Sorry, you need to enable JavaScript to visit this website.

മലയാളം ന്യൂസ് സ്ഥാപക പത്രാധിപര്‍ ഫാറൂഖ് ലുഖ്മാൻ അന്തരിച്ചു

ജിദ്ദ- മലയാളം ന്യൂസ് എഡിറ്റർ ഇൻ ചീഫും മധ്യ പൗരസ്ത്യ ദേശത്തെ പ്രമുഖ മാധ്യമപ്രവർത്തകനുമായിരുന്ന ഫാറൂഖ് ലുഖ്മാൻ(80) അന്തരിച്ചു. അസുഖബാധയെ തുടർന്ന് വിശ്രമത്തിലായിരുന്നു.

പാരമ്പര്യമായി പത്രം ഉടമകളും പ്രസാധകരുമായ കുടുംബത്തിൽനിന്നാണ് ഫാറൂഖ് ലുഖ്മാനും മാധ്യമപ്രവർത്തകനായത്. 
ഏദനിലെ ബ്രിട്ടീഷ് ഗ്രാമർ സ്‌കൂളിലായിരുന്നു ഹൈസ്‌കൂൾ വിദ്യാഭ്യാസം. ബോംബെ സെന്റ് സേവ്യേഴ്‌സ് കോളേജിൽ നിന്ന് ബിരുദവും അമേരിക്കയിലെ കൊളംബിയാ സർവകലാശാലയിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദവും നേടിയാണ് ഫാറൂഖ് ലുഖ്മാൻ ഏദനിൽ പിതാവ് നടത്തിയിരുന്ന പ്രസാധന സ്ഥാപനത്തിൽ ജോലി തുടങ്ങുന്നത്. അറബി ദിനപത്രമായ ഫതഉൽ ജസീറയുടേയും ഇംഗ്‌ളീഷ് വാരികയായ ഏദൻ ക്രോണിക്കിളിന്റേയും എഡിറ്റർ പദവിയാണ് ആദ്യമായി ഏറ്റെടുത്തത്. ഇതിനിടെ ഡെയ്‌ലി മെയിൽ, ഫൈനാൻഷ്യൽ ടൈംസ്, ന്യൂയോർക്ക് ടൈംസ്, ന്യൂസ് വീക്ക് എന്നിവയുടെ ലേഖകനായും പ്രവർത്തിച്ചു. 1968ൽ യെമനിൽ പത്ര ദേശസാൽകരണം വന്നതോടെ ന്യൂയോർക്ക് ടൈംസിന്റേയും ന്യൂസ് വീക്കിന്റേയും യു.പി.ഐയുടേയും കറസ്‌പോണ്ടന്റായി മുഴുവൻ സമയം പ്രവർത്തിക്കാനാരംഭിച്ചു.

ഗ്രന്ഥരചനക്കായും സമയം നീക്കിവെച്ചു. 1970ലാണ് ആദ്യ കൃതി പുറത്തുവന്നത്. ആധുനിക യമനെക്കുറിച്ചുള്ള ആധികാരിക പഠനമായിരുന്നു ഇത്. പ്രസാധകരായ ഹിഷാം അലി ഹാഫിസ്, മുഹമ്മദലി ഹാഫിസ് സഹോദരന്മാരോടൊപ്പം ചേർന്ന് പ്രവർത്തിക്കാനായി ജിദ്ദയിലേക്കു വരികയും 1975ൽ അറബ് ന്യൂസിന്റെ പ്രഥമ മാനേജിംഗ് എഡിറ്ററായി ചുമതലയേൽക്കുകയും ചെയ്തു.  അറബ് ന്യൂസിന്റെ മുഖ്യ പത്രാധിപസ്ഥാനത്തേക്കു വരുന്നതിനു മുമ്പ് അറബ് ലോകത്തെ പ്രഥമ സാമ്പത്തിക കാര്യ ദിനപത്രമായ ഇഖ്തിസാദിയയുടെ മാനേജിംഗ് എഡിറ്ററായും പ്രവർത്തിച്ചു. സൗദി റിസർച്ച് ആന്റ് പബ്‌ളിഷിംഗ് കമ്പനിയുടെ പത്രപ്രവർത്തന പരിശീലന കേന്ദ്രം ഡയറക്ടറായും പ്രസാധകരായ ഹാഫിസ് സഹോദരന്മാരുടെ ഉപദേശകനായും പ്രവർത്തിച്ചിട്ടുണ്ട്. മലയാളം ന്യൂസിനു പുറമേ ഉർദു ന്യൂസ്, ഉർദു മാഗസിൻ എന്നിവയുടേയും മുഖ്യപത്രാധിപ സ്ഥാനം അലങ്കരിച്ചിരുന്നു.


