അപകടത്തിൽ മരിച്ച ദമ്പതികളുടെ മക്കളെ ബന്ധുക്കൾക്ക് കൈമാറി

വാഹനാപകടത്തിൽ മരണപ്പെട്ട യെമനി ദമ്പതികളുടെ മക്കളെ അൽഹിംന ആശുപത്രി ഡയറക്ടർ മർസൂഖ് ബിൻ ദൈഫുല്ല അൽമുതൈരിയുടെ വീട്ടിലെത്തി ബന്ധുക്കൾ സ്വീകരിക്കുന്നു. 

മദീന- വാഹനാപകടത്തിൽ മരണപ്പെട്ട യെമനി ദമ്പതികളുടെ മൂന്നു മക്കളെ ബന്ധുക്കൾ സ്വീകരിച്ചു. ശനിയാഴ്ച ഉച്ചക്ക് മക്ക, മദീന എക്‌സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തിലാണ് യെമനി ദമ്പതികൾ മരിച്ചത്. മക്ക, മദീന എക്‌സ്പ്രസ്‌വേയിൽ സിതാറയിൽ ഏഴംഗ യെമനി കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ രണ്ടു കുട്ടികൾക്ക് പരിക്കേറ്റിരുന്നു. ആൺകുട്ടിക്കും പെൺകുട്ടിക്കുമാണ് പരിക്കേറ്റത്. 
ഇവർ അൽഹിംന ആശുപത്രിയിൽ ചികിത്സയിലാണ്. പിഞ്ചു കുഞ്ഞും രണ്ടു ബാലികമാരും അപകടത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 
അഞ്ചു കുട്ടികളെയും റെഡ് ക്രസന്റ് ആംബുലൻസുകളിൽ അൽഹിംന ആശുപത്രിയിലെത്തിക്കുകയായിരുന്നു. 
പരിശോധനയിൽ പിഞ്ചുകുഞ്ഞ് അടക്കം മൂന്നു കുട്ടികൾക്ക് പരിക്കുകളൊന്നുമില്ലെന്ന് വ്യക്തമായി. ഇതോടെ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ മാനസികാഘാതം കുറക്കുന്നതിന് മൂവർക്കും മദീന ആരോഗ്യ വകുപ്പിനു കീഴിലെ അൽഹിംന ആശുപത്രി ഡയറക്ടർ മർസൂഖ് ബിൻ ദൈഫുല്ല അൽമുതൈരി സ്വന്തം വീട്ടിൽ ആതിഥ്യം നൽകുകയായിരുന്നു. 
അപകട വിവരമറിഞ്ഞ് കുട്ടികളുടെ പിതൃസഹോദരനും ഏതാനും ബന്ധുക്കളും ജിദ്ദയിൽ നിന്ന് അൽഹിംനയിൽ മർസൂഖ് ബിൻ ദൈഫുല്ല അൽമുതൈരിയുടെ വീട്ടിലെത്തിയാണ് കുട്ടികളെ സ്വീകരിച്ചത്. 

 

Latest News