Sorry, you need to enable JavaScript to visit this website.

യു.എ.ഇ സൈന്യം യെമൻ വിടില്ല -അൻവർ ഗർഗാശ്‌

അബുദാബി - യു.എ.ഇ സൈന്യം യെമൻ വിടുന്നതിന് ആലോചിക്കുന്നില്ലെന്നും സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ ഭാഗമായി തുടരുമെന്നും യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ്. യെമനിലെ യു.എ.ഇ സൈന്യത്തെ പുനർവിന്യസിച്ചുവരികയാണ്. യു.എ.ഇയും സഖ്യസേനയും യെമൻ വിടില്ല. വ്യത്യസ്ത രീതിയിൽ തങ്ങൾ പ്രവർത്തിക്കും. അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി യെമൻ സൈന്യത്തിന് സഹായങ്ങളും മാർഗനിർദേശങ്ങളും നൽകുന്നത് യു.എ.ഇ സൈന്യം തുടരുമെന്നും ഡോ. അൻവർ ഗർഗാശ് പറഞ്ഞു.
തന്ത്രപരമായ കാരണങ്ങളാൽ യു.എ.ഇ സൈന്യത്തെ പുനർവിന്യസിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി യെമനിലെ ഏതാനും പ്രവിശ്യകളിൽ സൈന്യത്തെ കുറക്കുമെന്ന് ഈ മാസാദ്യം യു.എ.ഇ അറിയിച്ചിരുന്നു. യെമൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള പരസ്പര വിശ്വാസം കെട്ടിപ്പടുക്കുന്നതിനുള്ള നടപടിയായി യു.എ.ഇ ചുവടുവെപ്പിനെ ഹൂത്തികൾ കാണണമെന്ന് ഡോ. ഗർഗാശ് പറഞ്ഞു. യെമനിൽ സൈനിക നടപടി ആരംഭിച്ച അതേ രീതിയിൽ തന്നെ തുറന്ന മനസ്സോടെയാണ് യു.എ.ഇ സൈന്യത്തെ കുറക്കുന്നതും പുനർവിന്യസിക്കുന്നതും. എളുപ്പ വിജയമോ എളുപ്പത്തിലുള്ള സമാധാനമോ ഇല്ല. എന്നാൽ രാഷ്ട്രീയ പ്രക്രിയക്കുള്ള ഊന്നൽ വർധിപ്പിക്കണമെന്നതാണ് ഇപ്പോഴത്തെ ആവശ്യമെന്നും ഡോ. അൻവർ ഗർഗാശ് പറഞ്ഞു. 

Latest News