ജി.എസ്.ടി, ആദായ നികുതി കുറവ്  വൈദ്യുത വാഹന വിപണിക്ക് ഉണർവേകും

ജി.എസ്.ടിയിലും ആദായ നികുതിയിലും കുറവ് വരുത്തിയത് വൈദ്യുത വാഹന വിപണിക്ക് ഉണർവേകും. ജി.എസ്.ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായാണ് കുറച്ചത്. ഇത് വില വൻതോതിൽ കുറയാൻ സഹായിക്കും. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ചാർജറുകൾക്കും ചാർജിങ് സ്‌റ്റേഷനുകൾക്കുമുള്ള നിരക്കിലും കുറവുണ്ട്. 18 ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനത്തിലേക്കാണ് ഇതും കുറച്ചിരിക്കുന്നത്. വായ്പയെടുത്ത് വൈദ്യുത വാഹനം വാങ്ങുന്നവർക്ക് 1.50 ലക്ഷം രൂപ വരെയുള്ള പലിശ അടവിന് ആദായ നികുതി ഇളവ് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 
കുറഞ്ഞ നിരക്കിൽ വൈദ്യുതവാഹനങ്ങൾ വിൽക്കാൻ സാഹചര്യമൊരുങ്ങിയതോടെ വൻകിട വാഹന നിർമാതാക്കൾ അധികം വൈകാതെ വൈദ്യുത മോഡലുകളുമായി വിപണിയിലെത്തും. ഹ്യുണ്ടായ് ആദ്യ ഇലക്ട്രിക് എസ്.യു.വിയായ കോന ഏതാനും ദിവസം മുമ്പ് വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇന്ത്യൻ വിപണിയിലേക്ക് പുതുതായി എത്തുന്ന കിയയും വൈദ്യുത മോഡലുകൾ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ കാർ കമ്പനിയായ മാരുതി സുസുകിയും അധികം വൈകാതെ ഇലക്ട്രിക് മോഡലുകളുമായി എത്തും. ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവ ഇതിനോടകം വൈദ്യുത കാറുകൾ പുറത്തിറക്കാൻ തുടങ്ങിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഇലക്ട്രിക് കാർ നിർമാതാക്കളായ അമേരിക്കയിലെ ടെസ്‌ല അടുത്ത വർഷം ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ എന്നിവയിലും ഇലക്ട്രിക് വിപ്ലവം പ്രതീക്ഷിക്കുന്നുണ്ട്.


 

Latest News