ഖത്തർ പ്രതിസന്ധി രൂക്ഷമാവുന്നു

  • ഖത്തറിനെതിരെ കൂടുതൽ നടപടികൾക്ക് സാധ്യത
  • ഉപാധികൾ അംഗീകരിക്കില്ലെന്ന് ഖത്തർ 

റിയാദ് - ഗൾഫ് മേഖലയിൽ രൂപപ്പെട്ട നയതന്ത്ര പ്രതിസന്ധി കൂടുതൽ രൂക്ഷമാവുന്നു. നയതന്ത്ര, വാണിജ്യ ബന്ധം പുനഃസ്ഥാപിക്കുന്നതിന് സൗദി അറേബ്യയും ബഹ്‌റൈനും ഈജിപ്തും യു.എ.ഇയും മുന്നോട്ടുവെച്ച ഉപാധികൾ പാലിക്കുന്നതിന് ഖത്തറിന് അനുവദിച്ച സമയം അവസാനിച്ചു. അൽജസീറ ചാനലും തുർക്കിയുടെ സൈനിക താവളവും അടച്ചുപൂട്ടണമെന്നും തീവ്രവാദ, ഭീകരവാദ സംഘടനകൾക്കും ഗ്രൂപ്പുകൾക്കുമുള്ള പിന്തുണ അവസാനിപ്പിക്കണമെന്നും ഖത്തർ പിന്തുണയുള്ള ഭീകരർ നടത്തിയ ആക്രമണങ്ങളിൽ നേരിട്ട നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും അടക്കമുള്ള പതിമൂന്നു ഉപാധികളാണ് നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന് നാലു രാജ്യങ്ങളും ഖത്തറിനു മുന്നിൽ വെച്ചത്. ഇവ പാലിക്കുന്നതിന് പത്തു ദിവസത്തെ സാവകാശവും ഖത്തറിന് നൽകി. ഈ സമയം ഇന്നലെ അവസാനിച്ചു. 
ഉപാധികൾ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ പശ്ചാത്തലത്തിൽ ഖത്തറിനെതിരെ സ്വീകരിക്കേണ്ട തുടർ നടപടികളെ കുറിച്ച് നാലു രാജ്യങ്ങളും ആലോചനകൾ ആരംഭിച്ചിട്ടുണ്ട്. ഖത്തറിനെ കൂടുതൽ ഒറ്റപ്പെടുത്തുകയും പ്രതിസന്ധിയിലാക്കുകയും ചെയ്യുന്ന കടുത്ത ബഹിഷ്‌കരണങ്ങൾക്കാണ് നാലു രാജ്യങ്ങളും നീക്കം നടത്തുന്നത്. ഖത്തറുമായുള്ള വാണിജ്യ ബന്ധത്തിൽ നിന്ന് ആഗോള കമ്പനികളെയും സ്ഥാപനങ്ങളെയും രാജ്യങ്ങളെയും വിലക്കുന്നതും ഗൾഫ് സഹകരണ കൗൺസിൽ അംഗത്വം മരവിപ്പിക്കുന്നതും അറബ്, ഇസ്‌ലാമിക ലോകത്ത് ഖത്തറിനെ ഒറ്റപ്പെടുത്തലും അടക്കമുള്ള നടപടികളെ കുറിച്ചാണ് നാലു രാജ്യങ്ങളും ആലോചിക്കുന്നത്. തങ്ങളുമായി വാണിജ്യ ബന്ധമുള്ള കമ്പനികളെയും സ്ഥാപനങ്ങളെയും ഖത്തറുമായി ഇടപാടുകൾ നടത്തുന്നതിൽ നിന്ന് വിലക്കുന്നതിനുള്ള സാധ്യത നാലു രാജ്യങ്ങളും പഠിക്കുന്നുണ്ട്. ഇതു പ്രകാരം ഖത്തറിനെയോ തങ്ങളെയോ തെരഞ്ഞെടുക്കുന്നതിന് ആഗോള കമ്പനികളോടും സ്ഥാപനങ്ങളോടും നാലു രാജ്യങ്ങളും ആവശ്യപ്പെടും. ഇതിന് വിസമ്മതിക്കുന്ന കമ്പനികളുമായുള്ള ഇടപാടുകൾ നാലു രാജ്യങ്ങളും നിർത്തിവെക്കും. ഈ പശ്ചാത്തലത്തിൽ സ്വാഭാവികമായും ഖത്തറിനെ കൈയൊഴിയുന്നതിനും തങ്ങൾക്ക് കൂടുതൽ ബിസിനസ് നേട്ടമുള്ള രാജ്യങ്ങളുടെ ചേരിക്കൊപ്പം നിൽക്കുന്നതിനും വിദേശ കമ്പനികൾ നിർബന്ധിതമാകും. ആഗോള തലത്തിൽ ഖത്തർ കക്ഷിയാവുകയും പങ്കാളിത്തം വഹിക്കുകയും ചെയ്യുന്ന ഏതു കാര്യങ്ങളുമായും സഹകരിക്കുന്നത് നിർത്തിവെക്കുന്നതിനും നാലു രാജ്യങ്ങൾക്കും നീക്കമുണ്ട്. 
അയൽ രാജ്യങ്ങൾ മുന്നോട്ടുവെച്ച ഉപാധികൾ അംഗീകരിക്കില്ലെന്ന് ഖത്തർ വിദേശ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനി പറഞ്ഞു. ഭീകര വിരുദ്ധ പോരാട്ടമല്ല, മറിച്ച് തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തിന്റെ അടിത്തറ തോണ്ടുന്നതിനാണ് ഉപാധികളിലൂടെയും മുന്നറിയിപ്പിലൂടെയും ഈ രാജ്യങ്ങൾ ലക്ഷ്യമിടുന്നതെന്നും ഖത്തർ വിദേശ മന്ത്രി പറഞ്ഞു. അറബ് രാജ്യങ്ങൾ മുന്നോട്ടുവെച്ച പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിന് ഖത്തർ സന്നദ്ധമാണ്. എന്നാൽ ഉപാധികൾ അംഗീകരിക്കില്ല. സംവാദത്തിന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത് അനുയോജ്യമായ ഉപാധികളോടെ ആയിരിക്കണം. തുർക്കി സൈനിക താവളവും അൽജസീറ ചാനലും അടച്ചുപൂട്ടുന്ന പ്രശ്‌നമില്ലെന്നും ഖത്തർ വിദേശ മന്ത്രി പറഞ്ഞു. 

Latest News