Sorry, you need to enable JavaScript to visit this website.

സൈക്കിള്‍ സഞ്ചാരത്തിന് വിട; അബ്ദുക്ക നാടണയുന്നു

അബ്ദുക്ക സന്തത സഹചാരിയായ സൈക്കിളില്‍.

ജിദ്ദ- ജിദ്ദ നഗരത്തിലെ ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെയും പ്രതികൂല കാലാവസ്ഥയിലും സൈക്കിള്‍ സഞ്ചാരം പതിവാക്കിയ സാമൂഹ്യ പ്രവര്‍ത്തകന്‍ അബ്ദുക്ക പ്രവാസ ജീവിത്തോട് വിടപറയുന്നു. പറമ്പില്‍ പീടിക പാലപ്പെട്ടിപ്പാറ സ്വദേശിയായ ചെമ്പന്‍ അബ്ദുല്‍ അസീസ് എന്ന അബ്ദുക്ക 27 വര്‍ഷത്തെ പ്രവാസത്തിനാണ് ബ്രേക്കിടുന്നത്.
ജോലിക്കൊപ്പം സാമൂഹ്യ സേവനം എന്ന കാഴ്ചപ്പാടാണ് കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനായ അബ്ദുക്കയെ സൈക്കിള്‍ സവാരിക്കാരനാക്കിയത്. അത്യാവശ്യ ഘട്ടങ്ങളില്‍ എവിടെയും ഓടിയെത്തുക പ്രയാസമായപ്പോഴാണ് അബ്ദുക്കയെ സൈക്കിള്‍ പ്രിയനാക്കി മാറ്റിയത്.
അബ്ദുക്കയുടെ ജീവിതത്തിലേക്ക് 2012 മുതലാണ് സൈക്കിള്‍ കടന്നു വന്നത്. അതിനു മുമ്പ് വിവിധ ആവശ്യങ്ങള്‍ക്കും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും നടന്നു പോകലായിരുന്നു പതിവ്. ഒരിക്കല്‍ ഇതു കണ്ട ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനായ ഇഖ്ബാല്‍ ആണ് ഇദ്ദേഹത്തിന് ഒരു സൈക്കിള്‍ സമ്മാനിച്ചത്. പിന്നീടുള്ള യാത്രയൊക്കെ സൈക്കിളിലായി. ഇതിനിടെ പലപ്പോഴും സൈക്കിള്‍ കളവ് പോയിട്ടുണ്ട്. സൈക്കിള്‍ നഷ്ടപ്പെടുമ്പോള്‍ പുതിയത് വാങ്ങി വീണ്ടും സഞ്ചാരം തുടരും.
മലപ്പുറം പറമ്പില്‍ പീടിക പാലപ്പെട്ടിപ്പാറ സ്വദേശിയായ ചെമ്പന്‍ അബ്ദു 1992 നവംബര്‍ 27 നാണു ജിദ്ദയില്‍ എത്തിയത്. അന്നു മതുല്‍ അല്‍ ഹംറയിലെ യില്‍ഡിസ്‌ലര്‍ റെസ്റ്റോറന്റിലാണ് ജോലി.  27 വര്‍ഷമായി ഇതേ ജോലിയില്‍ തുടരുന്നു. ജോലിയില്‍നിന്ന് സ്വയം വിരമിച്ചാണ് നാട്ടിലേക്കുള്ള മടക്കം. കമ്പനി അധികൃതര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഹജിനു ശേഷം നാട്ടിലേക്കു മടങ്ങാനാണ് പരിപാടി.
തിരക്ക് പിടിച്ച ജോലിക്കിടയിലും സാമൂഹ്യ പ്രവര്‍ത്തനത്തിന് സമയം കണ്ടെത്തുന്ന അബ്ദുക്ക കെ.എം.സി.സിയുടെ വിവിധ ഘടകങ്ങളില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചു വരുന്നു. നിലവില്‍ ജിദ്ദ പെരുവള്ളൂര്‍ പഞ്ചായത്ത് കെ.എം.സി.സി പ്രസിഡന്റ്, വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡന്റ്, റുവൈസ് ഏരിയ കെ.എം.സി.സി ചെയര്‍മാന്‍ എന്നീ നിലകളിലും ജിദ്ദ എസ്.ഐ.സി, ദാറുല്‍ ഹുദാ ജിദ്ദ കമ്മിറ്റി, പെരുവള്ളൂര്‍ യതീം ഖാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തച്ചു വരുന്നു.
100 വയസ് തികഞ്ഞ മുഹമ്മദ് കുട്ടി ഹാജി പിതാവും ഉമ്മയ്യക്കുട്ടി ഹജുമ്മ മാതാവുമാണ്. ഭാര്യ: ഫാത്തിമ. റിയാസ് (മക്ക), റഹീസ്, റുബീന, റാഹില, റസ്‌ലത്ത് മക്കളാണ്.

 

 

Latest News