Sorry, you need to enable JavaScript to visit this website.

കാസർക്കോട് തട്ടിക്കൊണ്ടുപോയ വിദ്യാർഥിയെ കണ്ടെത്തി

കാസർകോട്- ഹൊസങ്കടി മജിർപള്ളം കൊള്ളിയൂരിൽനിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാർഥിയെ കണ്ടെത്തി. മംഗളൂരു ബസ് സ്റ്റാന്റിൽനിന്നാണ് വിദ്യാർഥിയെ കണ്ടെത്തിയത്. മജിർപള്ളം അബൂബക്കറിന്റെ മകൻ ഹാരിസി(17)നെ കഴിഞ്ഞദിവസമാണ് സംഘം തട്ടിക്കൊണ്ടുപോയത്.  ഹാരിസിന്റെ അടുത്ത ബന്ധുക്കൾ ഉൾപ്പെട്ട മൂന്ന് കോടി രൂപയുടെ സ്വർണ്ണ ഇടപാട് തർക്കമാണ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കാൻ കാരണമെന്നാണ് തെളിയുന്നത്. 22 ന് രാവിലെ പത്ത് മണിക്ക് തട്ടികൊണ്ടുപോയ ഹാരിസിനെ കണ്ടെത്താനുള്ള അന്വേഷണം കർണാടകയിലേക്ക് വ്യാപിപ്പിച്ച പോലീസ് കർണാടക പോലീസിന്റെ സഹായം തേടിയിരുന്നു. ഹാരിസിന്റെ സഹോദരിയുടെ മൊഴി പ്രകാരം കണ്ടാലറിയാവുന്ന നാലുപേർക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തിരുന്നു. മഞ്ചേശ്വരം സി.ഐ ദിനേശിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഹൊസങ്കടി സ്വദേശിയായ പ്രവാസിയുമായി ഇടപാട് നടത്തുകയും ഇയാളുടെ കോടികൾ വിലവരുന്ന സ്വർണ്ണം തട്ടിയെടുക്കുകയും ചെയ്തതിന് പ്രതികാരമായാണ് ഹാരിസിനെ തട്ടിക്കൊണ്ടുപോയതെന്ന് പറയുന്നു. സ്വർണ്ണം നഷ്ടപ്പെട്ടയാൾ ഏർപ്പാടാക്കിയ ക്വട്ടേഷൻ സംഘമാണ് ഹാരിസിനെ കാറിൽ കയറ്റിക്കൊണ്ടുപോയത്. ഗൾഫിൽ നിന്ന് അധോലോക സംഘം നൽകിയ ക്വട്ടേഷൻ അനുസരിച്ചാണ് ഹാരിസിനെ തട്ടിക്കൊണ്ടുപോയതെന്ന് സംശയിക്കുന്നതായി മഞ്ചേശ്വരം പോലീസ് പറഞ്ഞു. സഹോദരിയേയും കൊണ്ട് സ്‌കൂട്ടറിൽ കൊള്ളിയൂർ പദവിലെ മദ്രസയിലേക്ക് പോകുമ്പോഴാണ് ഹാരിസിനെ തട്ടിക്കൊണ്ടുപോയത്. കറുത്ത മാരുതി കാറിലെത്തിയ സംഘം ഹാരിസ് ഓടിച്ച സ്‌കൂട്ടറിന് കുറുകെ കാർ ഇടുകയും ഹാരിസിനെ ബലമായി പിടിച്ചുകൊണ്ടുപോവുകയുമായിരുന്നു. മാസങ്ങൾക്ക് മുമ്പ് ഹാരിസിന്റെ അടുത്ത ബന്ധുക്കളെ ഗൾഫിൽ നിന്ന് നാലരകിലോ സ്വർണം ഒരാൾക്ക് കൈമാറാൻ ഏൽപ്പിച്ചിരുന്നുവത്രെ. യാത്രക്കിടെ തന്നെ പിന്തുടർന്നെത്തിയ കസ്റ്റംസ് സംഘം സ്വർണ്ണം കൊണ്ടുപോവുകയും കസ്റ്റംസ് സംഘത്തിന്റെ കയ്യിൽ നിന്ന് താൻ ഓടി രക്ഷപ്പെട്ടുവെന്നുമാണ് ബന്ധു സ്വർണ്ണം തന്നുവിട്ടയാളോട് പറഞ്ഞത്. പിന്നീട് ഗൾഫിലെ സംഘം സ്വർണ്ണം ആവശ്യപ്പെട്ട് ഹാരിസിന്റെ ബന്ധുക്കളെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.
 

Latest News