Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒളിംപിക്‌സിന് ഒരു വർഷം

125 കോടി ഡോളർ ചെലവിട്ട് പണിത നാഷനൽ സ്റ്റേഡിയത്തിന്റെ ആകാശക്കാഴ്ച. ഉദ്ഘാടന, സമാപനച്ചടങ്ങുകൾ ഇവിടെയാണ്. 
ജപ്പാന്റെ കരാട്ടെ താരം മാഹിരൊ തകാനൊ നഗയോക്കയിൽ പരിശീലനത്തിൽ. ടോക്കിയോ ഗെയിംസിൽ അരങ്ങേറുന്ന നാല് കായിക ഇനങ്ങളിലൊന്നാണ് കരാട്ടെ

ടോക്കിയോ ഒളിംപിക്‌സിലേക്ക് ഒരു വർഷത്തിന്റെ ദൂരം. ജപ്പാൻ തലസ്ഥാനം ഒരു വർഷത്തേക്കുള്ള കൗണ്ട്ഡൗൺ കെങ്കേമമായി കൊണ്ടാടി. കൗണ്ട്ഡൗണിന്റെ ഭാഗമായി ഒളിംപിക്‌സിൽ സമ്മാനിക്കേണ്ട സ്വർണവും വെള്ളിയും വെങ്കലവും മെഡലുകൾ പ്രകാശനം ചെയ്തു. 
1964 ലാണ് ടോക്കിയോയിൽ ആദ്യം ഒളിംപിക്‌സ് അരങ്ങേറിയത്. ബുള്ളറ്റ് ട്രെയിനുകളും ഭാവിയുടെ ഡിസൈനുകളും എക്‌സ്പ്രസ് പാതകളുമൊക്കെയായി രണ്ടാം ലോക യുദ്ധത്തിലെ തകർച്ചക്കു ശേഷം ജപ്പാന്റെ തിരിച്ചുവരവിന്റെ പ്രതീകമായിരുന്നു ആ ഒളിംപിക്‌സ്. ഉപഗ്രഹങ്ങൾ വഴി ലോകമെങ്ങും കണ്ട ആദ്യ ഒളിംപിക്‌സ് കൂടിയായിരുന്നു അത്. ഒളിംപിക്‌സിന്റെ പുതുയുഗപ്പിറവിയായി ആ കായിക മാമാങ്കം. 
ജപ്പാന്റെ തലസ്ഥാനത്തിന് ഇത്തവണ അധികമൊന്നും തെളിയിക്കാനില്ല. 2020 ജൂലൈ 24 നാണ് ഗെയിംസിന് തിരശ്ശീല ഉയരേണ്ടത്. എന്നാൽ മിക്ക വേദികളുടെയും പണി പൂർത്തിയായിക്കഴിഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ ധാരാളിത്തമാണ് ഉള്ളത്. സാങ്കേതികമികവിന്റെ മറ്റൊരു പേരാണ് ജപ്പാൻ. എന്നാൽ മറ്റു ചില പ്രശ്‌നങ്ങൾ ഒളിംപിക്‌സിനെ അലട്ടുന്നുണ്ട്. ചൂടാണ് ഒന്നാമത്തേത്. ഈ വേനൽക്കാലം പൊതുവെ രൂക്ഷമായിരുന്നില്ലെന്നതാണ് ആശ്വാസം. ഗതാഗതക്കുരുക്കും സബ്‌വേകളിലെ തിരക്കും മറ്റൊരു പ്രശ്‌നം. ഒളിംപിക്‌സിന്റെ ചെലവ് കുതിച്ചുയരുകയാണ്. ഭൂകമ്പ പ്രതിരോധം, ടിക്കറ്റ് ലഭ്യത എന്നിവയും സംഘാടകരെ കുഴക്കുന്നു. 
ലഭ്യമായതിന്റെ പത്തിരട്ടി ടിക്കറ്റിനായി ജപ്പാനിൽ നിന്നു തന്നെ ഡിമാന്റുണ്ട്. മറിച്ചുവിൽക്കുന്നവർ വൻ ലാഭം കൊയ്യുമെന്നുറപ്പാണ്. സ്‌പോൺസർഷിപ് റവന്യൂ വഴി റെക്കോർഡ് തുകയാണ് സംഘാടകർക്ക് ലഭിച്ചത് -300 കോടി ഡോളർ കവിഞ്ഞു. മറ്റേത് ഒളിംപിക്‌സിനേക്കാളും മൂന്നിരട്ടി. പ്രധാന സ്‌പോൺസർമാർ അഡ്വർടൈസിംഗ്, മാർക്കറ്റിംഗ് കമ്പനി ഡെൻറ്റ്‌സു ഇൻകോർപറേഷനാണ്. 
