Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തലയുള്ള പെണ്ണ്

മൽബു

ആദ്യമായി കണ്ടത് കോളേജിൽ വെച്ചായിരുന്നു. പിന്നെ പെണ്ണ് കാണാനായി പോയതും കോളേജിലേക്കു തന്നെ.
ഗൾഫുകാരനെ ജീവിത പങ്കാളിയായി വേണ്ടെന്നു തീരുമാനിച്ച മൽബിയുടെ മനസ്സു മാറ്റാൻ കഴിയുമെന്ന് പ്രതീക്ഷിച്ചതല്ല. പക്ഷേ, പ്രിൻസിപ്പലിന്റെ സാന്നിധ്യത്തിലുള്ള പെണ്ണു കാണൽ കാര്യങ്ങൾ എളുപ്പമാക്കി.
നല്ല തലയുള്ള കൊച്ചാണ്. കെട്ടിക്കൊണ്ടു പോയി പഠനം മുടക്കരുത്. ഞങ്ങളുടെ കോളേജിന്റെ അഭിമാന സ്തംഭമാണിത്.
പ്രിൻസിപ്പൽ പറഞ്ഞപ്പോൾ മൽബു അദ്ദേഹത്തേക്കാളും വിദ്യാഭ്യാസ തൽപരനായി. 
പഠിക്കുന്ന കൊച്ചിനെ തേടിയായിരുന്നു ഇതുവരെയുള്ള എന്റെ കാത്തിരിപ്പ് മുഴുവൻ. എത്ര വേണമെങ്കിലും പഠിക്കാൻ വിടാം. എം.ഫിലും ഡോക്ടറേറ്റുമായിക്കോട്ടെ.
മൽബു നയം പ്രഖ്യാപിച്ചപ്പോൾ മൽബി ശബ്ദം താഴ്ത്തി ചോദിച്ചു.
വീട്ടുകാരു വിടുമോ? 
ന്യായമായ ചോദ്യമാണ്. കെട്ടുന്നതിനു മുമ്പ് പലരും പറയും. വിദ്യാഭ്യാസത്തിന് ഒരു തടസ്സവുമുണ്ടാക്കില്ല. പക്ഷേ, വീട്ടിലെത്തിയാലായിരിക്കും ബാപ്പാക്ക് ഇഷ്ടമല്ല, കാർന്നോർക്ക് ഇഷ്ടമല്ല തുടങ്ങിയ ഓരോ തടസ്സവാദങ്ങൾ:  മൽബിയെ സപ്പോർട്ട് ചെയ്തുകൊണ്ട് പ്രിൻസിപ്പൽ പറഞ്ഞു. 
ഇല്ല, അങ്ങനെ ഒരിക്കലുമുണ്ടാവില്ല. സാറിനെ തന്നെ സാക്ഷിയാക്കി കരാറുണ്ടാക്കാം. മൽബിക്ക് തോന്നുന്നിടത്തോളം കാലം പഠിക്കാം. 
സാക്ഷി നിൽക്കാനൊന്നുമാകില്ല. തടസ്സമുണ്ടാക്കരുത്. വീട്ടുകാരു മാത്രമല്ല, മൽബുവും തടസ്സപ്പണിയൊന്നുമെടുക്കരുത് -പ്രിൻസിപ്പൽ പറഞ്ഞു. 
ഇല്ല സാർ. കൊല്ലത്തിൽ ഒരു മാസം മാത്രമേ ലീവ് കിട്ടൂ. മൽബിയുടെ പഠിത്തം കഴിഞ്ഞാൽ അങ്ങോട്ട് കൂട്ടാനാണ് പ്ലാൻ. അതുവരെ ഒരു തടസ്സവുമുണ്ടാകില്ല.
അങ്ങനെ തന്നെയാണ് എല്ലാവരും പറയാറുള്ളത്. നിങ്ങളുടെ കൂട്ടുകാരനോ, കുടുംബക്കാരനോ ആണല്ലോ പുളിവളപ്പിലെ മൊയ്തു. കോളേജ് കഴിഞ്ഞിട്ടേ എല്ലാമുള്ളൂ എന്നു പറഞ്ഞയാളാ. എന്നിട്ടെന്തായി. കൃത്യം 45 ാം ദിവസം പെണ്ണ് വീട്ടിൽ.
ഇല്ല സാർ. അങ്ങനെയൊന്നുമുണ്ടാകില്ല.
അങ്ങനെ കെട്ടി ഗൾഫിലേക്ക് മടങ്ങിയ മൽബു അടുത്തയാഴ്ച നാട്ടിൽ പോകുകയാണ്. മൽബിയുമായുള്ള ആദ്യ പുനഃസമാഗമത്തിനുള്ള യാത്ര.
30 ദിവസം. രണ്ടു ദിവസം അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയ്ക്ക്. ബാക്കി 28 ദിവസം. 
28 ഉറപ്പിക്കണ്ട. എയർ ഇന്ത്യക്കല്ലേ ടിക്കറ്റ്. ചിലപ്പോ ഒന്നോ രണ്ടോ ദിവസം കുറക്കേണ്ടി വരും: നാണിയുടെ കമന്റ്.
രണ്ടു പ്രാർഥനയുണ്ട്. ഒന്ന് പോസിറ്റീവ് ഒന്ന് നെഗറ്റീവും: മൽബു പറഞ്ഞു.