അറബി ഭാഷയിൽ മാത്രം അയ്യായിരത്തിൽ പരം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ലുഖ്മാൻ പന്ത്രണ്ടു രാജ്യങ്ങളിൽ നിന്നായി പ്രസിദ്ധീകരിക്കുന്ന ഷർഖുൽ ഔസത്തിന്റേയും ഇഖ്തിസാദിയ പത്രത്തിന്റേയും സ്ഥിരം കോളമിസ്റ്റായും സേവനം ചെയ്തു. അറബിയിലും ഇംഗ്‌ളീഷിലുമായി നിരവധി പുസ്തങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയിൽ ഇന്ത്യയെക്കുറിച്ചുമാത്രം നൂറിൽപരം ലേഖനങ്ങളുണ്ട്. അറബിയിൽ പ്രസിദ്ധീകരിച്ച ആലം ബിലാ ഹുദൂദ് (അതിരുകളില്ലാത്ത ലോകം) കോളം രണ്ടു വോള്യങ്ങളായി ഇറങ്ങി. ഓരോന്നിലും ഇരുന്നൂറു ലേഖനങ്ങൾ വീതമുണ്ട്. തായ് വാന്റെ കഥ, ഇന്ത്യൻ കറിക്കൂട്ടുകൾ എന്നിവ രണ്ടു പതിപ്പുകൾ പിന്നിട്ടു. വിരൽപാടുകൾ എന്ന പേരിൽ മുന്നൂറു പ്രമുഖ വ്യക്തികളുടെ ജീവചരിത്രക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസാധകരായ ഹാഫിസ് സഹോദരന്മാരുടെ ജീവചരിത്രം, അറബ് ലോകത്തെ ഏറ്റവും പ്രസിദ്ധനായ കാലിഗ്രാഫിസ്റ്റ് ഈജിപ്തുകരൻ സയ്യിദ് ഇബ്രാഹിമിന്റെ ജീവചരിത്രം എന്നിവയും ഫാറൂഖ് ലുഖ്മാന്റെ കൃതികളിൽ പെടുന്നു. ജവഹർലാൽ നെഹ്രു മുതൽ രാജീവ് ഗാന്ധിവരെ നെഹ്രു കുടുംബത്തിലെ മൂന്നു തലമുറ നേതാക്കളെ ഇന്റർവ്യ ചെയ്യാനുള്ള അപൂർ ഭാഗ്യവും  സിദ്ധിച്ചിട്ടുണ്ട്. 

ഭാര്യ: ബറക്ക ഹമൂദ്. മകൾ വാഹി ലുഖ്മാൻ അന്തരാഷ്ട്ര നിയമത്തിൽ ഡോക്ടറേറ്റു നേടുന്ന ആദ്യത്തെ അറബ് വനിത എന്ന ബഹുമതിക്കുടമയാണ്. കാഴ്ച ശക്തിയില്ലാത്ത വാഹി ഇപ്പോൾ ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റിയിൽ അധ്യാപികയാണ്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള മകൻ ദാഫർ ലുഖ്മാൻ ദുബായിൽ ബാങ്കിംഗ് രംഗത്ത് പ്രവർത്തിക്കുന്നു. മറ്റൊരു മകൾ യുംന് പത്രപ്രവർത്തകയാണ്.

നാലാമത്തെ മകൻ അബ്ദുല്ല ലണ്ടനിലെ കെന്റ് യൂനിവേഴ്‌സിറ്റിയ്ൽ നിന്ന് നിയമ ബിരുദമെടുത്ത ശേഷം ദുബായിൽ നിയമരംഗത്ത് ജോലി ചെയ്യുന്നു. ബക്കിംഗ്ഹാം യൂനിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ ഇളയ മകൻ മാഹിർ ലുഖ്മാൻ യു.എ.ഇയിൽ മാർക്കറ്റിംഗ് ഡയറക്ടറായി ജോലി ചെയ്യുന്നു. 

Latest News