന സംഘടിപ്പിച്ച തായിഫ് യാത്രയിൽ പോകാൻ അവസരം ലഭിച്ചത്. രാവിലെ പോയി രാത്രിയിൽ തിരിച്ചെത്തുന്ന രീതിയിലുള്ള പ്രോഗ്രാം ആയതുകൊണ്ട് കമ്പനിയിൽ നിന്നും ഒരു ദിവസത്തെ ലീവ് നേടിയായിരുന്നു ആ യാത്രയിൽ പങ്കാളിയായത്. എന്നാൽ വിചാരിച്ച പോലെ കാര്യങ്ങൾ നടന്നില്ല. അതിനു പ്രധാന കാരണം. രണ്ട് മൂന്ന് ബസുകളിലായി നൂറ്റി ഇരുപതോളം സഞ്ചാരികൾ. അവരെ എല്ലായിടവും കാണിച്ച് കൊടുക്കുമ്പോഴേക്കും സമയം ഒരുപാട് കഴിഞ്ഞിരിക്കും. അതുകൊണ്ട് തന്നെ നോട്ടീസിൽ പറഞ്ഞ എല്ലാ സ്ഥലവും കാണാൻ കഴിയാതെ തിരിച്ചു പോരേണ്ടി വന്നപ്പോൾ വെറുമൊരു ബസ് യാത്രയായി ചുരുങ്ങിയത് പോലെയാണ് തോന്നിയത്. അവസരം ഒത്തു വന്നാൽ ഒന്ന് കൂടി തായിഫിൽ പോകണമെന്ന് അന്ന് മനസ്സിൽ കുറിച്ചിട്ടിരുന്നു.
നമുക്ക് നാളെ തായിഫിൽ പോവുകയല്ലേ? ഇരുപത്തി ഒമ്പതാം നോമ്പിനായിരുന്നു സുഹൃത്ത് റഷീദിന്റെ ആ ചോദ്യം.  ഒന്നാം പെരുന്നാളിന് എനിക്കും അവനും ലീവുണ്ട്. കൂട്ടത്തിൽ മറ്റൊരു സുഹൃത്തായ ഹനീഫയേയും കൂട്ടാം എന്ന് പറഞ്ഞപ്പോൾ പിന്നെയൊന്നും ആലോചിക്കാൻ നിന്നില്ല. ഹനീഫയാണ് കാറ് ബുക്ക് ചെയ്തത്. സത്യം പറഞ്ഞാൽ ഞങ്ങൾക്ക് മൂന്ന് പേർക്കും രാത്രിയാണ് ജോലി. രാവിലെ ജോലിയും കഴിഞ്ഞ് പെരുന്നാൾ നമസ്‌കാരത്തിന് ശേഷം ഒന്ന് മയങ്ങി എണീറ്റ് ഉച്ചക്ക് ഒരു മണിക്ക് ഞങ്ങൾ തായിഫിലേക്ക് പുറപ്പെട്ടു. 
കഴിഞ്ഞ പ്രാവശ്യം ബസിലായതുകൊണ്ട് ചുരം ഒഴിവാക്കിയായിരുന്നു യാത്ര. എന്നാൽ ഇപ്രാവശ്യം ആദ്യമായി ഞാൻ തായിഫിലെ ചുരത്തിലൂടെ യാത്ര ചെയ്തു. ചുരം കേറുമ്പോൾ തന്നെ റോപ് വേ ദൃശ്യമായിരുന്നു. ഞങ്ങളുടെ ലക്ഷ്യം തായിഫായതുകൊണ്ട് ചുരം ഉൾക്കൊള്ളുന്ന അൽ ഹദയിൽ അധികം സമയം ചെലവഴിക്കാൻ പറ്റിയില്ല. തന്നെയുമല്ല, ഞങ്ങളെ കാത്ത് തായിഫിലെ സുഹൃത്തുക്കളായ ഫൈസലും ശരീഫും ഖാദറും അവിടെ നിൽക്കുന്നുണ്ടായിരുന്നു. മൂന്നര മണിക്ക് ഞങ്ങൾ തായിഫിലെ ഗോൾഡ് സൂഖിന് അടുത്തെത്തിയപ്പോൾ മൂവരും ഞങ്ങളെ ഹൃദ്യമായി സ്വീകരിച്ചു. ആദ്യം ഭക്ഷണം, പിന്നെ സന്ദർശനം എന്ന ഫൈസലിന്റെ നിർബന്ധത്തിന് വഴങ്ങി സൂഖിൽ തന്നെയുള്ള മലബാരി ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് നേരെ പോയത് സൂഖിനുള്ളിൽ തന്നെയുള്ള മസ്ജിദുൽ ഹുനൂദിലേക്കാണ്. അതിന്റെ കുറച്ചപ്പുറത്തായിട്ട് സ്വഹാബി അബ്ബാസ് (റ) അന്ത്യവിശ്രമം കൊള്ളുന്ന പള്ളിയും ഉണ്ട്. അവിടം സന്ദർശിക്കാൻ നിരവധി ആളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. 
പിന്നീട് ഞങ്ങൾ നേരെ പോയത് പഴങ്ങളും പച്ചക്കറികളും വിളഞ്ഞ് നിൽക്കുന്ന തോട്ടത്തിലേക്കാണ്. അവിടെ ഞങ്ങളെ സഹായിക്കാൻ സലാം എന്ന സുഹൃത്തുണ്ടായിരുന്നു. അവന്റെ കഫീലിന്റേതാണ് ആ തോട്ടം. മുന്തിരിയും അത്തിപ്പഴവും ബർശൂമും മൂത്തു വരുന്നേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ കടകളിൽ മാത്രം കണ്ടിട്ടുള്ള പ്ലംസ്  കുലകളായി മഞ്ഞയും ചുവപ്പും നിറത്തിൽ മൂത്ത് പഴുത്ത് നിൽക്കുന്നത് കാണാൻ നല്ല രസമാണ്. സലാമിന്റെ കൂട്ടുകാരാണ് ഞങ്ങളെന്ന് പറഞ്ഞപ്പോൾ ആവശ്യമുള്ളത് പറിച്ചെടുക്കാൻ കഫീൽ അനുമതി തന്നു. വയറ് നിറച്ച് കഴിച്ചതിന് ശേഷം വഴിച്ചെലവിന് കുറച്ച് കീസിൽ കരുതിയാണ് അവിടെ നിന്നും മടങ്ങിയത്. 
അവിടെ നിന്നും നേരെ ശഫയിലേക്ക്. ചുരം പോലെ വളവുകൾ ഇല്ലെങ്കിലും കുത്തനെയുള്ള കയറ്റം കയറി വേണം ശഫയിലെത്താൻ. സീസൺ സമയങ്ങളിൽ സഞ്ചാരികൾ താമസിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന സ്ഥലമാണ് ശഫ എന്ന് സലാം ഞങ്ങളോട് പറഞ്ഞു. അതുകൊണ്ട് തന്നെ സഞ്ചാരികളെ കാത്ത് ഒട്ടേറെ വീടുകളും അവിടെയുണ്ട്. ശഫയുടെ ഏറ്റവും ഉയരത്തിലായി വ്യൂ പോയന്റ് സജ്ജീകരിച്ചിട്ടുണ്ട്. അവിടെ നിന്നും പ്രകാശത്തിൽ കുളിച്ചു നിൽക്കുന്ന തായിഫിന്റെ രാത്രി കാഴ്ച നയനാനന്ദകരം തന്നെയാണ്. അവിടുത്തെ പാറക്കെട്ടുകളിൽ ഇരിക്കുമ്പോൾ നമ്മെ തലോടിപ്പോകുന്ന തണുത്ത കാറ്റേറ്റാൽ ഒന്ന് മയങ്ങിയാലോ എന്ന് ആരും ആഗ്രഹിച്ചു പോകും. 
അവിടെ നിന്നും മറ്റൊരു കയറ്റം കയറി പോയത് ആത്മഹത്യാ മുനമ്പ് എന്നറിയപ്പെടുന്ന സ്ഥലത്തേക്കാണ്. അവിടെ എത്തിയപ്പോഴേക്കും പകൽ വെളിച്ചം പറ്റേ മാഞ്ഞു പോയിരുന്നു. സൗദി അറേബ്യയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായി മാറിയ തായിഫിൽ എവിടെ നോക്കിയാലും കുതിര വണ്ടിയും ഒട്ടക വണ്ടിയും കാണാൻ കഴിയും. കുതിരയേയും ഒട്ടകത്തേയും ഉപയോഗിച്ച് ജീവിതം കരുപ്പിടിപ്പിക്കുന്ന ഒരുപാട് പേർ ഉണ്ടിപ്പോൾ തായിഫിൽ. 
