കണ്ണൂർ- പെണ്ണിടങ്ങൾ വിഷമങ്ങൾ തീർക്കാനുള്ള ഇടങ്ങൾ മാത്രമാകരുതെന്നും പെൺകുട്ടികൾക്ക് മുന്നേറാനും സ്വയം പര്യാപ്തരാകാനും ഉതകുന്ന സൗഹൃദ കേന്ദ്രങ്ങൾ കൂടിയാകണമെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. പെൺകുട്ടികൾക്ക് ശാരീരിക പ്രശ്‌നങ്ങളിൽനിന്ന് താൽക്കാലിക ആശ്വാസത്തിനും വിശ്രമത്തിനും സൗകര്യമൊരുക്കി മാങ്ങാട്ടുപറമ്പ് യൂണിവേഴ്‌സിറ്റി കാമ്പസിൽ ഒരുക്കിയ പ്രത്യേക മുറി പെണ്ണിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഐ.ടി സ്ഥാപനങ്ങളിൽ ഉൾപ്പെടെ സ്ത്രീകൾ മാനസിക സമ്മർദ്ദങ്ങൾക്ക് അടിമകളാവുന്നത് സംവദിക്കാൻ പൊതുഇടങ്ങൾ ഇല്ലാതാകുന്നതുകൊണ്ടാണ്. പഴയ കാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഇന്ന് സ്ത്രീ മുന്നേറ്റം സമൂഹത്തിൽ സാധ്യമായിട്ടുണ്ട്. എന്നാൽ സമൂഹ നിർമാണത്തിൽ സ്ത്രീസാന്നിധ്യം സജീവമാകുന്ന തരത്തിൽ മുന്നേറ്റം ഇനിയും ഉണ്ടാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്ത്രീകളുടെയും കുട്ടികളുടെയും ദളിത് വിഭാഗത്തിന്റെയും ഉന്നമനം ഉറപ്പാക്കാനായാലേ ജനാധിപത്യം പൂർണമാകൂ എന്നും മന്ത്രി അഭിപ്രായപ്പെട്ടു. പൊതു ഇടങ്ങളിൽ മുലയൂട്ടൽ കേന്ദ്രങ്ങളും സ്ത്രീസൗഹൃദ വിശ്രമ കേന്ദ്രങ്ങളും വരും വർഷങ്ങളിൽ സാമൂഹ്യനീതി വകുപ്പ് വഴി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. പുതുതായി രൂപീകരിക്കപ്പെട്ട വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി എന്ന നിലയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷനായി. ടി.വി രാജേഷ് എം.എൽ.എയുടെ പ്രാദേശിക വികസന നിധിയിൽ നിന്ന് 17,57,362 രൂപ വിനിയോഗിച്ചാണ് മുറി ഒരുക്കിയത്. കാമ്പസിൽ വിദ്യാർത്ഥികളുടെ ഏറെക്കാലത്തെ ആവശ്യമായ സ്റ്റുഡന്റ്‌സ് സെന്റർ നിർമാണത്തിന് സഹായം നൽകുമെന്ന് ടി.വി രാജേഷ് എം.എൽ.എ പറഞ്ഞു. പ്രോജക്ട് നിർമാണത്തിന് ഉപകരിക്കുന്ന തരത്തിൽ വൈഫൈ ഇന്റർനെറ്റ് ഉൾപ്പെടെ ആധുനിക സൗകര്യമുളള മുറിയാണവശ്യം. സ്റ്റുഡൻസ് സെന്ററിലേക്കുള്ള കംപ്യൂട്ടറുകൾ എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിക്കുമെന്നും ടി.വി. രാജേഷ് അറിയിച്ചു.
ചടങ്ങിൽ കർണാടകയിൽ നടന്ന കാമ്പസ് സെലക്ഷനിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് പേസ്‌മെന്റ് ലഭിച്ച കോളേജിലെ എം.ബി.എ വിഭാഗത്തിന് വേണ്ടി എച്ച്.ഒ.ഡി വിധുശേഖർ മന്ത്രിയിൽ നിന്ന് മെമന്റോ ഏറ്റുവാങ്ങി. കോളേജ് യൂണിയൻ തയ്യാറാക്കിയ ബ്ലഡ് ഡോണേഴ്‌സ് ഡയറക്ടറി കമ്പസ് ഡയറക്ടർ പി.ടി ജോസഫിന് നൽകി മന്ത്രി പ്രകാശനം ചെയ്തു. കണ്ണൂർ യൂനിവേഴ്‌സിറ്റി പ്രൊ. വൈസ് ചാൻസലർ ഡോ ടി.അശോകൻ, യൂണിവേഴ്‌സിറ്റി സിന്റിക്കേറ്റംഗം എം.പ്രകാശൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ഓമന, യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ സി.പി ഷിജു, കമ്പസ് യൂണിയൻ ചെയർമാൻ അഭിജിത്ത് എസ്, വൈസ് ചെയർമാൻ വി.വി.വർഷ എന്നിവർ സംസാരിച്ചു.