ദുബായ് ഹോട്ടലുകളില്‍ ഇനി കോളിഫ്‌ളവര്‍ കറിയും വാഴക്കൂമ്പു തോരനും കിട്ടില്ല, കാരണം...?

ദുബായ്- കോളിഫ്‌ളവര്‍ കറിയും വാഴക്കൂമ്പു തോരനും ഇനി ദുബായിലെ ഹോട്ടലില്‍ ചോദിക്കരുത്. പൂക്കള്‍ കൊണ്ടുള്ള ഭക്ഷണവിഭവങ്ങള്‍ ദുബായ് ഹോട്ടലുകളില്‍ വിളമ്പുന്നത് സര്‍ക്കാര്‍ നിരോധിച്ചു. ഇതോടെ ഏറ്റവും വലിയ പ്രയാസത്തിലാകുന്നത് മലയാളികളാകും.
നക്ഷത്രഹോട്ടലുകളിലടക്കം ലോകമെമ്പാടും വിളമ്പുന്ന കോളിഫ്‌ളവര്‍ കൊണ്ടുണ്ടാക്കുന്ന ഗോബി മഞ്ചൂരിയാന്‍ ഇനി ദുബായ് ഭക്ഷണശാലകളില്‍ ലഭിക്കാതാകും. മലയാളി ഹോട്ടലുകളില്‍ പലഭ്യമാകുന്ന വാഴക്കൂമ്പുതോരനും വിലക്കു വീഴും. വാഴക്കൂമ്പ്, മുരിങ്ങപ്പൂ, അഗസ്ത്യ ചീരപ്പൂ എന്നിവകൊണ്ട് ഉണ്ടാക്കുന്ന തോരന്‍ മലയാളികളടക്കമുള്ളവരുടെ ദക്ഷിണേന്ത്യന്‍ ഹോട്ടലുകളില്‍ ജനപ്രിയ കറികളാണ്. ഇവയെല്ലാം പൂക്കള്‍ കൊണ്ടുണ്ടാക്കുന്നതിനാലാണ് നിരോധം.
ദേശീയ ഭക്ഷ്യസുരക്ഷാ സമിതിയുടെ ശുപാര്‍ശകളനുസരിച്ചാണ് പുഷ്പഭക്ഷ്യവിഭവങ്ങള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിയത്.  ഭക്ഷ്യവിഭവങ്ങള്‍ക്ക് മാത്രമല്ല, പൂക്കള്‍ അടങ്ങുന്ന പാനീയങ്ങള്‍ക്കും വിലക്ക് ബാധകമാണ്. റോസാദളങ്ങള്‍ മുഖ്യ ഘടകമായ ഗുലാബ്ജാമുനും വിലക്ക് വീഴും. ചില രാജ്യക്കാര്‍ പപ്പായപ്പൂക്കള്‍ കൊണ്ടുള്ള നിരവധി സാധനങ്ങള്‍ ഉണ്ടാക്കാറുണ്ട്. ജമന്തിപ്പൂവ് ഉപയോഗിച്ചുള്ള വിനാഗിരിക്ക് നിരോധമുണ്ട്. ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്താണ് പുഷ്പം കൊണ്ടുള്ള ഭക്ഷ്യപാനീയങ്ങള്‍ക്ക് നിരോധം എന്നാണ് വിശദീകരണം.

 

Latest News