Sorry, you need to enable JavaScript to visit this website.

ഷാര്‍ജ പ്രവാസിയുടെ മകന്‍ യു.എസില്‍ വെടിയേറ്റു മരിച്ചു

ഷാര്‍ജ- ഷാര്‍ജയിലെ പ്രവാസി വ്യവസായി തൃശൂര്‍ വെളിയന്നൂര്‍ സ്വദേശി പുരുഷ് കുമാറിന്റെ മകന്‍ നീല്‍ പുരുഷ് കുമാര്‍ (30) അമേരിക്കയില്‍ വെടിയേറ്റു മരിച്ചു. പൈക്ക് കൗണ്ടി ജില്ലയിലെ ബ്രാന്‍ഡിഡ്ജിലാണ് സംഭവം. ട്രോയ് യൂണിവേഴ്‌സിറ്റിയില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ഉപരിപഠനം നടത്തുകയായിരുന്ന നീല്‍  ഗുജറാത്ത് സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് ഗ്യാസ് സ്‌റ്റേഷനിലെ മിനി മാര്‍ക്കറ്റില്‍ പാര്‍ട് ടൈം സെയില്‍ മാനേജരായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.  

മിനി മാര്‍ക്കറ്റിലെത്തിയ അക്രമി തോക്ക് ചൂണ്ടി പണം കവര്‍ന്ന ശേഷം നീലിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. രാവിലെ ആയിരുന്നതിനാല്‍ സ്‌റ്റേഷനില്‍ ആരും ഉണ്ടായിരുന്നില്ല. ഗ്യാസ് സ്‌റ്റേഷന് സമീപത്തെ മരത്തില്‍ തീര്‍ത്ത മതില്‍ക്കെട്ടിനു സമീപം മറഞ്ഞിരുന്ന മോഷ്ടാവ് കടയിലേക്ക് പാഞ്ഞ് കയറുന്നതിന്റെയും കൃത്യം നിര്‍വഹിച്ച് പുറത്ത് പോകുന്നതിന്റെയും വീഡിയോ പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. കട തുറന്ന് നാല് മിനുട്ടുകള്‍ക്കുള്ളിലാണ് സംഭവം. അക്രമിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 4000 ഡോളര്‍  പാരിതോഷികം നല്‍കുമെന്ന് പൈക്ക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി തോമസ് ആന്‍ഡേഴ്‌സന്‍ പറഞ്ഞു.

നീലിന്റെ സഹോദരിമാരായ നിമയും നിതാഷയും അമേരിക്കയിലുണ്ട്. വിവരമറിഞ്ഞ് മാതാപിതാക്കള്‍ അമേരിക്കയിലെത്തി. ഷാര്‍ജയില്‍  ജനിച്ച നീല്‍ പഠിച്ചത് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലായിരുന്നു. തൃശൂര്‍ ഗുരുകുലത്തില്‍ നിന്ന് പ്ലസ് ടു കഴിഞ്ഞ് തഞ്ചാവൂരില്‍ നിന്നു എന്‍ജിനീയറിങ് പൂര്‍ത്തിയാക്കി.
പിതാവിനെ ബിസിനസില്‍ സഹിയിച്ചിരുന്ന നീല്‍ ഒരു വര്‍ഷം മുന്‍പാണ് ഉപരിപഠനത്തിന് യു.എസിലേക്ക് പോയത്. രണ്ട് സെമസ്റ്റര്‍ പൂര്‍ത്തിയാക്കിയിരുന്നു. തങ്ങളെ അറിയിക്കാതെയാണ് നീല്‍ പാര്‍ട് ടൈം ജോലിയില്‍ പ്രവേശിച്ചതെന്ന് ഷാര്‍ജയില്‍ ഇംപ്രിന്റ് എമിറേറ്റ്‌സ് പബ്ലിഷ് കമ്പനി നടത്തുന്ന  പുരുഷ് കുമാര്‍ പറഞ്ഞു.  

 

Latest News