മതിയായ അളവിൽ ടിക്കറ്റ് ലഭ്യമല്ല എന്നത് ഒളിംപിക്‌സിനോടുള്ള ജനങ്ങളുടെ ആവേശമാണ് വിളിച്ചോതുന്നതെന്ന് ടോക്കിയോ ഗവർണർ യൂറികൊ കോയികെ പറഞ്ഞു. 
മറ്റു നഗരങ്ങളെപ്പോലെ ഒളിംപിക്‌സ് സംഘടിപ്പിക്കേണ്ടതില്ല ടോക്കിയോക്ക് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ. ലോകത്തിലെ തന്നെ മികച്ച സൗകര്യങ്ങളുള്ള നഗരമാണ് അത്. എന്നിട്ടും ഒളിംപിക്‌സിനായി കോടികളാണ് അവർ ചെലവിടുന്നത്. ഇതേക്കുറിച്ച് കോയികെ പറയുന്നത് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഒളിംപിക്‌സിനെ ഉപയോഗപ്പെടുത്തുന്നു എന്നതാണ്. ഒളിംപിക്‌സിനു മുമ്പ് തിരക്കിട്ട് കൂടുതൽ സൗകര്യങ്ങളൊരുക്കാനുള്ള ശ്രമം ചെലവ് കൂട്ടുകയാണ്. 
ഒളിംപിക്‌സുകൾ ഇന്ന് കളിയേക്കാൾ മാർക്കറ്റിംഗും ബ്രാൻഡിംഗുമാണെന്നാണ് ഒളിംപിക്‌സിനെക്കുറിച്ച് പഠിച്ച സ്‌പോർട്‌സ് എക്കണോമിസ്റ്റും ഷിക്കാഗോയിലെ ലെയ്ക് ഫോറസ്റ്റ് കോളേജ് അധ്യാപകനുമായ റോബർട് ബാഡെ പറയുന്നത്. സ്‌പോർട്‌സിന് ഒളിംപിക്‌സിന് രണ്ടാം സ്ഥാനമേയുള്ളൂ. ഉദ്ഘാടന, സമാപനച്ചടങ്ങുകളാണ് പ്രധാനം -അദ്ദേഹം വിശദീകരിച്ചു. 
എട്ട് വേദികളാണ് ടോക്കിയോ പണിയുന്നത്. കൂടാതെ 35 വേദികളുണ്ട്. താൽക്കാലികമെന്നും പുനരുപയോഗമെന്നുമൊക്കെയാണ് ഈ വേദികളെ വിശേഷിപ്പിക്കുന്നത്. 
125 കോടി ഡോളർ ചെലവിട്ട് പണിത നാഷനൽ സ്റ്റേഡിയമായിരിക്കും ഗെയിംസിന്റെ മുഖ്യ ആകർഷണം. ഈ വർഷാവസാനത്തോടെ സ്‌റ്റേഡിയം തുറക്കും. ടോക്കിയോ ബേയുടെ സമീപത്തുള്ള ഒളിംപിക് ഗ്രാമത്തിൽ പതിനായിരത്തിലേറെ പേർക്ക് താമസിക്കാം. 


നാല് പുതിയ കായിക ഇനങ്ങൾ ടോക്കിയോയിൽ അരങ്ങേറും -കരാട്ടെ, സ്‌കെയ്റ്റ്‌ബോർഡിംഗ്, ക്ലൈംബിംഗ് സ്‌പോർട്‌സ്, സർഫിംഗ്. 2008 ലെ ഒളിംപിക്‌സിനു ശേഷം ഉപേക്ഷിച്ച ബെയ്‌സ്‌ബോളും സോഫ്റ്റ്‌ബോളും തിരിച്ചുവരികയാണ്. 
ഒളിംപിക്‌സിന്റെ യഥാർഥ ചെലവ് കണക്കു കൂട്ടുക വിഷമമാണ്. കാരണം ഏതൊക്കെ ചെലവാണ് നേരിട്ട് ഒളിംപിക്‌സിന്റെ കണക്കിൽ വരുന്നതെന്നും ഏതൊക്കെ അതിനു പുറത്താണെന്നും വേർതിരിക്കുക വിഷമമാണ്. എന്തായാലും ഒളിംപിക്‌സിനൊരുങ്ങാൻ ടോക്കിയോ ചെലവിടുന്നത് 2000 കോടി ഡോളറാണ്. അതിൽ 70 ശതമാനവും നികുതിദായകരുടെ തുകയാണ്. 
