റിയാദ് - പതിനഞ്ചു വർഷം മുമ്പ് അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെ താൻ വേർപെടുത്തിയ പോളിഷ് സയാമീസ് ഇരട്ടകളായ ഡാരിയയും ഓൾഗയുമായി ഡോ. അബ്ദുല്ല അൽറബീഅയുടെ പുനഃസമാഗമം. 2005 ലാണ് പോളിഷ് സയാമിസ് ഇരട്ടകളെ ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ശസ്ത്രക്രിയയിലൂടെ വേർപെടുത്തിയത്. പോളിഷ് സയാമീസ് ഇരട്ടകളെയും മാതാപിതാക്കളെയും റിയാദിലെത്തിച്ച് ശസ്ത്രക്രിയ നടത്തുന്നതിന് മുൻ സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് നിർദേശിക്കുകയായിരുന്നു. ഓപറേഷന്റെ മുഴുവൻ ചെലവും അബ്ദുല്ല രാജാവാണ് വഹിച്ചത്.
റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയൻ എയിഡ് സെന്റർ സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല അൽറബീഅയും ഡാരിയയും ഓൾഗയും ഒപ്പം നിൽക്കുന്ന പുതിയ ഫോട്ടോ സാമൂഹികമാധ്യമ ഉപയോക്താക്കൾ വ്യാപകമായി പങ്കുവെച്ചു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായ ശേഷം ഡോ. അബ്ദുല്ല അൽറബീഅ ഇരുവരെയും എടുത്തു നിൽക്കുന്ന പഴയ ഫോട്ടോയും ഇതോടൊപ്പം പങ്കുവെക്കപ്പെട്ടു. ഓപറേഷൻ പൂർത്തിയായി വർഷങ്ങൾക്കു ശേഷം ഡോ. അബ്ദുല്ല അൽറബീഅയെ കണ്ട കുട്ടികൾ ഇരുവരും ഇദ്ദേഹത്തിനു നേരെ ഓടിയടുക്കുന്നതിന്റെയും ഡോ. അബ്ദുല്ല അൽറബീഅ ഇരുവരെയും വാരിപ്പുണരുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ പഴയ വീഡിയോ ക്ലിപ്പിംഗും ഇതോടൊപ്പം സാമൂഹിക മാധ്യമ ഉപയോക്താക്കൾ പങ്കുവെക്കുന്നുണ്ട്.
റിയാദ് കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വെച്ചാണ് വയറും ഇടുപ്പെല്ലും കുടലുകളും ഒട്ടിപ്പിടിച്ച നിലയിലുള്ള ഡാരിയയെയും ഓൾഗയെയും 2005 ൽ 18 മണിക്കൂർ നീണ്ട അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെ ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം വേർപെടുത്തിയത്. റിയാദിലെ പോളിഷ് അംബാസഡർ അടക്കമുള്ള മുതിർന്ന പോളിഷ് നേതാക്കൾ ശസ്ത്രക്രിയക്ക് സാക്ഷ്യം വഹിക്കുന്നതിന് ആശുപത്രിയിലെത്തിയിരുന്നു. ഒന്നര വയസ്സുള്ളപ്പോഴാണ് കുട്ടികളെ റിയാദിലെത്തിച്ച് വേർപെടുത്തൽ ശസ്ത്രക്രിയ നടത്തിയത്. മാതാപിതാക്കൾക്കു പുറമെ പോളണ്ടിൽ നിന്നുള്ള ലേഡി ഡോക്ടറും റിയാദിലേക്കുള്ള യാത്രയിൽ കുട്ടികളെ അനുഗമിച്ചിരുന്നു. 2007 ൽ അബ്ദുല്ല രാജാവ് നടത്തിയ പോളണ്ട് യാത്രക്കിടെ കുട്ടികളെയും മാതാപിതാക്കളെയും രാജാവ് കണ്ടിരുന്നു. ഡാരിയയും ഓൾഗയും ചേർന്ന് അന്ന് അബ്ദുല്ല രാജാവിന് പോളിഷ് ഗവൺമെന്റിന്റെ മെഡൽ അന്ന് സമ്മാനിക്കുകയും ചെയ്തിരുന്നു.
സയാമീസ് ഇരട്ടകളുടെ വേർപെടുത്തൽ ശസ്ത്രക്രിയാ മേഖലയിൽ സൗദി അറേബ്യയുടെ കീർത്തി ലോകമെങ്ങും എത്തിച്ച ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ലോക രാജ്യങ്ങളിൽ നിന്നുള്ള നാൽപതോളം സയാമീസ് ഇരട്ടകളെ വിജയകരമായി വേർപെടുത്തിയിട്ടുണ്ട്. സൗദി അറേബ്യയുടെ കീർത്തി ലോകമെങ്ങും എത്തിക്കുന്നതിൽ പങ്കുവഹിച്ച ലോകപ്രശസ്ത ഭിഷഗ്വരനായ ഡോ. അബ്ദുല്ല അൽറബീഅ രാജ്യത്തിന്റെ അഭിമാനമാണെന്നും ഇദ്ദേഹത്തെ ആദരിക്കണമെന്നും സാമൂഹിക മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു.