Sorry, you need to enable JavaScript to visit this website.

ഇസ്‌ലാമിക് സൈനിക സഖ്യത്തിലേക്ക് മൂന്നു രാജ്യങ്ങൾ പ്രതിനിധികളെ അയച്ചു

റിയാദ് - ഭീകര വിരുദ്ധ പോരാട്ടത്തിന് സൗദി അറേബ്യയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഇസ്‌ലാമിക് സൈനിക സഖ്യത്തിന്റെ റിയാദ് ആസ്ഥാനത്ത് പ്രവർത്തിക്കുന്നതിന് മൂന്നു രാജ്യങ്ങൾ കൂടി പ്രതിനിധികളെ അയച്ചു. അഫ്ഗാനിസ്ഥാനും മൗറിത്താനിയയും ഗാബോണും ആണ് പുതുതായി പ്രതിനിധികളെ അയച്ചത്. ഇതോടെ ഇസ്‌ലാമിക് സൈനിക സഖ്യ കേന്ദ്രത്തിലേക്ക് പ്രതിനിധികളെ അയച്ച രാജ്യങ്ങളുടെ എണ്ണം പതിനെട്ട് ആയി. ഈ വർഷാവസാനത്തോടെ സൈനിക സഖ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന രാജ്യങ്ങളുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
ജോർദാൻ, യു.എ.ഇ, ബഹ്‌റൈൻ, ബംഗ്ലാദേശ്, കോമറോസ്, സൗദി അറേബ്യ, സുഡാൻ, ഒമാൻ, ഫലസ്തീൻ, കുവൈത്ത്, ലബനോൻ, ലിബിയ, മാലി, നൈജർ, യെമൻ എന്നീ രാജ്യങ്ങൾ ഇസ്‌ലാമിക് സൈനിക സഖ്യ കേന്ദ്രത്തിൽ നേരത്തെ തന്നെ പ്രതിനിധികളെ നിയോഗിച്ചിരുന്നു. ഭീകര വിരുദ്ധ പോരാട്ടത്തിനുള്ള ഇസ്‌ലാമിക് സൈനിക സഖ്യത്തിൽ 41 രാജ്യങ്ങൾ അംഗങ്ങളാണ്. ആഗോള തലത്തിൽ ഭീകര, തീവ്രവാദ വിരുദ്ധ മേഖലയിൽ നടത്തുന്ന ഒറ്റപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ഊർജിതമാക്കുകയും ലോക സമാധാനം സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ആഗോള ശ്രമങ്ങളിൽ പങ്കുചേരുകയുമാണ് ഭീകര വിരുദ്ധ പോരാട്ടത്തിനുള്ള ഇസ്‌ലാമിക് സൈനിക സഖ്യത്തിൽ അംഗങ്ങളായ രാജ്യങ്ങൾ ചെയ്യുന്നത്. ഭീകര വിരുദ്ധ പോരാട്ട മേഖലയിൽ ശേഷികൾ ഉയർത്തുന്നതിനും പരിചയ സമ്പത്തും വിവരങ്ങളും പരസ്പരം കൈമാറുന്നതിനും അംഗ രാജ്യങ്ങൾ തമ്മിലും മറ്റു രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും തമ്മിലും തന്ത്രപ്രധാന പങ്കാളിത്തങ്ങൾ സ്ഥാപിക്കുന്നതിനും ഭീകര വിരുദ്ധ പോരാട്ടത്തിനുള്ള ഇസ്‌ലാമിക് സൈനിക സഖ്യം ലക്ഷ്യമിടുന്നു. 2015 ഡിസംബറിലാണ് സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഇസ്‌ലാമിക് സൈനിക സഖ്യം സ്ഥാപിച്ചത്. 

 

Latest News