Sorry, you need to enable JavaScript to visit this website.

ചൈനയും യു.എ.ഇയും 16 ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു

ബീജിംഗ്- ചൈന സന്ദര്‍ശിക്കുന്ന അബുദാബി കിരീടാവകാശിയും യു.എ.ഇ ഡപ്യൂട്ടി കമാണ്ടര്‍ ഇന്‍ ചീഫ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യു.എ.ഇ-ചൈന സാമ്പത്തികഫോറം 16 ധാരണാ പത്രങ്ങളില്‍ ഒപ്പുവെച്ചു. പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ അഞ്ഞൂറോളം പ്രതിനിധികളാണ് സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്തത്.
ശൈഖ് മുഹമ്മദിന്റെ ചൈന സന്ദര്‍ശനത്തിന്റെ പ്രധാന ഭാഗമാണ് സാമ്പത്തിക ഫോറം. സുസ്ഥിര പങ്കാളിത്തം, സുസ്ഥിര വികസനം എന്ന തലക്കെട്ടിലാണ് ഫോറം സംഘടിപ്പിച്ചത്. ഇരു രാജ്യങ്ങളുടേയും വ്യാപാര പങ്കാളിത്തം ശക്തിപ്പെടുത്തുകയായിരുന്നു ഫോറത്തിന്റെ പ്രധാന ലക്ഷ്യം.
ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ യു.എ.ഇ പ്രധാന കേന്ദ്രമാകുമെന്നു ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. വാണിജ്യ വ്യാപാര മേഖലകളില്‍ വന്‍മുന്നേറ്റത്തിന് പദ്ധതി സഹായകമാകുമെന്നും ചൂണ്ടിക്കാട്ടി. നിര്‍മിതബുദ്ധി, 5ജി, അതിവേഗ റെയില്‍വേ തുടങ്ങിയവയില്‍ ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കും. ചൈനയും അറബ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കാന്‍ വഴിയൊരുക്കുന്നതാണ് ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി. മധ്യപൂര്‍വദേശം, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള ചൈനീസ് ചരക്കു നീക്കത്തിന്റെ പ്രധാനകേന്ദ്രമായി ദുബായ് മാറുമെന്നും മന്ത്രി പറഞ്ഞു.
ഊഷ്മളമായ വരവേല്‍പാണ് യു.എ.എ സംഘത്തിന് ചൈനയില്‍ ലഭിച്ചത്. സന്ദര്‍ശനത്തിന്റെ ഭാഗമായി ചൈനയിലെ വന്‍ മതിലില്‍ യുഎഇ കലാകാരന്മാര്‍ പരമ്പരാഗത നൃത്തമായ അല്‍ അയാല അവതരിപ്പിച്ചു. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് സെയിഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, വിദേശകാര്യ, രാജ്യാന്തര സഹകരണമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, അബുദാബി വിമാനത്താവളം ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്‌നൂന്‍ അല്‍ നഹ്‌യാന്‍ തുടങ്ങിയവരും യു.എ.ഇ സംഘത്തിലുണ്ട്. കഴിഞ്ഞവര്‍ഷം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങ് യു.എ.ഇയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

 

Latest News