ദുബായ്- നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള സ്മാര്‍ട്ട് ടണലിലൂടെ പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ രേഖയും ഹാജരാക്കാതെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യാന്‍ സംവിധാനം. സ്മാര്‍ട് ടണല്‍ പാതയിലൂടെ നടന്ന് പുറത്തിറങ്ങിയാല്‍ എമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കാമെന്നാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.
കഴിഞ്ഞ വര്‍ഷമാണ് സൂപ്പര്‍ സ്മാര്‍ട് ഗേറ്റ് പരീക്ഷണാര്‍ഥം ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി യാത്രക്കാര്‍ക്ക് തുറന്നു കൊടുത്തത്. അതിന് ശേഷം ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കാണ് ഈ സൗകര്യം ലഭിച്ചത്.
യാത്രാരേഖകളോ ഉദ്യോഗസ്ഥരുടെ സഹായമോ ഒന്നുമില്ലാതെ യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്ന സൂപ്പര്‍ സ്മാര്‍ട് ഗേറ്റ് ദുബായ് രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ മൂന്നിലെ ബിസിനസ് യാത്രക്കാരുടെ ഡിപാര്‍ചര്‍ ഭാഗത്താണ് ഒരുക്കിയിട്ടുള്ളത്.
പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് സ്റ്റാമ്പ് പതിക്കുകയോ എമിറേറ്റ്‌സ് ഐ.ഡി സ്മാര്‍ട് സിസ്റ്റത്തില്‍ പഞ്ചു ചെയ്യുകയോ വേണ്ടതില്ല. യാത്രക്കാര്‍ ടണലിലൂടെ നടന്നു നീങ്ങുമ്പോള്‍ അവിടെയുള്ള ക്യാമറയില്‍ ഒന്ന് നോക്കിയാല്‍ മാത്രം മതി, ഉടന്‍ എമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കാം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രകാരം പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ എമിഗ്രേഷന്‍ യാത്രാ സംവിധാനമാണ് ഇത്. യാത്രക്കാര്‍ സൂപ്പര്‍ സ്മാര്‍ട് ടണലിലൂടെ നടക്കുമ്പോള്‍ ഇതിലെ ബയോമെട്രിക് സംവിധാനം ആളുകളുടെ മുഖം തിരിച്ചറിഞ്ഞു സാങ്കേതിക സിസ്റ്റത്തിലുള്ള വിവരങ്ങളുടെ ക്യത്യത ഉറപ്പുവരുത്തുന്നു.






