ഖത്തർ പ്രതിസന്ധി തീർക്കാൻ  രാജ്യാന്തര നീക്കം സജീവം

റിയാദ്- ഖത്തർ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽഖലീഫ രാജാവുമായും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുമായും റഷ്യൻ പ്രസിഡന്റ് വ് ളാദിമിര്‍ പുടിൻ  ഫോണിൽ സംസാരിച്ചു. ചർച്ചയിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് പുടിൻ ആവശ്യപ്പെട്ടു. 
ഖത്തർ ഭീകരതയെ പിന്തുണക്കുന്നതിന് ഗൾഫ് രാജ്യങ്ങളുടെ പക്കൽ എമ്പാടും തെളിവുകളുണ്ടെന്ന് റഷ്യയിലെ യു.എ.ഇ അംബാസഡർ ഉമർ സൈഫ് ഗുബാശ് പറഞ്ഞു. ഈ തെളിവുകൾ ഗൾഫ് രാജ്യങ്ങൾ പരസ്യപ്പെടുത്താതിരിക്കുകയാണ്. കൂടുതൽ തെളിവുകൾ എന്താണ് പുറത്തുവിടാത്തതെന്ന് ചിലർ ആരായുന്നുണ്ട്. എന്നാൽ ഈ തെളിവുകൾ പുറത്തുവിടുന്നത് ഗുരുതരമായ ഭവിഷ്യത്തുക്കളുണ്ടാക്കും. ബ്രിട്ടനിൽ ഖത്തർ നടത്തിയ ഭീമമായ നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം ലിബിയയിലും ഇറാഖിലും സിറിയയിലുമുള്ള ഭീകര ഗ്രൂപ്പുകളുടെ കൈകളിലേക്കാണ് പോകുന്നതെന്നും ഉമർ ഗുബാശ് പറഞ്ഞു. 
ഖത്തർ എണ്ണ, ഗ്യാസ് കപ്പലുകളെ കടന്നുപോകുന്നതിന് ഗൾഫ് രാജ്യങ്ങൾ ഇപ്പോഴും അനുവദിക്കുന്നുണ്ട്. സാമ്പത്തിക ബഹിഷ്‌കരണം ഖത്തർ എണ്ണ, ഗ്യാസ് കപ്പലുകളെ ബാധിച്ചിട്ടില്ല. ഖത്തറും അയൽ രാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധി എണ്ണ വിപണിയിലേക്ക് എത്തിയിട്ടില്ല. ഇത് എണ്ണ വിപണിയിൽ എത്തുന്ന പക്ഷം എണ്ണ ലോഡുകൾ പുനഃക്രമീകരിക്കുന്നതിന് ഉപഭോക്തൃ രാജ്യങ്ങൾ നിർബന്ധിതമാകുമെന്ന് അമേരിക്കൻ ന്യൂസ് ഏജൻസിയായ ബ്ലൂംബെർഗ് പറഞ്ഞു. ഇപ്പോൾ മുന്നോട്ടുവെച്ച ഉപാധികളോട് ഖത്തർ അനുകൂലമായി പ്രതികരിക്കാതിരിക്കുന്ന പക്ഷം കൂടുതൽ കടുത്ത ഉപാധികൾ നാലു രാജ്യങ്ങളും മുന്നോട്ടു വെച്ചേക്കുമെന്ന് അമേരിക്കയിലെ സി.എൻ.ബി.സി ചാനൽ പറഞ്ഞു. പ്രതിസന്ധി ഖത്തറിൽ പ്രവർത്തിക്കുന്ന ആഗോള കമ്പനികളെ ബാധിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത് ദീർഘകാലം നീണ്ടുനിൽക്കുന്ന പക്ഷം ഖത്തർ വിടുന്നതിന് പല കമ്പനികളും നിർബന്ധിതമാകും. പ്രതിസന്ധി മൂലം ഖത്തറിലെ എണ്ണ, ഗ്യാസ് കമ്പനികളിലെ ജീവനക്കാരുടെ അവധികൾ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്. ബ്രിട്ടനിലെ അഞ്ചു പ്രധാന ബാങ്കുകൾ ഖത്തർ റിയാൽ ഇടപാടുകൾ നിർത്തിവെച്ചിട്ടുണ്ട്. അതേസമയം, ഖത്തറിനെതിരെ തങ്ങൾ സ്വീകരിച്ച നടപടിയുടെ നിയമസാധുത നാലു രാജ്യങ്ങളും ലോക വാണിജ്യ സംഘടനയെ അറിയിച്ചു. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആഗോള തലത്തിൽ നടത്തുന്ന നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണ് തങ്ങളുടെ നടപടിയുടെ നിയമ സാധുത നാലു രാജ്യങ്ങളും ലോക വാണിജ്യ സംഘടനയെ ബോധ്യപ്പെടുത്തിയത്. 

Latest News