തിരുവനന്തപുരം- അമ്പൂരിയിൽ കാമുകിയെ കഴുത്തു ഞെരിച്ച് കൊന്ന് കുഴിച്ചിട്ട കേസിലെ ഒന്നാം പ്രതിയും സൈനികനുമായ അഖിൽ പിടിയിലായി.
ദൽഹിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ അഖിലിനെ പോലീസ് വിമാനത്താവളത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്ക് എത്തുന്ന വിവരം മുൻകൂട്ടിയറിഞ്ഞ പോലീസ് രാത്രി വിമാനത്താവളത്തിലെത്തി അഖിലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുഖം പെട്ടെന്ന് തിരിച്ചറിയാതിരിക്കാൻ മീശ വടിച്ചാണ് അഖിൽ യാത്ര ചെയ്തത്. കേസിൽ നേരത്തേ പിടിയിലായിരുന്ന അഖിലിന്റ മൂത്ത സഹോദരനും രണ്ടാം പ്രതിയുമായ രാഹുലിന്റെ അറസ്റ്റും രേഖപ്പെടുത്തി. രാഹുൽ കുറ്റം സമ്മതിച്ചിരുന്നു. പ്രദേശത്തെ ആർ.എസ്.എസിന്റെ സജീവപ്രവർത്തകൻ കൂടിയാണ് രാഹുൽ. അഖിലിന് അന്യമതസ്ഥയായ രാഖിയുമായുള്ള ബന്ധത്തിൽ രാഹുലിന് എതിർപ്പുണ്ടായിരുന്നു. അത്തരത്തിലൊരു വിവാഹ ബന്ധം സംഘപരിവാർ പ്രവർത്തനത്തിലുള്ള ഇമേജിന് കോട്ടം തട്ടുമെന്ന് ഇയാൾ കരുതിയിരുന്നു. അതുകൊണ്ട് കുടുംബത്തിനു ചീത്തപ്പേരുണ്ടാകാതിരിക്കാനും സാമ്പത്തികം ലക്ഷ്യമാക്കിയുമാണ് മറ്റൊരു വിവാഹത്തിന് അഖിൽ തയ്യാറെടുത്തതെന്നാണ് വിവരം.
അതേസമയം, അമ്പൂരി രാഖി കൊലക്കേസിൽ ഒന്നാം പ്രതി അഖിലിനെതിരെ സഹോദരനും രണ്ടാം പ്രതിയുമായ രാഹുലിന്റെ മൊഴി. രാഖിയെ കഴുത്ത് ഞെരിച്ച് കൊന്നത് തന്റെ സഹോദരനായ അഖിലാണെന്ന് രാഹുൽ പോലീസിനോട് പറഞ്ഞു. മലയിൻകീഴിലെ ഒളിസങ്കേതത്തിൽനിന്നാണ് രാഹുലിനെ പിടികൂടിയത്. നെയ്യാറ്റിൻകര ബസ്റ്റാന്റിൽ വച്ചാണ് രാഖിയെ കാറിൽ കയറ്റിയത്, ആദ്യം വണ്ടി ഓടിച്ചത് അഖിലായിരുന്നു. യാത്രക്കിടെ വിവാഹത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. ശേഷം പിൻസീറ്റിലേക്ക് മാറിയ അഖിൽ രാഖിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നാണ് രാഹുൽ പോലീസിനോട് സമ്മതിച്ചിരിക്കുന്നത്. വീട്ടിലെത്തിയശേഷം രാഖിയുടെ കഴുത്തിൽ കയർ മുറുക്കി താൻ മരണം ഒന്നുകൂടി ഉറപ്പിച്ചുവെന്നും രാഹുൽ പറഞ്ഞു. കൊലപ്പെടുത്താനായി പ്രതികൾ ഉപയോഗിച്ചത് സുഹൃത്തായ മറ്റൊരു സൈനികന്റെ വാഹനമാണെന്ന് പോലീസ് മുമ്പ് വ്യക്തമാക്കിയിരുന്നു. രാഖിയെ കൂട്ടിക്കൊണ്ട് വരാനായി അഖിലും സഹോദരൻ രാഹുലും ഉപയോഗിച്ച കാർ അഖിലിന്റെ സുഹൃത്തും തൃപ്പരപ്പ് സ്വദേശിയുമായ രതീഷ് എന്ന സൈനികന്റേതാണ്.
കൊലപാതകത്തിന് ശേഷം നിരവധി തവണ കഴുകി തെളിവുകളെല്ലാം നശിപ്പിച്ച് തിരികെ കൊണ്ടിട്ട വാഹനം തൃപ്പരപ്പിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അഖിൽ നാട്ടിലെത്തുമ്പോഴൊക്കെ സുഹൃത്തായ രതീഷിന്റെ കാർ ഉപയോഗിക്കാറുണ്ടായിരുന്നു. വിവാഹ നിശ്ചയത്തിനാണെന്ന് പറഞ്ഞാണ് മാസങ്ങൾക്ക് മുമ്പൊരിക്കൽ കാർ കൊണ്ടുപോയത്. അഖിലും ചേട്ടൻ രാഹുലുമായി ബൈക്കിലെത്തിയ ശേഷം ഒരാൾ കാറെടുക്കുകയും മറ്റേയാൾ ബൈക്കിലും മടങ്ങി. ജൂൺ 19 നാണ് രണ്ടാമതായി തൃപ്പരപ്പിലെത്തി കാറെടുത്ത് പോയത്. അഖിലും ചേട്ടൻ രാഹുലുമാണ് പോയത്. വീട്ടിലെ ചില ആവശ്യങ്ങൾക്ക് കാർ വേണമെന്നും ജൂൺ 27 ന് മുമ്പ് കാർ തിരികെ എൽപ്പിക്കാമെന്നും പറ ഞ്ഞാണ് കാർ കൊണ്ടുപോയത്. അഖിൽ അവധി കഴിഞ്ഞ് മടങ്ങിയതിനു രണ്ട് ദിവസം കഴിഞ്ഞ് സഹോദരൻ രാഹുലാണ് കാർ തൃപ്പരപ്പിൽ തിരികെ കൊണ്ട് ചെന്ന് ഏൽപ്പിച്ചതെന്നും പോലീസ് പറയുന്നു.






