യോഗിയുടെ കഴിവുകളില്‍ ഒട്ടും സംശയമുണ്ടായിരുന്നില്ല- അമിത് ഷാ

ലഖ്‌നൗ-ഭരണ നിര്‍വഹണത്തില്‍ മുന്‍പരിചയമില്ലാതിരുന്നിട്ടും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി കഴിവ് തെളിയിച്ചുവെന്ന് ബി.ജെപി. അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ.
ആദിത്യനാഥിന്റെ കഴിവുകളില്‍ തനിക്കും പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും വിശ്വാസമുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് നഗരസഭാ ഭരണം പോലും നിര്‍വഹിച്ചിട്ടില്ലാത്ത  അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയതെന്നും അമിത് ഷാ  പറഞ്ഞു. തങ്ങളുടെ തീരുമാനം ഉചിതമായിരുന്നുവെന്ന് ഇപ്പോള്‍ തെളിയിക്കപ്പെട്ടതായും അമിത്ഷാ ചൂണ്ടിക്കാട്ടി.
ലഖ്‌നൗവില്‍ ആദിത്യനാഥ് കൂടി പങ്കെടുത്ത  പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകുമെന്ന് ആരും സങ്കല്‍പിക്കുക പോലും ചെയ്തിരുന്നില്ല. ഒരു നഗരസഭയുടെ പോലും ഭരണം നിര്‍വഹിച്ചിട്ടില്ലാത്ത, ഒരിക്കലും മന്ത്രിസ്ഥാനം വഹിച്ചിട്ടില്ലാത്ത, ഒരു സന്യാസി മാത്രമായ ആദിത്യനാഥിന് മുഖ്യമന്ത്രിപദം പോലെ ഉയര്‍ന്ന സ്ഥാനം നല്‍കരുതെന്ന് പലരും പറഞ്ഞിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.
ഇപ്പോള്‍ ഉത്തര്‍പ്രദേശിന്റെ പ്രശ്‌നങ്ങള്‍ ആദിത്യനാഥ് ഏറ്റെടുക്കുകയും കഠിനാധ്വാനത്തിലൂടെ പരിഹാരം കാണുകയും ചെയ്തു. പ്രവൃത്തിയിലെ ധാര്‍മികതകൊണ്ടാണ് പരിചയക്കുറവിനെ അദ്ദേഹം നേരിടുന്നത്. നിശ്ചദാര്‍ഢ്യവും കഠിനാധ്വാനവും ഏതു സാഹചര്യവുമായും ഇണങ്ങിച്ചേരാനുള്ള കഴിവുമായാണ് യോഗിയെ വേറിട്ടുനിര്‍ത്തുന്നതെന്നും ഇത് തനിക്കും മോഡിക്കും അറിയാമായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.

 

 

Latest News