Sorry, you need to enable JavaScript to visit this website.

കര്‍ണാടക മുഖ്യമന്ത്രിയായി യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു, വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച്ച

ബംഗളുരു-  കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്.യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച്ച വൈകിട്ട് 6.30നാണ് അദ്ദേഹം ഗവർണർ മുൻപാകെ സത്യപ്രതിജ്ഞ ചെയ്‌തത്‌.  ഇന്ന് രാവിലെ 10 ന് രാജ്ഭവനിലെത്തി യെദിയൂരപ്പ ഗവര്‍ണറെ കണ്ടിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോഴാണ് ഇന്ന് തന്നെ സത്യപ്രതിജ്ഞ നടക്കുമെന്ന കാര്യം യെദിയൂരപ്പ അറിയിച്ചത്. അതേസമയം, കോണ്‍ഗ്രസും ജെഡിഎസും ചടങ്ങ് ബഹിഷ്കരിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ വാജയുഭായ് വാല അനുമതി നല്‍കിയതായി യെദിയൂരപ്പ അറിയിച്ചു. തിങ്കളാഴ്ചയാണ് വിശ്വാസ വോട്ടെടുപ്പ്. ഇതിനു ശേഷമാണു മന്ത്രിസഭാംഗങ്ങളെ തിരഞ്ഞെടുക്കൂ. 
          പതിനെട്ട് ദിവസം നീണ്ട നാടകങ്ങള്‍ക്കൊടുവിൽ കുമാരസ്വാമി വിശ്വാസ വോട്ടിൽ പരാജയപ്പെട്ടതോടെയാണ്  തൊട്ടുപിന്നാലെ, സര്‍ക്കാർ രൂപീകരിക്കാൻ അവകാശ വാദവുമായി ബിജെപി രംഗത്തെത്തിയത്.  14 മാസങ്ങൾക്ക് മുൻപ് ഇറങ്ങിപ്പോകേണ്ടി വന്ന അതേ മുഖ്യമന്ത്രി കസേരയിലേക്ക് വീണ്ടും യെദിയൂരപ്പ എത്തുമ്പോൾ സുസ്ഥിരമായ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. കേന്ദ്ര നേതൃത്വം അനുമതി നല്‍കിയതായും ധൈര്യമായി മുന്നോട്ട് പോകൂ എന്ന് അമിത് ഷാ തന്നോട് പറഞ്ഞതായി യെദിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. യെദിയൂരപ്പ മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചെയ്തത്. മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കുമെന്നാണ് സൂചന. സർക്കാർ രൂപീകരിച്ചാലും സഭയിൽ വിശ്വാസം തെളിയിക്കുകയാണ് ബിജെപിക്ക് ഇനി നിർണായകം.  
        ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കാമെന്ന് പറഞ്ഞ ഒരു സ്വതന്ത്ര എംഎൽഎയെയും രണ്ട് കോൺഗ്രസ് വിമത എംഎൽഎമാരെയും കഴിഞ്ഞ ദിവസം സ്പീക്കർ കെ.ആർ.രമേഷ് കുമാർ അയോഗ്യരാക്കിയിരുന്നു.  സ്വതന്ത്ര എംഎല്‍എ ആര്‍.ശങ്കര്‍ (കെപിജെപി), കോണ്‍ഗ്രസ് എംഎല്‍എമാരായ രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. മറ്റുള്ള എംഎല്‍എമാരുടെ കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമാകുമെന്നും സ്‌പീ‌ക്കർ അറിയിച്ചിട്ടുണ്ട്. വിമത നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എംഎല്‍എമാരാണ് രമേഷ് ജാര്‍ക്കിഹോളിയും മഹേഷ് കുമത്തല്ലിയും. രാജിവച്ച പതിനഞ്ച് എംഎൽഎമാർക്കെതിരെ കോൺഗ്രസും ജെഡിഎസും അയോഗ്യത ശുപാർശ നൽകിയിരുന്നു. സ്വതന്ത്ര എംഎൽഎയായ ആർ.ശങ്കർ നേരത്തെ തന്നെ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അയോഗ്യനാക്കപ്പെട്ടതോടെ ബിജെപിക്ക് ഇത് തിരിച്ചടിയായി. ബിജെപിയുടെ നിയമസഭയിലെ അംഗബലം 106 ആയി കുറയും.

Latest News