എയർ ഇന്ത്യ സമയത്തു തന്നെ പോകണേ എന്നാണ് പോസിറ്റീവ് പ്രാർഥന. നെഗറ്റീവ് ദുആ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കെതിരെയാണ്. 
അതെന്താ? 
യൂനിവേഴ്‌സിറ്റി പരീക്ഷയുടെ ടൈംടേബിൾ ഒന്നുകൂടി മാറ്റണേ എന്നതാണ് എതിർ പ്രാർഥന. 
അതു പിന്നെ പ്രത്യേകം പ്രാർഥിക്കാനൊന്നുമില്ല. കാലിക്കറ്റാണെങ്കിൽ പരീക്ഷ മാറ്റിയിട്ടുണ്ടാകും: അനുഭവസ്ഥൻ അച്ചായൻ പറഞ്ഞു.
എല്ലാ ഡേറ്റും നോക്കിയിട്ടു തന്നെയാ ലീവിന് അപേക്ഷിച്ചതും ടിക്കറ്റെടുത്തതും:  മൽബു പറഞ്ഞു. അവളുടെ പരീക്ഷ കഴിയുന്നതിന്റെ പിറ്റേന്നാണ് എത്തേണ്ടിയിരുന്നത്. യൂനിവേഴ്‌സിറ്റി തീയതി മാറ്റിയപ്പോ ഞാൻ എത്തുന്നത് പരീക്ഷ തുടങ്ങുന്നതിന്റെ തലേന്നാളായി. 
അപ്പോൾ എയർ ഇന്ത്യ ഒരു ദിവസം വൈകിയാൽ നേരെ കോളേജിലേക്ക് പോയാ മതിയെന്നർഥം. അവിടെ ചെന്ന് കുട്ടിയേയും കൂട്ടിപ്പോകാം -നാണി പറഞ്ഞു.
നാക്കൊന്ന് നീട്ടിക്കേ. കരിനാക്കാണോ.
എയർ ഇന്ത്യക്ക് ടിക്കറ്റെടുത്ത മൽബുവിനെ കളിയാക്കാത്തവരില്ല. പക്ഷേ കമ്പനി അനുവദിച്ച തുകക്ക് എയർ ഇന്ത്യ ടിക്കറ്റേ കിട്ടാനുണ്ടായിരുന്നുള്ളൂ. അതിനു ശേഷം മൽബു ഫ്‌ളൈറ്റ് സ്റ്റാറ്റസ് എന്ന് അപ്ലിക്കേഷൻ മൊബൈലിലേക്ക് ഡൗൺ ലോഡ് ചെയ്തു. ഓരോ ദിവസവും എയർ ഇന്ത്യയുടെ സ്റ്റാറ്റെസടുത്ത് നോക്കും. അതിന്റെ സ്‌ക്രീൻ ഷോട്ടെടുത്ത് മൽബിക്ക് അയക്കും. കുറച്ചീസം കൃത്യായിട്ട് പോയെങ്കിലും കഴിഞ്ഞ ദിവസം ഒരു ദിവസം വൈകി.  
ഒരു ദിവസം സ്റ്റാറ്റസ് അയക്കാൻ വിട്ടുപോയാൽ മൽബി ചൂടാകും. 
അപ്പോൾ പരീക്ഷയല്ല മുഖ്യം അല്ലേ  -പതിവ് ഫോൺ സംഭാഷണം ഒരു മണിക്കൂർ പിന്നിട്ടപ്പോൾ മൽബു ചോദിച്ചു. പ്രിൻസിപ്പലിനോട് വിളിച്ചു പറയണോ?
എന്ത്?
പഠിപ്പിസ്റ്റിന് സംഭവിച്ച ഈ മാറ്റം. പഴയ മൽബി മരിച്ചുപോയെന്നും ഇപ്പോൾ ഉഴപ്പിയാണെന്നുമുള്ള കാര്യം. 
നിങ്ങൾ എങ്ങനെയെങ്കിലും പരീക്ഷ ഒരു മാസം അപ്പുറത്തേക്ക് മാറ്റിവെപ്പിക്കാൻ നോക്ക്. 
അതെങ്ങനെ? 
നിങ്ങൾ ഗൾഫുകാർ വിചാരിച്ചാൽ നടക്കാത്ത കാര്യമുണ്ടോ? 
അതൊക്കെ പണ്ടല്ലേ കുട്ടീ. ഇപ്പോൾ ഗൾഫുകാരന് കാൽക്കാശിന്റെ വിലയില്ല.
അതല്ല, നിങ്ങൾ കൺട്രോളർക്ക് ഒരു മെസേജ് അയച്ചാൽ മതി. അങ്ങേര് പരീക്ഷ മാറ്റാൻ ഒരു കാരണം നോക്കിയിരിപ്പാണ്. 
നടക്കുമോ? 
വേറെയും ഒരു വഴിയുണ്ട്. നിങ്ങൾക്ക് ട്വിറ്റർ അക്കൗണ്ട് ഉണ്ടോ?
ഉണ്ടല്ലോ..
അതിൽനിന്ന് സുഷമാജിക്ക് ഒരു മെസേജ് അയക്ക്. പ്രവാസിയുടെ ദയനീയാവസ്ഥ. അവർ ഉടൻ തന്നെ നമ്മുടെ പിണറായിക്ക് ഫോർവേഡ് ചെയ്ത് എന്തേലും ഒരു വഴിയുണ്ടാക്കും. 
വെറുതെയല്ല, പ്രിൻസിപ്പൽ നിനക്ക് ആ പേരിട്ടത്. 
ഏതു പേര്?

തലയുള്ള പെണ്ണ്. 

 

Latest News