ദുബായ്- വിമാനത്താവളത്തിലെ ലോഞ്ചിലും പിന്നീട് വിമാനത്തിനുള്ളിലും മദ്യലഹരിയില്‍ ബഹളമുണ്ടാക്കിയ മലയാളി അറസ്റ്റിലായി. ശനിയാഴ്ച രാത്രി ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്താലാണ് യാത്രക്കാരന്‍ കുഴപ്പമുണ്ടാക്കിയത്. ഇതുമൂലം രാത്രി 8.20 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഒരു മണിക്കൂറോളം വൈകി.
കുടിച്ചുപൂസായി വന്ന യാത്രക്കാരന്‍ വിമാനം കാത്തിരിക്കുമ്പോള്‍ തന്നെ കുഴപ്പം തുടങ്ങിയിരുന്നു. യാത്രക്കാരില്‍ പലരോടും അപമര്യാദയായി പെരുമാറി. വിമാനത്തില്‍ കയറിയ ശേഷം ഒരു യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഇയാളെക്കുറിച്ച് വിമാന ജീവനക്കാര്‍ പൈലറ്റിനെ വിവരം അറിയിക്കുകയായിരുന്നു. എയര്‍പോര്‍ട്ട് കണ്‍ട്രോളില്‍ വിവരമെത്തിയതോടെ പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു പുറത്തേക്ക് കൊണ്ടുപോയി. പിന്നീടാണ് വിമാനം പുറപ്പെട്ടത്.