ചരിത്രത്തിലെ ഏറ്റവും മികച്ചതാണ് ടോക്കിയോയുടെ ഒരുക്കമെന്ന് രാജ്യാന്തര ഒളിംപിക് സമിതി പ്രസിഡന്റ് തോമസ് ബാഹ് ആവർത്തിച്ചു പറയുന്നുണ്ട്. എങ്കിലും ചില പൊരുത്തക്കേടുകളും അഴിമതിയുടെ ദുർഗന്ധവും നിലനിൽക്കുന്നുണ്ട്. ഒളിംപിക് വിരുദ്ധ പ്രസ്ഥാനം ചെറുതെങ്കിലും സജീവമാണ്. അതിലേറെയും ജപ്പാന് പുറത്തു നിന്നുള്ളവരാണ്. ഹാൻഗോരിൻ നോ കായി (ഒളിംപിക്‌സ് വേണ്ട) എന്ന പേരിൽ അവർ ചെറു പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. 
പൊതുജനങ്ങളുടെ ഭവന ദൗർലഭ്യവും പാരിസ്ഥിതിക പ്രശ്‌നങ്ങളും അവർ ഉയർത്തിക്കാട്ടുന്നു. അഴിമതിയാണ് മറ്റൊരു പ്രശ്‌നം. ടോക്കിയോക്ക് അനുകൂലമായി വോട്ട് ലഭിക്കാൻ പണം നൽകിയെന്ന ആരോപണത്തെത്തുടർന്ന് ജപ്പാൻ ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് സുനേകാസു തകേദക്ക് ഈയിടെ രാജിവെക്കേണ്ടി വന്നു. 
ചില ഐ.ഒ.സി അംഗങ്ങൾക്കായി 20 ലക്ഷം ഡോളർ ചെലവിട്ടുവെന്നാണ് ഫ്രഞ്ച് അന്വേഷകർ കണ്ടെത്തിയത്. എല്ലാ ഒളിംപിക്‌സിലും ലോകകപ്പിലും ഇത്തരം വോട്ട് മറിക്കൽ ആരോപണം പതിവാണ്. 
സംഘാടകർക്ക് അവരുടെ ഒളിംപിക് ലോഗോ റദ്ദാക്കേണ്ടി വന്നു. ആദ്യത്തെ ഡിസൈൻ മറ്റൊന്നിൽ നിന്ന് പകർത്തിയതാണെന്ന ആരോപണത്തെത്തുടർന്നായിരുന്നു ഇത്. ഒളിംപിക് നിർമാണങ്ങളിൽ പ്രവാസി ജീവനക്കാർ സുരക്ഷാ ഭീഷണി നേരിടുന്നതായി രാജ്യാന്തര തൊഴിൽ സംഘടന കുറ്റപ്പെടുത്തി. 
പുതിയ സ്റ്റേഡിയത്തിന്റെ ഫ്യൂചറിസ്റ്റിക് ഡിസൈൻ തയാറാക്കിയത് അന്തരിച്ച ബ്രിട്ടിഷ് ആർക്കിടെക്റ്റ് സാഹ ഹദീദായിരുന്നു. നിർമാണച്ചെലവ് 200 കോടി ഡോളർ കവിയുമെന്നു കണ്ടതോടെ ഈ ഡിസൈൻ ഉപേക്ഷിച്ചു. മരം ഉപയോഗിച്ചും പച്ചപ്പിന് പ്രാധാന്യം നൽകിയുമുള്ള പുതിയ ഡിസൈൻ തയാറാക്കിയത് ജപ്പാൻകാരനായ ആർക്കിടെക്റ്റ് കെംഗൊ കൂമയാണ്.
എന്നാൽ ഒളിംപിക് നഗരങ്ങൾ താൽക്കാലിക നേട്ടത്തിനായി ദീർഘകാല പ്രശ്‌നങ്ങൾ അവഗണിക്കുകയാണെന്ന് സ്‌പോർട് എക്കണോമിസ്റ്റ് ബാഡെ ചൂണ്ടിക്കാട്ടുന്നു.  കൂടുതൽ കൂടുതൽ നഗരങ്ങൾ ഇത് തിരിച്ചറിയുന്നുണ്ട്. അതിനാൽ പതിവു പോലെ ഗെയിംസ് നടത്തുന്നതിനുള്ള ലേലത്തിന് നഗരങ്ങളെ ലഭിക്കുന്നില്ല. 
പഴയതു പോലെ ആതിഥേയ നഗരങ്ങളിൽ നിന്ന് പണം പിടുങ്ങാൻ ഐ.ഒ.സിക്ക് സാധിക്കുന്നുമില്ല -അദ്ദേഹം പറഞ്ഞു. 

Latest News