സൂയിസൈഡ് പോയന്റിൽ എത്തിയപ്പോഴും അവിടെയും ഉണ്ട് കുതിരയും ഒട്ടകവുമെല്ലാം. പക്ഷേ രാത്രിയായത് കാരണം അതിൽ കയറാനുള്ള താൽപര്യം ഉണ്ടായിരുന്നില്ല. അഗാധമായ ഗർത്തങ്ങൾ കാണാനും സാധിച്ചില്ല. അവിടെ നിന്നും മടങ്ങി നേരെ റുദ്ദഫ് പാർക്ക് ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി. 
കഴിഞ്ഞ പ്രാവശ്യം പോവുമ്പോൾ ആ പാർക്കിന്റെ പണി പൂർത്തിയായിട്ടുണ്ടായിരുന്നില്ല. എന്നാൽ ഇപ്രാവശ്യം എല്ലാം സജ്ജീകരിച്ച ഒരു സുന്ദര പാർക്കായി റുദ്ദഫ് മാറിയിട്ടുണ്ട്. സാധാരണ ഫാമിലിക്ക് മാത്രം പ്രവേശനമുള്ള ഈ പാർക്കിൽ പെരുന്നാൾ പ്രമാണിച്ച് എല്ലാവരേയും അകത്തേക്ക് പ്രവേശിപ്പിക്കുന്നുണ്ട്. തായിഫിലെ സുഹൃത്തുക്കളും ആദ്യമായാണ് അന്ന് പാർക്കിന്റെ ഉൾവശം കാണുന്നത്. അതിനു മുമ്പ് പല പ്രാവശ്യം വന്നപ്പോഴും പാർക്കിനുള്ളിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല എന്ന് ഫൈസൽ പറഞ്ഞു. തായിഫിലെ ഫ്‌ളവർ ഷോ നടക്കുന്നത് ഈ പാർക്കിലാണ്. നമ്മുടെ നാട്ടിലായിരുന്നെങ്കിൽ പ്രവേശന ഫീസിനത്തിൽ ലക്ഷങ്ങളുടെ വരുമാനം പ്രതീക്ഷിക്കാവുന്ന തരത്തിലുള്ള ഈ പാർക്കിലേക്ക് പക്ഷേ തികച്ചും സൗജന്യമായാണ് സഞ്ചാരികളെ കടത്തിവിടുന്നത്.  പെരുന്നാൾ പ്രമാണിച്ച് സ്‌റ്റേജ് പരിപാടികൾ ഒരുക്കിയ പാർക്കിനുള്ളിൽ സന്ദർശകർ നിറഞ്ഞ് കവിഞ്ഞിരുന്നു. അൽപ നേരത്തെ വിശ്രമത്തിന് ശേഷം മടക്ക യാത്രക്ക് ഒരുങ്ങിയ ഞങ്ങളെ പിരിയാൻ തായിഫിലെ സുഹൃത്തുക്കൾക്ക് വിഷമം ഉള്ളതു പോലെ. 
സത്യത്തിൽ തായിഫിന്റെ ഒരു മൂല മാത്രമേ ഞങ്ങൾ കണ്ടിട്ടുള്ളൂ. തായിഫ് മുഴുവനായി കണ്ടു തീർക്കണമെങ്കിൽ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും വേണം. ചരിത്രപരമായും ടൂറിസ്റ്റ് പരമായും സന്ദർശിക്കാൻ അത്രയധികം സ്ഥലങ്ങളുണ്ട് തായിഫിൽ.  അതെല്ലാം കാണാനും പഠിക്കാനും ഇനിയും വരാം എന്ന് പറഞ്ഞ് തായിഫിലെ സുഹൃത്തുക്കളോട് യാത്ര പറയുമ്പോൾ സൗഹൃദ ബന്ധം ഊട്ടിയുറപ്പിച്ചതിന്റെയും പെരുന്നാൾ ആഘോഷം കെങ്കേമമാക്കിയതിന്റെയും സന്തോഷത്തിലായിരുന്നു ഞങ്ങൾ. 

 

Latest News